സ്റ്റാവഞ്ചർ: നോർവേ ചെസ് ടൂർണമെന്റിൽ ലോക ഒന്നാം നമ്പർ താരം മാഗ്നസ് കാൾസനെ അട്ടിമറിച്ച് ലീഡ് തുടർന്ന് ഇന്ത്യയുടെ കൗമാരതാരം രമേഷ് ബാബു പ്രഗ്നാനന്ദ. മൂന്നാം റൗണ്ടിലാണ് ചെന്നൈ സ്വദേശിയുടെ വിജയം. ക്ലാസിക്കൽ ചെസിൽ ഇതാദ്യമായാണ് പ്രഗ്നാനന്ദ കാൾസനെ തോൽപിക്കുന്നത്. വെള്ളക്കരുക്കളുമായി കളിച്ച താരം വിജയത്തോടെ 5.5 പോയന്റോടെ ഒന്നാം സ്ഥാനം നിലനിർത്തി. യു.എസ് ഗ്രാൻഡ്മാസ്റ്റർ ഫാബിയോ കരുവാനയാണ് (5) രണ്ടാമത്.
37 നീക്കങ്ങൾക്കൊടുവിലാണ് ആതിഥേയ താരമായ കാൾസനെതിരെ പ്രാഗ് ജയം പിടിച്ചത്. മുമ്പ് മൂന്നു തവണ കാൾസനെ പ്രഗ്നാനന്ദ തോൽപിച്ചിരുന്നു. അതുപക്ഷേ വേഗ ഫോർമാറ്റിലും ഓൺലൈനിലുമായിരുന്നു. നീക്കങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ സമയം അനുവദിക്കുന്ന ഗെയിമുകളാണ് ക്ലാസിക്കല്‍ ചെസ്. മുമ്പ് മൂന്നു തവണ ക്ലാസിക്കല്‍ ചെസില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോൾ സമനിലയിലാണ് അവസാനിച്ചത്. ഇക്കുറി പലവട്ടം പിന്നിൽപോയശേഷം ജയിച്ചുകയറുകയായിരുന്നു പ്രാഗ്. ക്ലാസിക്കൽ ചെസിൽ കാൾസനെ തോൽപിക്കുന്ന നാലാമത്തെ ഇന്ത്യൻ താരവുമായി 18കാരൻ. പരാജയത്തോടെ കാൾസൻ (3) അഞ്ചാം സ്ഥാനത്തേക്ക് വീണു. കഴിഞ്ഞ ലോകകപ്പ് ഫൈനലിൽ പ്രഗ്നാനന്ദയെ തോൽപിച്ചാണ് കാൾസൻ ജേതാവായത്. മറ്റൊരു മത്സരത്തിൽ അമേരിക്കക്കാരൻ ഹികാരു നാകമുര ഫ്രാൻസിന്റെ അലിറെസ ഫിറൗജയെ വീഴ്ത്തി.
അതേസമയം, വനിത വിഭാഗത്തിൽ പ്രഗ്നാനന്ദയുടെ സഹോദരികൂടിയായ ഇന്ത്യൻ താരം ആർ. വൈശാലിയും 5.5 പോയന്റോടെ ഒന്നാം സ്ഥാനത്തുണ്ട്. യുക്രെയ്നിന്റെ അന്ന മുസിചുകിനോട് മൂന്നാം റൗണ്ടിൽ സമനിലയിലായി വൈശാലി. 1,60,000 ഡോളർ സമ്മാനത്തുകയുള്ള നോർവേ ചെസിൽ ഓപ്പൺ, വനിത വിഭാഗങ്ങളിൽ മത്സരമുണ്ട്. മേയ് 27 മുതൽ ജൂൺ ഏഴുവരെ നടക്കുന്ന ടൂർണമെന്റിൽ മത്സരാർഥികൾ പരസ്പരം രണ്ടു തവണ ഏറ്റുമുട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.