ഒറ്റക്കുതിപ്പിൽ പിറന്നത് ചരിത്രം! നോഹ ലൈൽസിന്‍റെ സ്വർണ നേട്ടം സെക്കൻഡിന്‍റെ അയ്യായിരത്തിലൊരംശത്തിന് -വിഡിയോ

പാരിസ്: പാരിസ് മൈതാനത്തെ ത്രസിപ്പിച്ച അതിവേഗക്കാരുടെ ആവേശപ്പോര് ഫോട്ടോഫിനിഷിൽ ജയിച്ച് യു.എസ് താരം നോഹ് ലൈൽസ് വേഗരാജാവ്. സെക്കൻഡിന്‍റെ അയ്യായിരത്തിലൊരംശത്തിനാണ് കരീബിയൻ എതിരാളിയായ കിഷെയ്ൻ തോംപ്സണെ 100 മീറ്ററിൽ രണ്ടാമതാക്കിയത്.

സ്വർണ നേട്ടത്തോടെ മെഡൽ പട്ടികയിൽ അമേരിക്കയെ ചൈനക്കു മുകളിൽ ഒന്നാമതെത്തിച്ച് ലൈൽസിനായി. ഇരുവരും 9.79 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കിയപ്പോൾ അമേരിക്കയുടെ ഫ്രഡ് കെർലി മൂന്നാമതായി.

വെടി മുഴങ്ങിയതോടെ മിന്നലായി കിഷെയ്ൻ മുന്നിലോടിയായിരുന്നു തുടക്കം. അവസാന മീറ്ററുകൾ വരെ കിഷെയ്ൻ തന്നെ ലീഡ് നിലനിർത്തിയതിനിടെ ഒറ്റക്കുതിപ്പിൽ ലൈൽസ് അപ്രതീക്ഷിതമായി ചരിത്രം കുറിക്കുകയായിരുന്നു. ജയിച്ചവരാരെന്ന അനിശ്ചിതത്വം താരങ്ങളുടെ മുഖത്ത് മിന്നലായി നിന്നതിനൊടുവിലായിരുന്നു സമീപകാലത്തൊന്നും സാധ്യമാകാത്ത ഉജ്വല പോരാട്ടത്തിലെ ജേതാവായി ലൈൽസിന്‍റെ പേരു തെളിഞ്ഞത്.

ഉസൈൻ ബോൾട്ട് എന്ന അതിമാനുഷൻ വർഷങ്ങളായി തന്റെ പേരിൽ സൂക്ഷിക്കുന്ന റെക്കോഡിലേക്ക് പാരിസ് മൈതാനത്തെ കോരിത്തരിപ്പിച്ച് ഓടിക്കയറുകയെന്ന ലക്ഷ്യത്തോടെയായിരുന്നു വമ്പന്മാർ അണിനിരന്നത്. സ്പ്രിന്റ് ഡബ്ൾ എന്ന മഹാനേട്ടം ഓടിപ്പിടിക്കാൻ നോഹ ലൈൽസ് എന്ന അമേരിക്കക്കാരനും, പതിവു പോലെ ഹൃസ്വദൂരത്തിലെ കരീബിയൻ കരുത്തറിയിച്ച് കിഷെയ്ൻ തോംപ്സണും മുന്നിൽനിന്ന താരനിരയായിരുന്നു പാരിസിലെ വേഗരാജനെ നിർണയിക്കാനുള്ള കലാശപ്പോരിലെ പ്രധാന കാഴ്ച. ഒബ്‍ലിക് സെവില്ല, മാർസെൽ ജേക്കബ്സ് തുടങ്ങിയവർക്കൊപ്പം ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ, ലെറ്റ്സിൽ ടെബോഗോ (ബോട്സ്വാന), ഫ്രഡ് കെർലി, കെന്നി ബെഡ്നാരെക് (ഇരുവരും യു.എസ്) എന്നിവരുമായിരുന്നു മത്സരത്തിനുണ്ടായിരുന്നത്.

ലൈൽസ് ജയം പിടിച്ചതോടെ അമേരിക്ക പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറി. ചൈനക്കും അമേരിക്കക്കും 19 സ്വർണമാണെങ്കിൽ യു.എസിന് 26 വെള്ളിയും അത്രതന്നെ വെങ്കലവുമുണ്ട്. ചൈനക്ക് 15 വെള്ളിയും 11 വെങ്കലവുമാണ്. ആതിഥേയരായ ഫ്രാൻസ് 12 സ്വർണവുമായി മൂന്നാമതും ഇത്രയും സ്വർണവുമായി ആസ്ട്രേലിയ നാലാമതും 10 സ്വർണവുമായി ഗ്രേറ്റ് ബ്രിട്ടൻ അഞ്ചാമതുമാണ്.

Tags:    
News Summary - Paris Olympics 2024: Noah Lyles wins Olympic men's 100m gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.