ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തിയുള്ള അമിത് ഷായുടെ പ്രസ്താവനയെ ട്രോളി ചെക്-അമേരിക്കൻ ടെന്നീസ് ഇതിഹാസം മാർട്ടിന നവരത്ലോവ.
തനിക്ക് അറിയാവുന്നതിൽ വെച്ച് ഏറ്റവും വലിയ ജനാധിപത്യവാദിയാണ് നരേന്ദ്ര മോദിയെന്ന അമിത് ഷായുടെ പ്രസ്താവനയൊണ് നവരത് ലോവ ട്രോളിയത്. ഇതാ അടുത്ത തമാശയെന്ന തലക്കെട്ടോടെയാണ് പ്രസ്താവനയുടെ വാർത്ത നവരത്ലോവ പങ്കുവെച്ചത്. ഇതിന് പിന്നാലെ പ്രതിഷേധവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തി.
മുൻ ലോക ഒന്നാം നമ്പർ താരമായ നവരത്ലോവ 18 ഗ്രാൻഡ് സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യൻ ടെന്നീസ് താരം ലിയാണ്ടർ പേസിനൊപ്പം മിക്സഡ് ഡബിൾസിലും നവരത്ലോവ കളത്തിലിറങ്ങിയിട്ടുണ്ട്.
സർക്കാറിന്‍റെ സൻസദ് ടിവി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അമിത് ഷാ മോദിയെ പുകഴ്ത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വേച്ഛാധിപതിയാണെന്ന ആരോപണം ഉണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമിത് ഷാ.
'മോദിജിയോടൊപ്പം പ്രതിപക്ഷത്തും ഭരണപക്ഷത്തും പ്രവർത്തിക്കാൻ എനിക്ക് അവസരം ലഭിച്ചു. അദ്ദേഹത്തെപ്പോലെ എല്ലാം ശ്രദ്ധയോടെ കേൾക്കുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. ഏത് യോഗത്തിലായാലും മോദിജി ആവശ്യത്തിന് മാത്രം സംസാരിക്കുകയും ക്ഷമയോടെ എല്ലാവരെയും കേൾക്കുകയും ചെയ്യുന്നു. അദ്ദേഹം വ്യക്തികളുടെ അഭിപ്രായത്തിന്‍റെ മൂല്യമാണ് പരിഗണിക്കുക. അല്ലാതെ, പറയുന്നയാളുടെ വ്യക്തിത്വത്തിന്റെ വലിപ്പച്ചെറുപ്പമല്ല. തുടർന്നാണ് തീരുമാനം എടുക്കുക. അതിനാൽ അദ്ദേഹം സ്വേച്ഛാധിപതിയാണെന്ന ആരോപണത്തിൽ യാതൊരു കഴമ്പുമില്ല" -അമിത് ഷാ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.