ന്യൂഡൽഹി: ലോക റാങ്കിന്റെ അടിസ്ഥാനത്തിൽ ഒമ്പത് ഇന്ത്യൻ താരങ്ങൾക്കുകൂടി പാരിസ് ഒളിമ്പിക്സ് യോഗ്യത. ഇതോടെ 16 പേർ വ്യക്തിഗത ഇനങ്ങളിലും മൂന്ന് റിലേ ടീമുകളും രാജ്യത്തെ പ്രതിനിധാനം ചെയ്യും. മലയാളി ട്രിപ്പ്ൾ ജംപ് താരം കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുല്ല അബൂബക്കർ അടക്കമുള്ളവരാണ് ഒടുവിൽ ടിക്കറ്റെടുത്തത്.
പുരുഷ ജാവലിൻ ത്രോയിൽ ഡി.പി മനുവും ലോക റാങ്കിന്റെ ബലത്തിൽ യോഗ്യത നേടിയിട്ടുണ്ടെങ്കിലും താരത്തിന് ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ഏർപ്പെടുത്തിയ സസ്പെൻഷൻ നിലനിൽക്കുന്നതിനാൽ അന്തിമ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. ലോങ് ജംപിൽ യോഗ്യത മാർക്ക് കടന്ന മലയാളി എം. ശ്രീശങ്കർ പരിക്കുമൂലം പിന്മാറിയിട്ടുണ്ട്.
വനിത 5000 മീറ്ററിൽ പാരുൾ ചൗധരി, 100 മീ. ഹർഡ്ൽസിൽ ജ്യോതി യാരാജി, ഷോട്ട്പുട്ടിൽ അഭ ഖാതുവ, ജാവലിൻ ത്രോയിൽ അന്നു റാണി, പുരുഷ ഹൈജംപിൽ സർവേഷ് കുശാരെ, ഷോട്ട്പുട്ടിൽ തജീന്ദർപാൽ സിങ് ടൂർ, ട്രിപ്പ്ൾ ജംപിൽ പ്രവീൺ ചിത്രവേൽ എന്നിവരും റാങ്കിൽ കടന്നു.
ജാവലിൻ ത്രോയിൽ നിലവിലെ ചാമ്പ്യൻ നീരജ് ചോപ്ര, 3000 മീ. സ്റ്റീപ്പ്ൾ ചേസ് വനിതകളിൽ പാരുൾ ചൗധരി, പുരുഷന്മാരിൽ അവിനാശ് സാബ് ലേ, വനിത 400 മീറ്ററിൽ കിരൺ പാഹൽ, 20 കി.മീ നടത്തം വനിതകളിൽ പ്രിയങ്ക, 4x400 മീ. പുരുഷ -വനിത ടീമുകൾ, മാരത്തൺ നടത്തം മിക്സഡ് റിലേ ടീമുകൾ എന്നിവർ യോഗ്യത മാർക്ക് പിന്നിട്ട് ഇതിനകം യോഗ്യത നേടിയവരാണ്. പുരുഷ 20 കി.മീ. നടത്തത്തിൽ അക്ഷദീപ്, റാം ബാബു, വികാഷ് സിങ് എന്നിവരും യോഗ്യത മാർക്ക് കടന്നിട്ടുണ്ടെങ്കിലും മൂന്നുപേരെയും പാരിസിലേക്കയക്കാൻ സാധ്യത കുറവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.