'ഇന്ത്യൻ ഒളിമ്പിക്സി'ന് വർണാഭ തുടക്കം

അഹ്മദാബാദ്: രാജ്യത്തെ ഏറ്റവും വലിയ കായികമാമാങ്കമായ 36ാമത് ദേശീയ ഗെയിംസിന് ഗുജറാത്തിൽ വർണാഭ തുടക്കം. 36 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളും സർവിസസും 36 ഇനങ്ങളിൽ മാറ്റുരക്കുന്ന ഗെയിംസ് സംസ്ഥാനത്തെ ആറു നഗരങ്ങളിലാണ് നടക്കുന്നത്. മോട്ടേരയിലെ സ്വന്തം പേരിലുള്ള സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ചു. നിറഞ്ഞ ഗാലറിയെ സാക്ഷിയാക്കി നടന്ന വർണാഭ കലാപരിപാടികളോടെയായിരുന്നു തുടക്കം. ഒളിമ്പിക്സിലടക്കം കൂടുതൽ മെഡലുകൾ നേടുന്ന തരത്തിലേക്ക് ഇന്ത്യയെ വൻ കായികശക്തിയാക്കി മാറ്റിയെടുക്കുകയാണ് ലക്ഷ്യമെന്ന് മോദി പറഞ്ഞു. സ്വർണിം ഗുജറാത്ത് കായിക സർവകലാശാല പ്രഖ്യാപനവും പ്രധാനമന്ത്രി നിർവഹിച്ചു.

ഒളിമ്പിക്സ് മെഡൽ ജേതാക്കളായ നീരജ് ചോപ്ര, പി.വി. സിന്ധു, കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാകുർ, ഗുജറാത്ത് ഗവർണർ ആചാര്യ ദേവി ദേവവ്രത്, മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ സംബന്ധിച്ചു. അഹ്മദാബാദ്, ഗാന്ധിനഗർ, സൂറത്ത്, വഡോദര, രാജ്കോട്ട്, ഭാവ്നഗർ എന്നിവിടങ്ങളിലെ വിവിധ വേദികളിലാണ് ഗെയിംസ് നടക്കുന്നത്. ഏറ്റവും ഒടുവിൽ ദേശീയ ഗെയിംസ് നടന്നത് 2015ൽ കേരളത്തിലാണ്.

കേരളീയ വേഷത്തിൽ ശ്രീശങ്കറും സംഘവും

അഹ്മദാബാദ്: ദേശീയ ഗെയിംസ് ഉദ്ഘാടനച്ചടങ്ങിൽ നടന്ന മാർച്ച്പാസ്റ്റിൽ കോമൺവെൽത്ത് ഗെയിംസ് മെഡൽ ജേതാവായ എം. ശ്രീശങ്കറാണ് കേരളത്തിന്റെ പതാകയേന്തിയത്. സെറ്റ്സാരിയിൽ വനിത താരങ്ങളും കസവുമുണ്ടും ഷർട്ടുമണിഞ്ഞ് പുരുഷ അത്‍ലറ്റുകളും അണിനിരന്നു.

ദൗത്യസംഘത്തലവൻ ഒളിമ്പ്യൻ വി. ദിജുവും മാർച്ച്പാസ്റ്റിനുണ്ടായിരുന്നു. കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഢ് ആയിരുന്നു മുൻനിരയിൽ.

ഈ ഗണത്തിൽപെട്ട ജമ്മു-കശ്മീർ നാലാമതും ലഡാക്ക് അഞ്ചാമതുമെത്തി. 20ാമതായിരുന്നു കേരളം.

Tags:    
News Summary - Prime Minister Narendra Modi National Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.