ന്യൂഡൽഹി: ഇന്ത്യൻ കായിക രംഗത്തെ പുത്തൻ താരോദയമാണ് ഒളിമ്പിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര. ഒളിമ്പിക്സിൽ അതുല്യനേട്ടം സ്വന്തമാക്കിയ ശേഷം വീരോചിത വരവേൽപ്പാണ് താരത്തിന് എല്ലായിടത്തു നിന്നും ലഭിക്കുന്നത്.
ജാവലിൻ ത്രോ താരമായ നീരജ് അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പറഞ്ഞ അനുഭവ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു വിമാനയാത്രക്കിടെ മരണത്തെ മുഖാമുഖം കണ്ട അനുഭവം ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ അവതാരകനായെത്തുന്ന 'കോൻ ബനേഗ ക്രോർപതി' ക്വിസ് ഷോയിലുടെയാണ് നീരജ് വിവരിച്ചത്.
അബൂദബിയിൽ നിന്ന് ഫ്രാങ്ക്ഫുർട്ടിലേക്ക് പറന്ന വിമാനമാണ് യാത്രാമധ്യേ നിയന്ത്രണം നഷ്ടമായി താഴേക്ക് വീഴാനൊരുങ്ങിയത്. എന്നാൽ വൈകാതെ തന്നെ നിയന്ത്രണം ലഭിച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. വിമാനം താഴേക്ക് പോയപ്പോൾ അകത്തുണ്ടായ സംഭവവികാസങ്ങൾ താരം ഓർത്തെടുത്തു. ഹെഡ്ഫോൺ വെച്ചിരുന്നതിനാൽ തന്‍റെ ചുറ്റും നടക്കുന്ന കാര്യങ്ങൾ നീരജ് വൈകിയാണറിഞ്ഞത്. ഹെഡ്ഫോൺ മാറ്റിയപ്പോൾ കുഞ്ഞുങ്ങളും മുതിർന്നവരും അലമുറയിട്ട് കരയുകയായിരുന്നു.
'അലമുറയിട്ടിട്ട് എന്ത് പ്രയോജനം. അത് വേണമെങ്കിൽ താഴേക്ക് പോകും, ആർക്കും തടയാൻ കഴിയില്ല' - നീരജ് അടുത്തുണ്ടായിരുന്ന ഫിസിയോയോട് പറഞ്ഞു. കൗതുകകരമായ കഥയും ഭീതിജനകമായ അനുഭവത്തോടുമുള്ള നീരജിന്‍റെ പ്രതികരണവും ചെറുപ്പത്തിൽ അദ്ദേഹം കാണിച്ച പക്വതയും ശാന്തതയെയും അഭിനന്ദിക്കുകയാണ് ആരാധകർ.
ടോക്യോ ഒളിമ്പിക്സിൽ പുരുഷ വിഭാഗം ജാവലിൻത്രോയിൽ 87.58 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് നീരജ് ചരിത്രം കുറച്ചത്. അത്ലറ്റിക്സിൽ സ്വർണം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് മാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.