റോം: മലയാളി നീന്തൽ താരം സാജൻ പ്രകാശിന് ചരിത്രനേട്ടം. ആദ്യമായി ഒളിമ്പിക്സിനുള്ള 'എ' യോഗ്യത മാർക്ക് കടക്കുന്ന ഇന്ത്യൻ നീന്തൽ താരം എന്ന നേട്ടമാണ് ഇടുക്കി സ്വദേശി സാജൻ കരസ്ഥമാക്കിയത്. റോമിൽ നടന്ന സെറ്റെ കോളി ട്രോഫി നീന്തൽ ചാമ്പ്യൻഷിപ്പിൽ 200 മീ. ബട്ടർഫ്ലൈയിൽ 1:56:38 സെക്കൻഡിൽ നീന്തിയെത്തിയാണ് 27കാരൻ യോഗ്യത നേടിയത്.
1:56.48 സെക്കൻഡാണ് ടോക്യോ ഒളിമ്പിക്സിനുള്ള 'എ' യോഗ്യത മാർക്ക്. സ്വന്തം പേരിലുള്ള ദേശീയ റെക്കോഡും സാജൻ മറികടന്നു. കഴിഞ്ഞയാഴ്ച ബെൽഗ്രേഡിൽ നടന്ന മത്സരത്തിൽ 1:56.96 സെക്കൻഡിൽ ഫിനിഷ് ചെയ്ത സാജന് 'എ' യോഗ്യത മാർക്ക് കടക്കാനായിരുന്നില്ല.
'എ' യോഗ്യത മാർക്കാണ് ഒളിമ്പിക്സ് നീന്തലിന് നേരിട്ടുള്ള പ്രവേശന മാനദണ്ഡം. ഒരു വിഭാഗത്തിൽ 'എ' യോഗ്യത മാർക്ക് കടന്ന രണ്ടു താരങ്ങൾക്ക് മത്സരിക്കാം. എന്നാൽ, 'ബി' യോഗ്യത മാർക്ക് കടന്ന ഒരു താരത്തിനും ചിലപ്പോൾ അവസരം ലഭിക്കും. റിയോ ഒളിമ്പിക്സിലും സാജൻ മത്സരിച്ചിരുന്നു.
2015ലെ ദേശീയ ഗെയിംസിൽ ആറ് സ്വർണവും മൂന്ന് വെള്ളിയുമടക്കം ഗെയിംസിലെ താരമായിരുന്നു സാജൻ. 2016ലെ റിയോ ഒളിമ്പിക്സിൽ സാജൻ പങ്കെടുത്തിരുന്നു. 2016ൽ ഗുവാഹത്തിയിൽ നടന്ന ദക്ഷിണേഷ്യൻ ഗെയിംസിൽ നാല് സ്വർണവും മൂന്ന് വെള്ളിയും നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.