കുവൈത്ത് സിറ്റി: ഏഷ്യൻ ഗെയിംസിൽ കുവൈത്തിന് വീണ്ടും മെഡൽനേട്ടം. കരാട്ടേ കാറ്റ മത്സരത്തിൽ കുവൈത്ത് ടീം വെങ്കലം നേടി. സൽമാൻ അൽ മുസാവായ്, മുഹമ്മദ് അൽ മുസാവായ്, മുഹമ്മദ് ഹുസൈൻ എന്നിവർ അടങ്ങിയ ടീമാണ് വെങ്കലമെഡൽ നേടിയത്. ഇതോടെ 19ാമത് ഏഷ്യൻ ഗെയിംസിൽ കുവൈത്തിന്റെ മൊത്തം മെഡൽനേട്ടം 11 ആയി. മൂന്നു സ്വർണം, നാലു വെള്ളി, നാലു വെങ്കലം എന്നിങ്ങനെയാണ് കുവൈത്തിന്റെ ഇതുവരെയുള്ള നേട്ടം.
ഈ വിജയം കൈവരിക്കുന്നതിന് കായികതാരങ്ങളുടെയും സാങ്കേതിക, അഡ്മിനിസ്ട്രേറ്റിവ് സ്റ്റാഫിന്റെയും പരിശ്രമങ്ങൾ സഹായിച്ചതായി കുവൈത്ത് കരാട്ടേ ടീം ഡയറക്ടർ ജാബർ ഹമ്മദ് ചൂണ്ടിക്കാട്ടി.
അതേസമയം, വനിത കരാട്ടേ കുമിതെ 50 കിലോ മത്സരത്തിൽ കുവൈത്തിന്റെ ദലാൽ അൽ സയീദ് 16ാം റൗണ്ടിൽ പുറത്തായി. ജാപ്പനീസ് എതിരാളി മിഹോ മിയാഹാരക്കെതിരെയായിരുന്നു മത്സരം. നേരത്തേ ഷൂട്ടിങ്ങിൽ അബ്ദുല്ല അൽ തറാഖി, 110 മീറ്റർ ഹർഡ്ൽസിൽ യാക്കൂബ് അൽ യൂഹ, കരാട്ടേ താരം ഫഹദ് അൽ അജ്മി എന്നിവർ സ്വർണവും അമ്പെയ്ത്തിൽ അബ്ദുല്ല അൽ തറാഖി-ഇമാൻ അൽ ഷമ സഖ്യം.
ഷൂട്ടിങ് ട്രാപ് ടീമായ തലാൽ അൽ തറാഖി, ഖാലിദ് അൽ മുദാഫ്, അബ്ദുൽ റഹ്മാൻ അൽ ഫൈഹാൻ, ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ തലാൽ അൽ തറാഖി, കരാട്ടേ കുമിത്തെ വിഭാഗത്തിൽ അബ്ദുല്ല ഷഅബാൻ എന്നിവർ കുവൈത്തിനായി വെള്ളിയും നേടി. ഫെൻസിങ്ങിൽ യൂസഫ് അൽ ഷംലാൻ, കരാട്ടേയിൽ സയ്യിദ് സൽമാൻ അൽ മൗസാവി, ഹാൻഡ്ബാൾ ടീം എന്നിവരാണ് വെങ്കല മെഡൽ നേട്ടത്തിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.