പ്രൈം വോളിബാള്‍ ലീഗ്: കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് തകര്‍പ്പന്‍ ജയം

ഹൈദരാബാദ്: പ്രൈം വോളിബാള്‍ ലീഗിലെ ആവേശപ്പോരാട്ടത്തില്‍ ചെന്നൈ ബ്ലിറ്റ്‌സിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന് ലീഗിലെ ആദ്യ വിജയം. സ്‌കോര്‍: 15-12, 15-11, 14-15, 12-15, 15-10. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊച്ചി രണ്ട് പോയിന്റ് നേടി.

തകര്‍പ്പന്‍ സ്‌പൈക്കുകളുമായി കളം നിറഞ്ഞ് കളിച്ച കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ കോഡി കാള്‍ഡ്‌വെല്‍ കളിയിലെ മികച്ച താരമായി. എറിന്‍ വര്‍ഗീസും കോഡി കാള്‍ഡ്‌വെല്ലും ചേര്‍ന്ന് സ്‌പൈക്കേഴ്‌സിന് മികച്ച തുടക്കം നല്‍കി. ആദ്യ സെറ്റില്‍ 7-2ന് ടീം മുന്നിലെത്തി. എന്നാല്‍, ബ്ലിറ്റ്‌സ് തിരിച്ചടിച്ച് സ്‌കോര്‍ 9-9ന് സമനിലയിലാക്കി. നിര്‍ണായകമായ ഒരു സൂപ്പര്‍ പോയിന്റ് നേടി ചെന്നൈ 11-10ന് ലീഡ് നേടി. എന്നാല്‍ ബ്ലിറ്റ്‌സിന്റെ ബ്ലോക്കുകളിലെ പിഴവ് 15-12ന് ആദ്യ സെറ്റ് ബ്ലൂ സ്‌പൈക്കേഴ്‌സിന് സമ്മാനിച്ചു.

രണ്ടാം സെറ്റില്‍ 5-1ന് ആധിപത്യം പുലര്‍ത്തിയ കൊച്ചി ടീം മികച്ച മുന്നേറ്റം നടത്തി. കോഡി കാള്‍ഡ്‌വെലിന്റെ അസാമാന്യ സ്‌പൈക്കുകള്‍ ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ലീഡ് ഉയര്‍ത്തി. 12-6ന് മുന്നിലെത്തിയ കൊച്ചിക്കായി നായകന്‍ കാര്‍ത്തിക് തകര്‍പ്പന്‍ ബ്ലോക്ക് സൃഷ്ടിച്ചു. എറിന്‍ വര്‍ഗീസിന്റെ സ്‌പൈക്കിലൂടെ 15-11ന് രണ്ടാം സെറ്റും കൊച്ചി സ്വന്തമാക്കി. മൂന്നാം സെറ്റില്‍ ചെന്നൈ ബ്ലിറ്റ്‌സ് 8-6ന് ലീഡ് നേടി. ജോബിന്‍ വര്‍ഗീസിന്റെയും ഗോണ്‍സാലസിന്റെയും മികവ് അവരെ 13-12ന് ലീഡ് നേടാന്‍ സഹായിച്ചു.

ഇതിനിടെ കോഡി കാള്‍ഡ്‌വെല്‍ മികച്ച സ്‌പൈക്ക് സൃഷ്ടിച്ച് 14-14ന് കൊച്ചിയെ ഒപ്പമെത്തിച്ചു. പിന്നാലെ താരം ഒരു സര്‍വ് നഷ്ടപ്പെടുത്തിയതോടെ ബ്ലിറ്റ്‌സ് 15-14ന് മൂന്നാം സെറ്റ് നേടി മത്സരത്തിലേക്ക് തിരിച്ചെത്തി. ദീപേഷ് കുമാര്‍ സിന്‍ഹയുടെ തകര്‍പ്പന്‍ ബ്ലോക്കുകള്‍ നാലാം സെറ്റില്‍ 7-5ന് കൊച്ചിക്ക് മുന്നേറ്റം നല്‍കി. ഇരുടീമുകളുടെയും വാശിയേറിയ പോരാട്ടം സ്‌കോര്‍ 9-9ലെത്തിച്ചു. ഗോണ്‍സാലസിന്റെ മികച്ച സ്‌പൈക്ക് ചെന്നൈക്ക് സൂപ്പര്‍ പോയിന്റ് സമ്മാനിച്ചു, ടീം 13-9ന് ലീഡെടുത്തു. നിമിഷങ്ങള്‍ക്കകം 15-12ന് ചെന്നൈ നാലാം സെറ്റും അക്കൗണ്ടിലാക്കി.

കാള്‍ഡ്‌വെലിന്റെ മികവുറ്റ പ്രകടനത്തിലൂടെ അഞ്ചാം സെറ്റില്‍ 6-3ന് കൊച്ചി മുന്നിലെത്തി. അബ്ദുല്‍ റഹീം, എറിന്‍ വര്‍ഗീസ് എന്നിവരുടെയും മികവില്‍ 15-10ന് സെറ്റ് നേടിയ കൊച്ചി ടീം വിജയത്തോടൊപ്പം തങ്ങളുടെ കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തോല്‍വിയും മറന്നു. ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വ്യാഴാഴ്ച വൈകിട്ട് 6.50ന് നടക്കുന്ന ആദ്യ മത്സരത്തില്‍ ചെന്നൈ ബ്ലിറ്റ്‌സ് കാലിക്കറ്റ് ഹീറോസിനെയും രണ്ടാം മത്സരത്തില്‍ അഹമ്മദാബാദ് ഡിഫന്‍ഡേഴ്‌സ് ബംഗളൂരു ടോര്‍പ്പിഡോസിനെയും നേരിടും.

Tags:    
News Summary - Prime Volleyball League: Kochi Blue Spykers won

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.