പയ്യോളി (കോഴിക്കോട് ): മൂന്ന് പതിറ്റാണ്ട് മുമ്പാരംഭിച്ച് വിശ്വകായികലോകത്തിന് മുമ്പിൽ ഇന്നും തൻ്റെ പേരും പ്രശസ്തിയും അവിസ്മരണീയമാക്കിയതിന് പിന്നിലെ അണിയറശിൽപിയായ പരിശീലകൻ ഒ.എം. നമ്പ്യാരുടെ വിയോഗം പി.ടി.ഉഷയെന്ന ശിഷ്യക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. അത്ലറ്റിക്സിൽ പരിശീലനമാരംഭിച്ച പന്ത്രണ്ടാം വയസ്സ് മുതൽ കോച്ച് എന്നതിലുമുപരി തൻ്റെ പിതാവിന് തുല്യനായിട്ടായിരുന്നു ഒളിമ്പ്യൻ പി.ടി. ഉഷയെന്ന പയ്യോളി എക്സ്പ്രസ്സിന് അദ്ദേഹത്തോട് എന്നുമുള്ള സമീപനം.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ മണിയൂർ ഗ്രാമപഞ്ചായത്തിലെ മീനത്തുകര ഒതയോത്തെ വീട്ടുമുറ്റത്ത് വെച്ച നമ്പ്യാരുടെ ചേതനയറ്റ ശരീരത്തിന് മുമ്പിൽ ശവസംസ്കാരത്തിന് മുന്നോടിയായ ചടങ്ങുകൾ ഓരോന്നായി നടക്കുമ്പോഴും അവരുടെ ഈറനണിഞ്ഞ കണ്ണുകൾ സ്ട്രച്ചറിൽ ഇമവെട്ടാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. വ്യാഴാഴ്ച വൈകീട്ട് നമ്പ്യാരുടെ മരണവാർത്ത അറിഞ്ഞപ്പോൾ തന്നെ പയ്യോളിയിലെ വീട്ടിൽ നിന്നും ഉഷ മിനിറ്റുകൾക്കകം മീനത്തുകരയിലെത്തിയിരുന്നു.
ഒ.എം. നമ്പ്യാർ എന്ന പരിശീലകൻ ഇല്ലായിരുന്നുവെങ്കിൽ ഇന്ന് നിങ്ങളറിയപ്പെടുന്ന ഉഷ ഉണ്ടാവില്ലായിരുന്നുവെന്ന് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ അവർ പറഞ്ഞു. എഴുപതുകളുടെ അവസാനത്തിൽ പയ്യോളി കടപ്പുറത്ത് നിന്നായിരുന്നു നമ്പ്യാരുടെ കീഴിലുള്ള കഠിന പരിശീലനത്തിൻ്റെ ആരംഭം. അക്കാലത്ത് അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും കുറ്റ്യാടി പുഴ കടക്കണമെങ്കിൽ ഇന്നത്തെ പോലെ പാലമുണ്ടായിരുന്നില്ല. അതിരാവിലെ തോണിയിൽ കയറിയായിരുന്നു എന്നും ആറ് മണിക്ക് തുടങ്ങുന്ന പരിശീലനത്തിനായി അദ്ദേഹമെത്തിയിരുന്നത്.
മികച്ച പരിശീലകനെന്ന നിലയിൽ നമ്പ്യാർ സാറുടെ അശ്രാന്ത പരിശ്രമങ്ങളുടെ അനന്തരഫലമായിരുന്നു 1984 ൽ ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ മികച്ച പ്രകടനം. 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്‍റെ നൂറിലൊരംശം വ്യത്യാസത്തിലാണ് വെങ്കല മെഡൽ നഷ്ടപ്പെട്ടത്. ആ ഒരു നിമിഷം കൊച്ചു കുട്ടിയെപ്പോലെ പൊട്ടിക്കരയുന്നത് ഇന്നലെ കഴിഞ്ഞത് പോലെയാണ് താൻ ഓർക്കുന്നതെന്നും ഉഷ പറഞ്ഞു.
അതേസമയം, അന്നത്തെ മത്സരത്തിൽ ഹർഡിൽസ് ഫൈനൽ ആരംഭിക്കാനായി വെടിയൊച്ച മുഴങ്ങിയപ്പോൾ ആസ്ട്രേലിയൻ താരം ഫൗൾ ആയതു കൊണ്ട് മത്സരം പുനഃരാരംഭിച്ചതാണ് ഉഷക്ക് തിരിച്ചടിയായതെന്ന് നമ്പ്യാർ സൂചിപ്പിച്ചിരുന്നു. ആസ്ട്രേലിയൻ താരം ഫൗളായില്ലങ്കിൽ ആദ്യഘട്ടത്തിൽ ഉഷ ഏറെ മുമ്പോട്ടേക്ക് കുതിച്ചിരുന്നുവെന്നും ഉഷക്ക് മെഡൽ ഉറപ്പായിരുന്നുവെന്നും നമ്പ്യാർ അന്ന് വിലയിരുത്തി. 1986ൽ ജക്കാർത്ത ഏഷ്യാഡിൽ അഞ്ച് സ്വർണമടക്കം ആറ് മെഡലുകൾ നേടി ഉഷ ചരിത്രം രചിച്ചിരുന്നു. ഓർമകളുടെ മായാപ്രപഞ്ചത്തിൽ മനസ്സ് അലതല്ലുമ്പോഴും പിതൃതുല്യൻ്റെ ചിത എരിഞ്ഞടങ്ങുന്ന വേളയിൽ കണ്ണീർ വീർത്ത മുഖവുമായി ഉഷ വിങ്ങിപ്പൊട്ടുകയായിരുന്നു .
വടകര: പ്രഥമ ദ്രോണാചാര്യ പുരസ്കാരത്തിനുടമയും മികച്ച കായികപരിശീലകനുമായ പത്മശ്രീ ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം. നമ്പ്യാർ ഇനി ഓർമ. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഔദ്യോഗിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മൂത്തമകൻ മുരളീധരൻ ചിതക്ക് തീ കൊളുത്തി. വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് മണിയൂർ മീനത്തുകരയിലെ വസതിയിൽ ഒ.എം. നമ്പ്യാർ അന്തരിച്ചത്. ദീർഘകാലമായി പാർക്കിൻസൺസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു.
പി.ടി. ഉഷയുടെ പരിശീലകനായി രാജ്യത്തെ മികച്ച പരിശീലകൻ എന്ന പേരെടുത്ത നമ്പ്യാർ നിരവധി കായികതാരങ്ങൾക്ക് വഴികാട്ടിയായിരുന്നു. സംസ്കാര ചടങ്ങുകൾക്ക് ഉടനീളം പി.ടി. ഉഷയുടെ സാന്നിധ്യമുണ്ടായിരുന്നു. വീട്ടുമുറ്റത്ത് പൊതുദർശനത്തിന് വെച്ച മൃതദേഹം ഒരു നോക്കു കാണാൻ കോവിഡ് വിലക്കുകൾക്കിടയിലും നിരവധി പേരാണ് എത്തിയത്. കോച്ച് നമ്പ്യാർ എന്നും നമ്പാൾ എന്നും നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്ന ഒ.എം. നമ്പ്യാർ രാജ്യാന്തര വേദികളിൽ വ്യക്തിമുദ്ര പതിപ്പിച്ചപ്പോഴും നാട്ടുകാരുമായി ഹൃദയബന്ധം സൂക്ഷിച്ചിരുന്നതിന് തെളിവായിരുന്നു അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയവരുടെ നീണ്ടനിര.
മുഖ്യമന്ത്രി പിണറായി വിജയനു വേണ്ടി മന്ത്രി വി. അബ്ദുറഹിമാൻ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള വീട്ടിലെത്തി അന്ത്യോപചാരമർപ്പിച്ചു. എം.എൽ.എമാരായ കെ.പി. കുഞ്ഞമ്മദ്കുട്ടി, കെ.പി. മോഹനൻ, കെ.കെ. രമ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഷീജ ശശി, വടകര ആർ.ഡി.ഒ സി. ബിജു, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനൻ, ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് തുടങ്ങിയവർ അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.