കോഴിക്കോട്: ലോസ് ആഞ്ജലസ് ഒളിമ്പിക്സിൽ നേരിയ വ്യത്യാസത്തിന് വെങ്കല മെഡൽ നഷ്ടമായെങ്കിലും പിന്നീട് ട്രാക്കിനകത്തും പുറത്തും നേട്ടങ്ങളുണ്ടാക്കിയ അത്ലറ്റാണ് പി.ടി. ഉഷ. ചെറുപ്രായത്തിൽ അർജുന അവാർഡും പത്മശ്രീയും സ്വന്തമാക്കിയ 'പയ്യോളി എക്സ്പ്രസി'ന് ഒടുവിലത്തെ നേട്ടമാണ് രാജ്യസഭയിലേക്കുള്ള നാമനിർദേശം. 14 വർഷം നീണ്ട കരിയറിൽ നൂറിലേറെ അന്താരാഷ്ട്ര മെഡലുകളും ആയിരത്തിലേറെ ദേശീയ മെഡലുകളും സ്വന്തമാക്കിയ മറ്റൊരു അത്ലറ്റ് രാജ്യത്തില്ല.
ഏഷ്യൻ അത്ലറ്റിക്സ് ഫെഡറേഷന്‍റെയും ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്‍റെയും നിരീക്ഷക പദവിയിലിരുന്ന ഉഷയെ രാജ്യസഭാംഗത്വം തേടിയെത്തുന്നത് ഏറക്കുറെ പ്രതീക്ഷിച്ചതാണ്.രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് മുമ്പുതന്നെ ഉഷ മാധ്യമങ്ങളോട് മനസ്സ് തുറന്നിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഉഷയെ രംഗത്തിറക്കാൻ നേരത്തേ ശ്രമമുണ്ടായിരുന്നു.
കോൺഗ്രസിന്‍റെ പ്രതാപകാലത്തായിരുന്നു ഈ നീക്കങ്ങൾ. 1991ൽ വടകരയിൽ ലോക്സഭയിലേക്ക് പൊതുസമ്മത സ്ഥാനാർഥിയാക്കാൻ ആലോചനയുണ്ടായിരുന്നു. സമ്മതം മൂളാത്തതിനാൽ നടന്നില്ല. പിന്നീട് കൊയിലാണ്ടിയിൽ നിയമസഭയിലേക്ക് കോൺഗ്രസ് പരിഗണിക്കുമെന്ന് വാർത്ത പ്രചരിച്ചു. എന്നാൽ, സ്കൂൾ ഓഫ് അത്ലറ്റിക്സിന്‍റെ പ്രവർത്തനങ്ങളിലും ദക്ഷിണ റെയിൽവേയിലെ ഉന്നത ജോലിയിലും ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഇന്ത്യയുടെ 'ഗോൾഡൻ ഗേൾ'. അഭിമാനതാരം രാജ്യസഭ എം.പിയാകുമ്പോഴും കേരളത്തിൽ അത്രയധികം ആവേശമില്ല.
ഉഷക്കൊപ്പം രാഷ്ട്രപതി നാമനിർദേശം ചെയ്ത സംഗീതജ്ഞൻ ഇളയരാജയുടെ നേട്ടം തമിഴ്നാട് ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ സമൂഹ മാധ്യമങ്ങളിലെല്ലാം അഭിനന്ദന കുറിപ്പുകളെഴുതി. മുഖ്യമന്ത്രി പിണറായി വിജയൻ ട്വിറ്ററിൽ എഴുതിയ കുറിപ്പ് മാത്രമാണ് സംസ്ഥാന സർക്കാറിന്‍റെ ഭാഗത്തുനിന്നുണ്ടായത്.
വ്യാഴാഴ്ച വൈകീട്ടുവരെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലോ വ്യക്തിഗത പേജിലോ പി.ടി. ഉഷക്ക് അഭിനന്ദനമില്ല. കായികമന്ത്രി വി. അബ്ദുറഹ്മാൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ, കേരള ഒളിമ്പിക് അസോസിയേഷൻ മുഖ്യഭാരവാഹികൾ, യു.ഡി.എഫ് നേതാക്കൾ എന്നിവരാരും പ്രതികരിച്ചിട്ടില്ല. സംഘ്പരിവാർ ബന്ധമാണ് ഉഷയോടുള്ള തണുത്ത പ്രതികരണത്തിന് കാരണമെന്നാണ് സൂചന. ആഘോഷിച്ചത് ബി.ജെ.പി നേതാക്കൾ മാത്രമാണ്. എം.പിയായി നാമനിർദേശം നൽകിയതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്നും ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും ഉഷ ഫേസ്ബുക്കിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.