ഹാങ്ചോ: ഏഷ്യൻ ഗെയിംസ് വനിത ലോങ് ജമ്പിൽ വെള്ളി നേടി മലയാളി താരം ആൻസി സോജൻ. അഞ്ചാം ശ്രമത്തിൽ 6.63 മീറ്റർ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. കരിയറിലെ മികച്ച ദൂരമാണ് ഏഷ്യൻ ഗെയിംസിൽ താണ്ടിയത്. 6.73 മീറ്റർ ചാടിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വർണം. 6.48 മീറ്റർ ചാടിയ മറ്റൊരു ഇന്ത്യൻ താരം ഷൈലി സിങ് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.
4x400 മീറ്റർ മിക്സഡ് റിലേയിലും ഇന്ത്യക്ക് വെള്ളി ലഭിച്ചു. ബഹ്റൈൻ ഒന്നാമതെത്തിയപ്പോൾ ശ്രീലങ്കയാണ് രണ്ടാമത് ഫിനിഷ് ചെയ്തത്. അവസാന ലാപ്പിലെ കുതിപ്പിലൂടെ ലങ്കക്കാർ പിന്തള്ളിയതോടെ ഇന്ത്യക്ക് വെങ്കലമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാൽ, ശ്രീലങ്കൻ ടീമിനെ അയോഗ്യരാക്കിയതോടെ ഇന്ത്യ വെള്ളിമെഡൽ തിളക്കത്തിലേറുകയായിരുന്നു. മുഹമ്മദ് അജ്മൽ, രാംരാജ് വിദ്യ, രമേശ് രാജേഷ്, വെങ്കടേഷൻ ശുഭ എന്നിവരടങ്ങുന്ന ടീമാണ് മെഡൽ നേട്ടത്തിലെത്തിയത്.
നേരത്തെ വനിതകളുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ ഇന്ത്യക്ക് വെള്ളിയും വെങ്കലവും ലഭിച്ചിരുന്നു. കരിയർ ബെസ്റ്റ് പ്രകടനവുമായി (9:27.63) പരുൾ ചൗധരി വെള്ളി നേടിയപ്പോൾ പ്രീതി ലംബ തൊട്ടുപിന്നിലായി ഫിനിഷ് ചെയ്തു. ബഹ്റൈന്റെ വിൻഫ്രഡ് യാവിക്കാണ് സ്വർണം. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്ൾചേസിൽ കഴിഞ്ഞ ദിവസം അവിനാഷ് സാബ്ലെ ഇന്ത്യക്കായി സ്വർണം നേടിയിരുന്നു.
തിങ്കളാഴ്ച സ്കേറ്റിങ്ങിലെ രണ്ട് വെങ്കല മെഡലോടെയാണ് ഇന്ത്യ തുടക്കം കുറിച്ചത്. വനിതകളുടെയും പുരുഷന്മാരുടെയും 3000 മീറ്റർ സ്പീഡ് സ്കേറ്റിങ് റിലേ ടീമിനത്തിലാണ് വെങ്കലം നേടിയത്. പുരുഷന്മാരിൽ അനന്ത്കുമാർ വേൽകുമാർ, സിദ്ധാന്റ് രാഹുൽ കാംെബ്ല, വിക്രം രജീന്ദ്ര ഇനാഗലെ എന്നിവരടങ്ങുന്ന സംഘവും വനിതകളിൽ കാർത്തിക ജഗദീശ്വരൻ, ഹീരാൽ സന്ധു, ആരതി കസ്തൂരി രാജ് എന്നിവരുമാണ് വെങ്കലം നേടിയത്.
ടേബിൾ ടെന്നിസിൽ സുതിർത്ഥ മുഖർജി-ഐഹിക മുഖർജി സഖ്യത്തിന്റെ വെങ്കലമാണ് തിങ്കളാഴ്ചത്തെ മറ്റൊരു മെഡൽ നേട്ടം. പുരുഷ ഹോക്കിയിൽ ബംഗ്ലാദേശിനെ എതിരില്ലാത്ത 12 ഗോളിന് തോൽപിച്ച് സെമിയിലെത്തിയ ഇന്ത്യൻ ടീം മെഡൽ ഉറപ്പാക്കിയിട്ടുണ്ട്. നിലവിൽ 13 സ്വർണവും 24 വെള്ളിയും 23 വെങ്കലവും അടക്കം 60 മെഡലുകളാണ് ഇന്ത്യയുടെ സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.