‘നിങ്ങളുടെ തിരിച്ചുവരവിനായി ലോകം കാത്തിരിക്കുന്നു’; കോഹ്ലിക്ക് ജന്മദിനാശംസകൾ നേർന്ന് ക്രിക്കറ്റ് ലോകം

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസം വിരാട് കോഹ്ലി 36ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ് സഹതാരങ്ങളും ക്രിക്കറ്റ് ലോകവും.

കോഹ്ലിക്ക് ആശംസകൾ നേർന്ന മുൻ ഇന്ത്യൻ താരം യുവരാജ് സിങ്, കോഹ്ലിയുടെ തിരിച്ചുവരവിനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും എക്സിൽ കുറിച്ചു. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിത് ശർമക്കൊപ്പം കോഹ്ലിയും ആരാധകരെ തീർത്തും നിരാശപ്പെടുത്തി. ആറു ഇന്നിങ്സുകളിൽനിന്നായി 93 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം. ശരാശരി 15.50.

ഒരു മത്സരത്തിൽ 70 റൺസ് നേടിയത് മാറ്റി നിർത്തിയാൽ, ബാക്കി ഇന്നിങ്സുകളിലൊന്നും താരത്തിന് ക്രീസിൽ നിലയുറപ്പിക്കാനായില്ല. ആരാധകരുടെ രൂക്ഷ വിമർശനങ്ങൾക്കിടെയാണ് താരത്തിന്‍റെ ജന്മദിനം എത്തുന്നത്. ‘കിങ് കോഹ്ലിക്ക് ജന്മദിനാശംസകൾ നേരുന്നു. തിരിച്ചടികളിൽനിന്നാണ് ഏറ്റവും വലിയ തിരിച്ചുവരവുകൾ ഉണ്ടാകുന്നത്, നിങ്ങളുടെ ഗംഭീര തിരിച്ചുവരവിനായി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്നു. നിങ്ങൾ ഇത് മുമ്പ് ചെയ്തിട്ടുണ്ട്, ഇനിയും നിങ്ങൾ ഇത് ചെയ്യുമെന്ന് ഉറപ്പുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ! സ്നേഹം’ -യുവരാജ് കുറിച്ചു.

മുൻ ഇന്ത്യൻ താരം സുരേഷ് റെയ്നയും കോഹ്ലിക്ക് ജന്മദിനാശംസകൾ നേർന്നു. ‘ഐതിഹാസിക ക്രിക്കറ്ററും എല്ലാവർക്കും പ്രചോദനവുമായ കോഹ്ലിക്ക് ജന്മദിനാശംസകൾ! നിങ്ങളുടെ വരാനിരിക്കുന്ന വർഷം സന്തോഷവും വിജയവും നിറഞ്ഞതാകട്ടെ’ -റെയ്ന എക്സിൽ വ്യക്തമാക്കി.

കോഹ്ലിയുടെ മനോഭാവവും സമീപനവുമാണ് ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചതെന്ന് മുൻ താരം എസ്. ബദ്രീനാഥ് പറഞ്ഞു. മറ്റൊരു ഇന്ത്യൻ താരമായ ആകാശ് ചോപ്രയും കോഹ്ലിക്ക് ആശംസകൾ നേർന്നു. ‘യുവ പ്രതിഭയിൽനിന്ന് നമ്മുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരിലൊരാളിലേക്കുള്ള നിങ്ങളുടെ യാത്ര അസാധാരണമായ ഒന്നായിരുന്നു. വലിയ സ്വപ്‌നങ്ങൾ കാണാനും കഠിനാധ്വാനം ചെയ്യാനും സ്വയം വിശ്വസിക്കാനും ക്രിക്കറ്റ് താരങ്ങൾക്ക് വലിയ പ്രചോദനമായി. ജന്മദിനാശംസകൾ’ -മുൻ സ്പിൻ ഇതിഹാസം ഹർഭജൻ സിങ് പറഞ്ഞു.

Tags:    
News Summary - Yuvraj Singh's Big Wish On Virat Kohli's 36th Birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.