പാരിസ്: വിവിധ രാജ്യങ്ങളുടെ പതാകക്കു കീഴിൽ മെഡലേറിയും ആവേശം തീർത്തും ആയിരങ്ങൾ കായിക മികവിന്റെ ഉത്സവം തീർത്ത നാളുകൾക്ക് പിറകെ ഒരിക്കലൂടെ പാരിസിൽ കളിക്കാലത്തിന് കൊടിയേറുന്നു. 4,400ഓളം താരങ്ങൾ മാറ്റുരക്കുന്ന പാരാലിമ്പിക്സ് 11 ദിവസം നീണ്ടുനിൽക്കും. 22 വിഭാഗങ്ങളിലായി 549 മെഡലുകൾക്കു വേണ്ടിയാകും മത്സരം.
ഒളിമ്പിക്സിൽ നിരവധി മത്സരങ്ങൾക്ക് വേദിയായ േപ്ലസ് ഡി കോൺകോഡിലാകും ഉദ്ഘാടന ചടങ്ങുകൾ. ചാറ്റ്യൂ ഡടി വെഴ്സായ്, ഗ്രാൻഡ് പാലസ് തുടങ്ങിയവയും വേദികളാകും. ബീച്ച് വോളിബാൾ നടന്ന ഈഫൽ ടവർ പരിസരത്ത് കാഴ്ച പരിമിതരുടെ ഫുട്ബാൾ നടക്കും. ടോക്യോ ഒളിമ്പിക്സിനേതിനെക്കാൾ 10 ഇനങ്ങൾ കൂടി ഇത്തവണ അധികമുണ്ടാകും. ലണ്ടൻ പരിസരമായ സ്റ്റോക് മാൻഡവിൽ ശനിയാഴ്ച കൊളുത്തിയ പാരാലിമ്പിക് ദീപശിഖ ഇംഗ്ലീഷ് ചാനൽ കടന്ന് ഫ്രാൻസിലെ പ്രധാന നഗരങ്ങളെല്ലാം ചുറ്റി ബുധനാഴ്ച ഉദ്ഘാടന വേദിയിലെത്തും. മെഡൽ പോരാട്ടങ്ങൾ വ്യാഴാഴ്ചയാണ് തുടക്കമാകുക. പാരാ തൈക്വാൻഡോ, പാരാ ടേബ്ൾ ടെന്നിസ്, പാരാ നീന്തൽ, പാരാ സൈക്ലിങ് ഇനങ്ങളിലാണ് ആദ്യ ദിനത്തിൽ ഫൈനൽ പോരാട്ടങ്ങൾ നടക്കുക. കാഴ്ച പരിമിതരുടെ സോക്കറിൽ 2004 മുതൽ അപരാജിതരായി തുടരുന്ന ബ്രസീലിന് തന്നെയാകും ഇത്തവണയും സ്വർണ പ്രതീക്ഷ. സെപ്റ്റംബർ ഒന്നിന് തുർക്കിക്കെതിരെയാണ് ടീമിന്റെ ആദ്യ മത്സരം. കഴിഞ്ഞ വർഷം സ്നോർകലിങ്ങിനിടെ സ്രാവിന്റെ ആക്രമണത്തിൽ കാൽ നഷ്ടമായ അമേരിക്കൻ നീന്തൽ താരം അലി ട്രൂവിറ്റ് ആദ്യമായി പാരാലിമ്പിക്സിനെത്തുന്നുണ്ട്.
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യ അഞ്ച് സ്വർണം, എട്ട് വെള്ളി, ആറ് വെങ്കലം എന്നിവയടക്കം 19 മെഡലുകളുമായി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മെഡൽ പട്ടികയിൽ 24ാമതായിരുന്നു ഇന്ത്യയുടെ സ്ഥാനം.
52 പുരുഷന്മാരും 32 വനിതകളുമടക്കം 84 അത്ലറ്റുകളാണ് ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 54 ആയിരുന്നു. മാരിയപ്പൻ തങ്കവേലു, അവാനി ലേഖര, സുമിത് ആന്റിൽ, മനീഷ് നർവാൽ, കൃഷ്ണ നഗർ എന്നിവർ ടോക്യോയിൽ സ്വർണം നേടിയപ്പോൾ ഭാവിന പട്ടേൽ, നിഷാദ് കുമാർ, യോഗേഷ് കാതുനിയ, സുഹാസ് യതിരാജ്, പ്രവീൺ കുമാർ, സുന്ദർ സിങ് ഗുർജാർ, ശരത് കുമാർ, ഹർവീന്ദർ സിങ്, മനോജ് സർക്കാർ എന്നിവർ മറ്റു മെഡലുകളും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.