തല്ലാണ് ഐറ്റം, പക്ഷേ ചിരിച്ചുകൊണ്ടുവേണമെന്ന് മാത്രം. ദേശീയ ഗെയിംസിൽ അരങ്ങേറിയ പെൻകാക് സിലാട്ടിലാണ് കൗതുക കളി നിയമങ്ങൾ. മാർഷൽ ആർട്സ് വിഭാഗത്തിൽപെടുന്ന കായികഇനമായ പെൻകാക് സിലാട്ടിൽ കൈയും കാലും ഉപയോഗിച്ച് പരസ്പരം ‘തല്ലുകയാണ്’. എന്നാൽ, തൊഴിക്കുന്നതിനും ഇടിക്കുന്നതിനും ഇടയിൽ എതിരാളിയോട് ദേഷ്യപ്പെട്ടാൽ പോയന്റ് കുറയും. എതിരാളിയുടെ നെഞ്ചിലേക്ക് പഞ്ച് ചെയ്യുമ്പോഴും മുഖത്തുവേണം ചിരി. മത്സരം ആരംഭിക്കുമ്പോഴും ഇടവേളകളിലുമെല്ലാം മത്സരം നിയന്ത്രിക്കുന്ന ഓഫീഷ്യലുകളെ തൊഴുകൈയോടെ ആദരം പ്രകടിപ്പിക്കുന്നു. പോരാട്ടത്തിനുശേഷം എതിർ പരിശീലകന്റെ അടുത്തെത്തി അനുഗ്രഹം തേടുന്ന കൗതുകകാഴ്ചയും കോർട്ടിൽ കാണാം.
പരമ്പരാഗത ഇന്തോനേഷ്യൻ ആയോധന കലയായ ഇത് 2018 ഏഷ്യന്‍ ഗെയിംസിൽ മത്സരയിനമായി. ഇതോടെ ശുക്രൻ തെളിഞ്ഞു. ഇന്ത്യ അടക്കം ഏഷ്യൻ രാജ്യങ്ങളിലേക്കെല്ലാം പടർന്നുകയറി. എന്നാൽ, ഒളിമ്പിക്സിന് പുറത്താണിപ്പോഴും. രാജ്യത്ത് ജമ്മു കേന്ദ്രീകരിച്ചായിരുന്നു ഇതിന്റെ വളർച്ച. ജമ്മു ആസ്ഥാനമായ പെൻകാക് സിലാട്ട് ഫെഡറേഷനാണ് ഇപ്പോൾ കളി നിയന്ത്രണം. ഇത്തവണത്തെ ദേശീയ ഗെയിംസിന്റെ ഭാഗമായതോടെ കൂടുതൽ വളർച്ചയുണ്ടാകുമെന്നാണ് ഫെഡറേഷന്റെ പ്രതീക്ഷ.
ആയോധന കലയാണെങ്കിലും മത്സരിക്കുന്നവര്‍ തമ്മില്‍ പരസ്പരം ബഹുമാനത്തോടെ മാത്രമേ പോരാട്ടം നടത്താവൂവെന്നതാണ് നിയമം. ആക്രോശങ്ങളോ ദേഷ്യമോ പാടില്ല. ഇത് ലംഘിച്ചാൽ മൈനസ് പോയന്റ് ഉറപ്പ്. മത്സരത്തില്‍ നെഞ്ചിന് നേരേ മാത്രമെ അറ്റാക്ക് ചെയ്യാന്‍ സാധിക്കൂ. കൈയും, കാലും ഉപയോഗിച്ച് എതിരാളിയെ കീഴ്പ്പെടുത്താം. ക്വിക്ക്, പഞ്ച്, സ്ലിപ്പ്, ക്രോസ് എന്നിങ്ങനെയാണ് അറ്റാക്കുകള്‍. തൂക്കം അനുസരിച്ച് വിവിധ വിഭാഗങ്ങളിലായി നടക്കുന്ന മത്സരം മൊത്തം ആറ് മിനിറ്റാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.