ഗുവാഹതി: ഏറെ നാളത്തെ മുറവിളികൾക്കുശേഷം പ്രഖ്യാപിക്കപ്പെട്ട ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ (ഡബ്ല്യൂ.എഫ്.ഐ) തെരഞ്ഞെടുപ്പ് ഗുവാഹതി ഹൈകോടതി സ്റ്റേ ചെയ്തു. അസം റസ്ലിങ് അസോസിയേഷന്റെ ഹരജിയെത്തുടർന്നാണ് ജൂലൈ 11ലെ തെരഞ്ഞെടുപ്പ് കോടതി തടഞ്ഞത്. അർഹതയുണ്ടായിട്ടും തങ്ങൾക്ക് ഡബ്ല്യൂ.എഫ്.ഐയിൽ അഫിലിയേഷൻ ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി. തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ പങ്കാളികളാക്കണമെന്നും അസം റസ്ലിങ് അസോസിയേഷൻ ഹരജിയിൽ ആവശ്യപ്പെട്ടു. ജൂലൈ 11നാണ് അടുത്ത വാദം കേൾക്കൽ. അതേസമയം, ഡബ്ല്യൂ.എഫ്.ഐ തെരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന ദിവസം ഞായറാഴ്ചയായിരുന്നു.
പ്രസിഡന്റ് ബ്രിജ് ഭൂഷൻ ശരൺസിങ്ങിനെതിരായ ലൈംഗികാരോപണങ്ങളെത്തുടർന്ന് ആഗോളശ്രദ്ധ നേടിയ ഗുസ്തി ഫെഡറേഷന്റെ നടത്തിപ്പ് അഡ്ഹോക് കമ്മിറ്റിയെ ഏൽപിച്ചിരിക്കുകയാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. എക്സിക്യൂട്ടിവ് കമ്മിറ്റി തെരഞ്ഞെടുപ്പിന് വരണാധികാരിയെയും നിശ്ചയിച്ചു. സംസ്ഥാന അസോസിയേഷനുകൾക്കാണ് വോട്ടവകാശം. അസം റസ്ലിങ് അസോസിയേഷന്റെ ഹരജിയിൽ തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്ത ഹൈകോടതി ഗുസ്തി ഫെഡറേഷൻ അഡ്ഹോക് കമ്മിറ്റിക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും നോട്ടീസ് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.