തിരുവനന്തപുരം: പാരിസ് ഒളിമ്പിക്സിലെ മെഡലെന്ന സ്വപ്നവുമായി ഇന്ത്യയുടെ വനിത പുരുഷ റിലേ ടീമുകൾ തലസ്ഥാനത്തുനിന്ന് യാത്ര തിരിച്ചു. മലയാളി താരങ്ങളായ മുഹമ്മദ് അനസ്, നോഹ നിർമൽ ടോം, അമോജ് ജേക്കബ്, മുഹമ്മദ് അജ്മൽ, സന്തോഷ് കുമാർ, മിജോ ജേക്കബ് കുര്യൻ, ഏഷ്യൻ ഗെയിംസ് വെങ്കല മെഡൽ ജേതാവും തമിഴ്നാട് സ്വദേശിയുമായ ആരോക്യ രാജീവ്, രാജേഷ് രമേശ് എന്നിവരടങ്ങുന്ന എട്ടംഗ പുരുഷസംഘവും ഒളിമ്പ്യൻ പൂവമ്മ രാജു, വിത്യ രാംരാജ്, സുഭ വെങ്കിടേശൻ, ഡാൺഡേ ജ്യോതിക രൂപാൽ, ഐശ്വര്യ മിശ്ര എന്നിവരടങ്ങുന്ന ഏഴംഗ വനിത സംഖവുമാണ് ഇന്ത്യയുടെ സ്വപ്നനേട്ടത്തിനായി കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ മാസങ്ങൾ നീണ്ട പരിശീലനത്തിന് ശേഷം മടങ്ങിയത്.
ജൂൺ 27 മുതൽ ഹരിയാനയിൽ നടക്കുന്ന 63ാമത് അന്തർ സംസ്ഥാന സീനിയർ നാഷനൽ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിനും പോളണ്ടിലെ പരിശീലനത്തിനും ശേഷം ഇരു ടീമുകളും പാരീസിലേക്ക് തിരിക്കും. കാര്യവട്ടം സായി എൽ.എൻ.സി.പി.ഇയിൽ ട്രാക്ക് ആൻഡ് ഫീൽഡ് വിഭാഗത്തിലെ ഡെപ്യൂട്ടി ചീഫ് കോച്ച് രാജമോഹൻ, വിദേശ പരിശീലകൻ ജേസൺ ഡോസൺ, റിക്കവറി വിദഗ്ധൻ ഡോ. അസൻഹദ സിൽവ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശീലനം.
ഇരു റിലേ ടീം അംഗങ്ങളെയും സായി എൽ.എൻ.സി.പി.ഇ മേധാവിയും പ്രിൻസിപ്പലുമായ ഡോ. ജി. കിഷോർ ആദരിച്ചു. സായിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം ഡയറക്ടർ സി. ദണ്ഡപാണി അധ്യക്ഷത വഹിച്ചു. ഇന്ത്യൻ അത്‌ലറ്റിക്സ് ഫെഡറേഷന്റെ ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായർ കായികതാരങ്ങളെ അഭിസംബോധന ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.