കൽപറ്റ: വേഗവും കരുത്തും ദൂരവും മാറ്റുരക്കുന്ന കൗമാര കായിക മേളക്ക് മരവയൽ എം.കെ ജിനചന്ദ്ര മെമ്മോറിയൽ സ്റ്റേഡിയത്തിൽ തുടക്കം. 13 ാമത് ജില്ല സ്കൂള്‍ കായിക മേളക്കാണ് വ്യാഴാഴ്ച ഉച്ചക്ക് ശേഷം ട്രാക്കുണർന്നത്. വ്യാഴാഴ്ച മുണ്ടേരി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ആതിഥേയത്വത്തില്‍ ആരംഭിച്ച ജില്ല കായിക മേളയിൽ 30 സ്കൂളുകളിൽ നിന്നായി 750 വിദ്യാർഥികളാണ് മാറ്റുരക്കുന്നത്. വ്യാഴാഴ്ച 19 ഇനങ്ങളിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ മാനന്തവാടി സബ് ജില്ല 76 പോയന്റുമായി മുന്നിലാണ്. 50 പോയന്റുമായി സുൽത്താൻ ബത്തേരിയാണ് രണ്ടാം സ്ഥാനത്ത്.
വൈത്തിരിക്ക് 33 പോയന്റാണ് ഉള്ളത്. സ്കൂൾ തലത്തിൽ കാട്ടിക്കുളം ജി.എച്ച്.എസ്.എസ് 42 പോയന്റുമായി ഒന്നാം സ്ഥാനത്തുണ്ട്. രണ്ടാം സ്ഥാനത്തുള്ള ജി.എം.ആർ.എസ് കൽപറ്റക്ക് 13 പോയന്റാണുള്ളത്. ജി.വി.എച്ച്.എസ്.എസ് കൽപറ്റയാണ് 11 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ളത്. മേളയില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി 96 ഇനങ്ങളിലാണ് മത്സരം.
സീനിയർ ഗേൾസ് വിഭാഗത്തിൽ ഡിസ്കസ് ത്രോയിൽ ഒന്നാമതെത്തിയ ടി.വി. ആർദ്ര ആദ്യമായാണ് ജില്ല കായിക മേളക്കെത്തുന്നത്. മാനന്തവാടി ജി.വി.എച്ച്.എസിൽ പ്ലസ് ടു വിദ്യാർഥിയായ ആർദ്ര കായികാധ്യാപകനായ ജെറിന്റെ കീഴിലാണ് പരിശീലനം. വെള്ളിയാഴ്ച ഷോട്ട് പുട്ട്, ജാവലിങ് മത്സരങ്ങളിലും ആർദ്ര മാറ്റുരക്കുന്നുണ്ട്. വെൺമണിയിലെ പുളിമൂല സതിയമ്മയുടെ മകളായ ആർദ്ര സംസ്ഥാന തലത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
കൽപറ്റ: ജില്ല സ്കൂൾ കായികമേളയുടെ ഔദ്യോഗിക ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10 ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും. ടി. സിദ്ദീഖ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഒ. ആർ. കേളു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉപഹാര സമർപണം നടത്തും.
കൽപറ്റ മുനിസിപ്പൽ ചെയർമാൻ കേയംതൊടി മുജീബ്, കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ല വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, മുൻ എം.എൽ.എമാരായ സി. കെ. ശശീന്ദ്രൻ, എം.വി. ശ്രേയാംസ് കുമാർ എന്നിവർ പങ്കെടുക്കും. രാവിലെ ഒമ്പതിന് കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് സല്യൂട്ട് സ്വീകരിക്കൽ എന്നിവ നടക്കും. നാഷനൽ ഗെയിംസ് സ്വർണമെഡൽ ജേതാവ് മേഘന ദീപശിഖ തെളിയിക്കും.
കഴിഞ്ഞ വർഷത്തെ കായിക പ്രതിഭക്ക് ഇത്തവണയും പിഴച്ചില്ല. വ്യാഴാഴ്ച നടന്ന സബ് ജൂനിയർ ഡിസ്കസ് ത്രോയിൽ അവന്തിക പി. രാജൻ ഒന്നാമതെത്തി. ജി.എം.ആർ.എസ് ഹൈസ്കൂളിലെ വിദ്യാർഥിനിയായ ഈ കായിക പ്രതിഭ കഴിഞ്ഞ തവണയും ഡിസ്കസ് ത്രോയില്‍ ജില്ലയിൽ ജേതാവായിരുന്നു. വെള്ളിയാഴ്ച ഷോട്ട് പുട്ട്, 80 മീറ്റർ ഹർഡിൽസ് എന്നിവയിലും അവന്തിക പങ്കെടുക്കുന്നുണ്ട്.
സബ് ജൂനിയർ വിഭാഗം ഷോട്ട് പുട്ടിൽ സുൽത്താൻ ബത്തേരി അസംപ്ഷൻ സ്കൂളിലെ എൻ.എസ്. കാർത്തികിന് മികച്ച വിജയം. നാല് കിലോയിൽ 11.57 മീറ്റർ എറിഞ്ഞാണ് ജില്ലയിൽ കാർത്തിക് ഒന്നാമതെത്തിയത്. സംസ്ഥാന അത് ലറ്റിക്സ് മീറ്റിലും ഷോട്ട് പുട്ടിൽ കാർത്തികിന് തന്നെയായിരുന്നു ഒന്നാം സ്ഥാനം. ആണ്ടൂർ എൻ.എസ്. ഷിജുവിന്റെയും അനിലയുടേയും മകനായ കാർത്തിക്കിന് കഴിഞ്ഞ വർഷം ഷോട്ട് പുട്ടിൽ മൂന്നാം സ്ഥാനമാണ് ലഭിച്ചത്. അർജുനാണ് കായികാധ്യാപകൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.