ഇഷ സിങ് (ഇടത്ത്) പലക് ഗുലിയ (നടുവിൽ) എന്നിവർ ആഹ്ലാദം പങ്കിടുന്നു

ഷൂട്ടിങ്ങിൽ മെഡലൊഴുക്ക്; 10 മീറ്റർ എയർ പിസ്റ്റളിൽ പലക് ഗുലിയക്ക് സ്വർണം, ഇഷ സിങ്ങിന് വെള്ളി

ഹാങ്ചോ: ഏഷ്യൻ ഗെയിംസിൽ വെള്ളിയാഴ്ച ഇന്ത്യക്ക് മെഡൽ കൊയ്ത്ത്. ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ പുരുഷ ടീം ലോക റെക്കോഡോടെ സ്വർണവും വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ടീം ഇനത്തിൽ വെള്ളിയും നേടിയതിന് പിന്നാലെ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തിഗത ഇനത്തിൽ ഇന്ത്യയുടെ പലക് ഗുലിയ സ്വർണവും ഇഷ സിങ് വെള്ളിയും നേടി. പാകിസ്താന്റെ തലത് കിഷ്മലക്കാണ് വെങ്കലം. ഗെയിംസിലെ ഇന്ത്യയുടെ എട്ടാം സ്വർണമാണിത്.

ഷൂട്ടിങ്ങിൽ 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വിഭാഗത്തിൽ ഐശ്വരി പ്രതാപ് സിങ് തോമർ, സ്വപ്നിൽ കുശേൽ, അഖിൽ ഷിയോറാൻ എന്നിവരടങ്ങിയ ടീമാണ് വെള്ളിയാഴ്ച ഇന്ത്യക്കായി ആദ്യ സ്വർണം നേടിയത്. 1769 സ്കോറുമായായിരുന്നു ഇന്ത്യൻ ടീമിന്റെ സുവർണ നേട്ടം. കഴിഞ്ഞ വർഷം പെറുവിൽ യു.എസ് ഷൂട്ടർമാർ സ്ഥാപിച്ച റെക്കോഡിനേക്കാൾ എട്ട് സ്കോർ അധികം നേടിയാണ് ഇന്ത്യൻ ടീം ചരിത്രം കുറിച്ചത്. ചൈന വെള്ളിയും കൊറിയ വെങ്കലവും നേടി. 50 മീറ്റർ റൈഫിൾ 3 പൊസിഷൻ വ്യക്തിഗത ഇനത്തിൽ ഐശ്വരി പ്രതാപ് സിങ് തോമർ വെള്ളി നേടി. ചൈയുടെ ഡു ലിൻഷു സ്വർണം നേടിയപ്പോൾ ഇന്ത്യയുടെ സ്വപ്നിൽ കുശേൽ നാലാമതായി.

ടെന്നിസിൽ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രാംകുമാർ രാമനാഥൻ-സാകേത് മൈനേനി സഖ്യം വെള്ളി നേടി. സ്വർണ പ്രതീക്ഷയുമായി ഇറങ്ങിയ ടീം ഫൈനലിൽ ചൈനീസ് തായ്പേയുടെ ജേസൻ-സ്യൂ സഖ്യത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുകയായിരുന്നു. സ്കോർ: 6-4, 6-4. മിക്സഡ് ഡബിൾസിൽ രോഹൻ ബൊപ്പണ്ണയും ബൊസാലെയും ചേർന്ന സഖ്യം സെമിയിലെത്തിയിട്ടുണ്ട്.

സ്ക്വാഷിൽ വനിതകളുടെ ടീം ഇനത്തിൽ ഇന്ത്യക്ക് വെങ്കലം ലഭിച്ചു. സെമിഫൈനലിൽ ഹോങ് കോങ്ങിനോട് 2-1ന് പരാജയപ്പെടുകയായിരുന്നു. ജോഷ്ന ചിന്നപ്പ, അനഹട്ട് സിങ്, തൻവി ഖന്ന എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കായി ഇറങ്ങിയത്. 

വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ ഇഷ സിങ്, പലക്, ദിവ്യ തഡിഗോൾ എന്നിവരടങ്ങിയ സംഘമാണ് വെള്ളി നേടിയത്. 1731 സ്കോർ നേടിയാണ് വെള്ളിയാഴ്ചത്തെ ഇന്ത്യയുടെ ആദ്യ മെഡൽ സ്വന്തമാക്കിയത്. 

Tags:    
News Summary - Medal flow again in shooting; Gold for Palak Gulia, Silver for Isha Singh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.