ദോഹ: ഒളിമ്പിക്സ് വേദിയിൽ ഖത്തറിന്റെ കായിക ചരിത്രവും മേഖലയുടെ കുതിപ്പും വിശദീകരിച്ച് ഖത്തർ മ്യൂസിയത്തിന്റെ പ്രത്യേക പ്രദർശനത്തിന് ഉജ്ജ്വല തുടക്കം. ‘ഒളിമ്പിസം: ഒരു സ്വപ്നത്തേക്കാൾ’ എന്ന പേരിൽ പാരിസിലെ റോയൽ മോൺസിയോ റാഫിൾസ് ഹോട്ടലിലാണ് ഖത്തർ മ്യൂസിയത്തിന്റെ പ്രത്യേക പ്രദർശനത്തിന് തുടക്കമായത്.
ജൂലൈ 31ന് ആരംഭിച്ച പ്രദർശനം ആഗസ്റ്റ് 25 വരെ തുടരും. ദോഹയിലെ ത്രീ ടു വൺ സ്പോർട്സ് ആൻഡ് ഒളിമ്പിക് മ്യൂസിയവുമായി ചേർന്ന് ഖത്തർ മ്യൂസിയം സംഘടിപ്പിക്കുന്ന പരിപാടിയിൽ 1984 മുതലുള്ള ഖത്തറിന്റെ 40 വർഷത്തെ പങ്കാളിത്തം പ്രദർശിപ്പിക്കുന്നുണ്ട്.
ഖത്തറിന്റെ പൈതൃകവും കായിക കരുത്തും മുതൽ ഒളിമ്പിക്സിനായുള്ള ഖത്തറിന്റെ ഭാവി പദ്ധതികളും ഉൾക്കൊള്ളുന്നതാണ് പ്രദർശനമെന്ന് ഖത്തർ മ്യൂസിയം ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ബിൻ ഖലീഫ ആൽ ഥാനി പറഞ്ഞു.
ഉദ്ഘാടനച്ചടങ്ങിൽ ഫ്രാൻസിലെ ഖത്തർ അംബാസഡർ ശൈഖ് അലി ബിൻ ജാസിം ആൽ ഥാനി, ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബൂഐനൈൻ, ഖത്തർ ഒളിമ്പിക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഥാനി ബിൻ അബ്ദുറഹ്മാൻ അൽ കുവാരി, ഒളിമ്പിക് പ്രസ്ഥാന സ്ഥാപകൻ പിയറി ഡി കുബർട്ടിൻ ഫാമിലി അസോസിയേഷൻ പ്രസിഡന്റ് അലക്സാന്ദ്ര ഡി നവസെല്ല ഡി കൂബർട്ടിൻ എന്നിവർ പങ്കെടുത്തു.
മൂന്ന് ഭാഗങ്ങളായുള്ള പ്രദർശനത്തിന്റെ ആദ്യഭാഗം ആധുനിക ഒളിമ്പിക്സിന്റെ സ്ഥാപകനായ പിയറി ഡി കുബർട്ടിനോടുള്ള ആദരവാണ്. പ്രദർശനത്തിൽ കുബർട്ടിന്റെ രചനകളുടെ ആദ്യ അറബി പരിഭാഷയും പുറത്തിറക്കി.
1960 റോം ഒളിമ്പിക്സിൽ ബോക്സിങ് ഇതിഹാസം മുഹമ്മദലി ധരിച്ചിരുന്ന ബോക്സിങ് കൈയുറയും, 1964ലെ ഇൻസ്ബ്രൂക്ക് ഒളിമ്പിക് ദീപശിഖയും ഉൾപ്പെടെ മ്യൂസിയത്തിന്റെ ശേഖരത്തിൽ നിന്നുള്ള ഐക്കണിക് ഒളിമ്പിക് ആർട്ടിഫാക്ടുകളും ആദ്യ ഭാഗത്തിൽ ഉൾപ്പെടും.
1984 ലോസ് ആഞ്ജലസ് ഒളിമ്പിക്സിലെ അരങ്ങേറ്റം മുതൽ ടോക്യോ വരെയുള്ള ഖത്തറിന്റെ ഒളിമ്പിക് ചരിത്രവും നേട്ടങ്ങളുമാണ് രണ്ടാം ഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്. 1992 ബാഴ്സലോണ ഒളിമ്പിക്സിൽ 1500 മീറ്ററിൽ അത്ലറ്റ് മുഹമ്മദ് സുലൈമാൻ നേടിയ വെങ്കല മെഡലും ഇതിലുൾപ്പെടും. 2020 ടോക്യോവിൽ ഗോൾഡൻ ഫാൽക്കൺ എന്നറിയപ്പെടുന്ന മുഅ്തസ് ബർഷിമിന്റെ സ്വർണ മെഡലും പ്രദർശിപ്പിക്കുന്നുണ്ട്.
ഭാവിയിൽ ഖത്തറിന്റെ ഒളിമ്പിക്സ് ആതിഥേയത്വത്തിനായുള്ള താൽപര്യങ്ങളും പ്രതീക്ഷകളും ചൂണ്ടിക്കാട്ടുന്നതാണ് മൂന്നാം ഭാഗം. 2022 ലോകകപ്പ് ഫുട്ബാൾ ഉൾപ്പെടെയുള്ള ലോക കായിക ചാമ്പ്യൻഷിപ്പുകളുടെ വിജയകരമായ സംഘാടനവും നേട്ടങ്ങളും ഈ ഭാഗത്ത് അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.