സിംഗപ്പൂർ: മേയിൽ വിയറ്റ്നാമിൽ മത്സരിക്കാനെത്തിയ താൻ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി 2016 റിയോ ഡെ ജനീറോ ഒളിമ്പിക് നീന്തൽ ജേതാവ് ജോസഫ് സ്കൂളിങ്. സിംഗപ്പൂർ സൈനിക സർവിസിൽനിന്ന് അവധിയെടുത്താണ് 27കാരൻ ഹാനോയ് ദക്ഷിണ-പൂർവേഷ്യൻ ഗെയിംസിന് പോയത്.
രണ്ടു സ്വർണവും നേടിയിരുന്നു. ജീവിതത്തിലെ കഠിനസാഹചര്യങ്ങളിലൂടെ കടന്നുപോവുമ്പോൾ ദുർബല നിമിഷത്തിന്റെ ഇരയാവുകയായിരുന്നുവെന്നും ചെയ്ത തെറ്റിന്റെ ഗൗരവത്തെക്കുറിച്ച് അറിയാമെന്നും സ്കൂളിങ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. തന്റെ പ്രവൃത്തി കുടുംബത്തിനും ആരാധകർക്കും പ്രയാസമുണ്ടാക്കിയതിൽ മാപ്പുചോദിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സ്കൂളിങ്ങിനെ താക്കീത് ചെയ്ത സിംഗപ്പൂർ പ്രതിരോധ മന്ത്രാലയം അദ്ദേഹത്തെ നിരീക്ഷിക്കാനും അടുത്ത ആറു മാസം മൂത്രം പരിശോധിക്കാനും തീരുമാനിച്ചു.
മത്സരങ്ങൾക്കോ പരിശീലനത്തിനോ വേണ്ടി ഇനി അവധി അനുവദിക്കില്ല. 100 മീറ്റർ ബട്ടർഫ്ലൈയിലാണ് സ്കൂളിങ് ഒളിമ്പിക് സ്വർണം സ്വന്തമാക്കിയത്. സിംഗപ്പൂരിന്റെ ആദ്യ സ്വർണംകൂടിയായിരുന്നു ഈ നേട്ടം.
ടോക്യോ ഒളിമ്പിക്സിൽ പക്ഷേ സ്കൂളിങ് ഹീറ്റ്സിൽത്തന്നെ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.