സൂറിക്: ടോക്യോ ഒളിമ്പിക്സിൽ സ്വർണവുമായി ഇന്ത്യയുടെ സുവർണ അത്ലറ്റായി മാറിയ നീരജ് ചോപ്ര ഡയമണ്ട് ലീഗ് ജേതാവായി ഭാരതത്തിന്റെ രത്നമായിരിക്കുന്നു. നീരജ് ജയിക്കാനായി ജനിച്ചവനാണ്. പരിക്കുമൂലം സീസണിൽ ഇനി ഫീൽഡിലിറങ്ങിയേക്കില്ലെന്ന് കരുതിയേടത്തുനിന്ന് ഉയിർത്തെഴുന്നേറ്റ ഇന്ത്യയുടെ ഏക അത്ലറ്റിക് ഒളിമ്പിക് ചാമ്പ്യൻ ഇപ്പോഴിതാ മറ്റൊരു ഇന്ത്യൻ താരവും എത്തിപ്പിടിക്കാത്ത നേട്ടത്തിലേക്ക് ജാവലിൻ പായിച്ചിരിക്കുന്നു. സ്വിറ്റ്സർലൻഡിലെ സൂറിക്കിൽ നടന്ന ഡയമണ്ട് ലീഗ് ഫൈനൽസിൽ സ്വർണം നേടിയ നീരജിന്റേത് അവിശ്വസനീയ കുതിപ്പായിരുന്നു.
ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളി നേടിയ നീരജ് മത്സരത്തിനിടയിലേറ്റ പരിക്കിനെ തുടർന്ന് പിന്നീട് വിശ്രമത്തിലായിരുന്നു. പിന്നാലെ കോമൺവെൽത്ത് ഗെയിംസും അദ്ദേഹത്തിന് നഷ്ടമായി. എന്നാൽ, ആഗസ്റ്റ് 26ന് ലൂസെയ്നിൽ നടന്ന അവസാന ഡയമണ്ട് ലീഗ് മീറ്റിൽ സ്വർണം നേടിയ നീരജ് ആ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമായി. അതുവഴി ഡയമണ്ട് ലീഗ് ഫൈനൽസിന് യോഗ്യത നേടിയ നീരജ് സൂറിക്കിൽ ചരിത്രം കുറിക്കുകയും ചെയ്തു.
സൂറിക്കിൽ ആദ്യ ത്രോ ഫൗൾ ആയതിനുശേഷം രണ്ടാം ശ്രമത്തിൽ 88.44 മീ. ദൂരത്തേക്ക് ജാവലിൻ പായിച്ചാണ് നീരജ് സ്വർണം നേടിയത്. 88 മീ., 86.11 മീ., 87 മീ., 83.60 മീ. എന്നിങ്ങനെയായിരുന്നു നീരജിന്റെ മറ്റു ദൂരങ്ങൾ. ഒളിമ്പിക്സിൽ നീരജിന്റെ പിന്നിൽ വെള്ളി നേടിയ നേടിയ ചെക് റിപ്പബ്ലിക്കിന്റെ യാകൂബ് വാദ് ലെയ്ച് (86.94 മീ.) രണ്ടാം സ്ഥാനവും ജർമനിയുടെ ജൂലിയൻ വെബർ (83.73 മീ.) മൂന്നാം സ്ഥാനവും നേടി.
ഡയമണ്ട് ട്രോഫിക്കു പുറമെ 30,000 ഡോളർ സമ്മാനത്തുകയും 2023ൽ ഹംഗറിയിലെ ബുഡാപെസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിനുള്ള വൈൽഡ് കാർഡ് എൻട്രിയും നീരജ് സ്വന്തമാക്കി. 85.20 മീറ്ററിന്റെ ലോക ചാമ്പ്യൻഷിപ് യോഗ്യതാ മാർക്ക് നീരജ് നേരത്തേ മറികടന്നിട്ടുണ്ട്.
നീരജിന്റെ മൂന്നാമത് ഡയമണ്ട് ലീഗ് ഫൈനൽസായിരുന്നു സൂറിക്കിലേത്. 2017ൽ ഏഴാം സ്ഥാനവും 2018ൽ നാലാം സ്ഥാനവുമായിരുന്നു നീരജിന്റെ നേട്ടം. 2022ലെ ടോക്യോ ഒളിമ്പിക്സിൽ സ്വർണവുമായി ഇന്ത്യൻ അത്ലറ്റിക്സിൽ പുതുചരിത്രം രചിച്ച നീരജ് ഈ വർഷം ഒറിഗോൺ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളിയും സ്വന്തമാക്കിയിരുന്നു. അവിടെ സ്വർണം നേടിയ ഗ്രാനഡയുടെ ആൻഡേഴ്സൺ പീറ്റേഴ്സ് പരിക്കുമൂലം സൂറിക്കിൽ മത്സരിച്ചിരുന്നില്ല.
അന്ന് സുവർണ അഞ്ജു ഇന്ന് നീരജ രത്നം
സൂറിക്കിലെ സുവർണ നേട്ടവുമായി നീരജ് ചോപ്ര ഇന്ത്യയുടെ അഭിമാന താരമായപ്പോൾ 17 വർഷം മുമ്പ് സമാന നേട്ടം കൈവരിച്ച അഞ്ജു ബോബി ജോർജിനും ഇത് ഓർമകളിലെ സുവർണ നിമിഷം. ഡയമണ്ട് ലീഗ് നിലവിൽ വരുന്നതിനുമുമ്പുള്ള സമാന ചാമ്പ്യൻഷിപ്പായ ലോക അത്ലറ്റിക്സ് ഫൈനൽസിൽ 2005ൽ അഞ്ജു സ്വർണം നേടിയിരുന്നു. മൊണാകോയിലെ മോണ്ടെകാർലോയിൽ നടന്ന ഫൈനൽസിൽ 6.75 മീറ്റർ ചാടിയായിരുന്നു അഞ്ജുവിന്റെ നേട്ടം.
നീരജിനെ അഭിനന്ദിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട അഞ്ജു തന്റെ നേട്ടം ഓർമിപ്പിക്കുകയും ചെയ്തു. 'ഡയമണ്ട് ലീഗ് സ്വർണം നേടിയ നീരജ് ചോപ്രക്ക് അഭിനന്ദനങ്ങൾ. 2005ൽ ഞാൻ സ്വർണം നേടിയപ്പോൾ ചാമ്പ്യൻഷിപ്പിന്റെ പേര് ഗോൾഡൻ ലീഗ് (ലോക അത്ലറ്റിക്സ് ഫൈനൽസ്) എന്നായിരുന്നു. അന്നത്തെ സ്വർണമിപ്പോൾ രത്നമായിരിക്കുന്നു' -അഞ്ജുവിന്റെ വാക്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.