പാരിസ്: ശനിയാഴ്ച പാരിസ് മാസ്റ്റേഴ്സ് സെമി ഫൈനൽ മത്സരത്തിനിടെ സൂപർ താരം നൊവാക് ദ്യോകോവിച്ചിന് കുടിക്കാനായി രഹസ്യ പാനീയം തയാറാക്കുന്നുവെന്ന തരത്തിൽ പ്രചരിച്ച വിഡിയോ വൈറൽ. താരത്തിന്റെ ഫിസിയോ യുളിസെസ് ബാദിയോ ആണ് കാണികൾക്കിടയിൽവെച്ച് പ്രത്യേക പാനീയം തയാറാക്കുന്നതായി വിഡിയോയിലുള്ളത്. ഒരാൾ വിഡിയോയിൽ പകർത്തുന്നത് ശ്രദ്ധയിൽപെട്ടതോടെ കൂടെയുണ്ടായിരുന്ന സംഘം അദ്ദേഹത്തെ പൊതിഞ്ഞുനിൽക്കുന്നതും തയാറാക്കിയ പാനീയം പിന്നീട് ദ്യോക്കോക്ക് എത്തിച്ചുനൽകുന്നതും കാണാം.
21 ഗ്രാൻഡ്സ്ലാം ജേതാവായ താരം ഏഴാം കിരീടം ലക്ഷ്യമിട്ട പാരിസ് മാസ്റ്റേഴ്സിൽ സിറ്റ്സിപ്പാസിനെതിരെയായിരുന്നു സെമി. കളി 6-2 3-6 7-6 (7-4)ന് ജയിച്ച ദ്യോക്കോ പക്ഷേ, ഫൈനലിൽ 19കാരനായ ഡെയിൻ ഹോൾഗർ റൂണിനോട് തോറ്റു.
വിഡിയോ സമൂഹമാധ്യമം വഴി പ്രചരിച്ചതോടെ എന്താണ് പാനീയത്തിൽ ചേർക്കുന്നതെന്നും ഒളിച്ചുവെച്ച് നടത്തുന്നത് എന്തുകൊണ്ടാണെന്നും എന്ന തരത്തിലാണ് ചോദ്യങ്ങൾ. എന്നാൽ, ഇതിൽ കാര്യമില്ലെന്നും കാണുന്നതിലെല്ലാം വിവാദം കാണേണ്ടെന്നും ഭാര്യ ജെലേന ദ്യോകോവിച്ച് പറഞ്ഞു.
''തോന്നുമ്പോഴെല്ലാം കാമറ പിടിച്ചിറങ്ങി എങ്ങോട്ടും അത് തിരിച്ചുവെക്കുന്ന ലോകത്ത് സ്വകാര്യത വേണമെന്ന് ആളുകൾ ആഗ്രഹിക്കുന്നതാണ്. സ്വകാര്യത കാക്കാനുള്ള ശ്രമങ്ങൾ ചിലപ്പോൾ ചിലത് ഒളിപ്പിക്കുംപോലെ തോന്നും. സംസാരിക്കാനാകുമ്പോൾ വിഷയത്തിൽ അദ്ദേഹം പ്രതികരിക്കും. നിങ്ങൾ കാണുന്നതെല്ലാം വിവാദമുള്ളതല്ല. അത് സ്വകാര്യത വിചാരിച്ചാകും. അതും അനുവദിക്കില്ലേ?''- എന്നായിരുന്നു ജെലേനക്കു പറയാനുള്ളത്.
കഴിഞ്ഞ ജൂണിൽ വിംബിൾഡൺ ഫൈനലിൽ നിക് കിർഗിയോസിനെതിരായ മത്സരത്തിനിടെ ദ്യോകോ ഒരു പൊടി ശ്വസിക്കുന്നതിന്റെ ചിത്രങ്ങൾ വന്നിരുന്നു. ഇതേ കുറിച്ച ചോദ്യത്തിന് മാന്ത്രിക മരുന്നാണെന്നായിരുന്നു മറുപടി. കളി ദ്യോകോ ജയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.