പൂനെയിൽ മൗണ്ടയ്ൻ അൾട്രാ ഇവൻ്റായ എസ്.ആർ.ടി അൾട്രായിൽ പങ്കെടുത്ത് കോതമംഗലം സ്വദേശി. ഇന്ത്യയിലെ ഏറ്റവും കഠിനമേറിയ മൗണ്ടയ്ൻ അൾട്രാ ഇവന്റുകളിൽ ഒന്നാണ് എസ്.ആർ.ടി അൾട്രാ. അതിൻ്റെ ആറാമത്തെ എഡിഷനിൽ പുതുതായി ഉൾപ്പെടുത്തിയ 100 കിലോമീറ്റർ വിഭാഗത്തിൽ കേരളത്തിൽ നിന്ന് രജിസ്റ്റർ ചെയ്ത രണ്ടു പേരിൽ ഒരാളാണ് കോതമംഗലം സ്വദേശി ജിതിൻ പോൾ. കാക്കനാട് ഇൻഫോപാർക്കിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആണ് ജിതിൻ.
കാടും മലകളും ട്രെക്കിങ്ങും സാഹസികതയും ഇഷ്ട്ടപെടുന്നവർക്ക് മികച്ച അനുഭവമായിരിക്കും എസ്.ആർ.ടി അൾട്രാ. 100 കിലോമീറ്റർ വിഭാഗത്തിൽ മൂന്ന് മാസം മുന്നേ രജിസ്റ്റർ ചെയ്ത് ജിതിൻ തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. പരിശീലനങ്ങൾക്കിടയിൽ രണ്ടു പ്രാവശ്യം ആരോഗ്യ പ്രശ്നങ്ങൾ കാരണം ട്രെയിനിങ് മുടങ്ങിയെങ്കിലും ജിതിൻ ശ്രമം ഉപേക്ഷിച്ചില്ല.
കോതമംഗലത്തുള്ള നാടുകാണി മലയും, അടുത്തുള്ള മലയാറ്റൂർ മലയുമായിരുന്നു പ്രധന പരിശീലന ഇടങ്ങൾ. നാലു മണിക്കൂർ കൊണ്ട് നാല് പ്രാവശ്യം മലയാറ്റൂർ മല അടിവാരത്തുന്നുനിന്ന് മുകളിലേക്ക് ഓടികയറി ഇറങ്ങുമായിരുന്നു. എല്ലാ തയ്യാറെടുപ്പുകൾക്കുമൊപ്പം ഭാര്യയും, അച്ഛനും, അമ്മയും, കൂട്ടുകാരും, കുടുംബാംഗങ്ങളും നാട്ടുകാരും ജിതിനു പൂർണ പിന്തുണയും പ്രോത്സാഹനവും നൽകിയിരുന്നു.
അയൽവാസിയും പെരുമ്പാവൂരിലെ ബിസിനസുകാരനുമായ പോളാണ് മത്സരത്തിന്നുള്ള ബൂട്ടും അവശ്യ സാധനങ്ങളും സ്നേഹസമ്മാനമായി ഓഫർ ചെയ്തത്.
ഡിസംബർ ഒമ്പതിനു രാവിലെ ആറ് മണിക്ക് ഇവന്റ് ഫ്ലാഗോഫ് ചെയ്തു. ആദ്യം കയറേണ്ടത് സിംഗഹദ് ഫോർട്ട്, പിന്നെ രാജ്‌ഘട്, തുടർന്ന് ടോർണ, അവസാനം ലിങ്ങനാ ഫോർട്ട് എന്നിവിടങ്ങളിലായിരുന്നു. അഞ്ചിടങ്ങളിൽ കട്ട് ഓഫ് ടൈമിൽ എത്തിയില്ലെങ്കിൽ മൽസരത്തിൽ തുടരാൻ സംഘാടകർ അനുവദിക്കില്ല. ഫൈനൽ കട്ട് ഓഫ് 24 മണിക്കൂറുമാണ്.
ആദ്യത്തെ ഫോർട്ട് കയറി ഇറങ്ങിയ ജിതിന്റെ ഇടതുകാലിന് ചെറിയ പരിക്കേറ്റിരുന്നു. എന്നാൽ, മുന്നോട്ടുള്ള ഓരോ സ്റ്റെപ്പും ശ്രദ്ധയോടെ വെച്ച് കാലിന്റെ അവസ്ഥ ജിതിൻ നിരീക്ഷിച്ചു. വേദന കൂടാത്തതിനാൽ മുന്നോട്ട് തന്നെ പോകാൻ അദ്ദേഹം തീരുമാനിക്കുകയും ചെയ്തു. വലതുകാൽ ഊന്നി മുന്നോട്ടു നീങ്ങിയത് കാലിലെ തളർച്ച കൂട്ടി. മൂന്നാമത്തെ ഫോർട്ട് കയറിക്കഴിഞ്ഞതോടെ മുന്നോട്ടുള്ള വേഗത കുറച്ചു നടത്തം മാത്രമായി.
53 കിലോമീറ്റർ ഓടിയെത്താൻ 12 മണിക്കൂറായിരുന്നു കട്ട് ഓഫ് ടൈം. 11 മണിക്കൂറിൽ എത്തിയതിനാൽ അടുത്ത പകുതിക്ക് ഒരു മണിക്കൂർ കൂടുതൽ കിട്ടി. പിറ്റേന്ന് പുലർച്ചെ അഞ്ചിന് ജിതിൻ ഫിനിഷ് ചെയ്തു. ഈ സ്വപ്ന നേട്ടം ആദ്യ ശ്രമത്തിൽതന്നെ കൈവരിക്കാനായതിൻ്റെ സന്തോഷത്തിലാണ് ജിതിൻ. റോയൽ റണ്ണേഴ്സ് കാലിക്കറ്റ് റണ്ണിങ് ക്ലബ് അംഗമായ ജിതിന്റെ അടുത്ത ലക്ഷ്യം ഇന്റർനാഷണൽ അൾട്രാ സീരീസ്, അയേൺ മാൻ എന്നിവയാണ്. കോതമംഗലം നെല്ലിക്കുഴി ശ്രമ്പിക്കുടിയിൽ വീട്ടിൽ പോളിന്റെയും ബീനയുടെയും മകനാണ് ജിതിൻ പോൾ. ഭാര്യ മെറിൻ. മകൾ ജോവിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.