ഇരട്ടയിൽ മിന്നി റാഷ്ഫോഡും ഗർണാച്ചോയും എറിക്സണും; ഏഴഴകിൽ യുനൈറ്റഡ്

മാഞ്ചസ്റ്റർ: ഇ.എഫ്.എൽ കപ്പിൽ വമ്പൻ ജയം ആഘോഷിച്ച് മാഞ്ചസ്റ്റർ യുനൈറ്റഡ്. ബാൻസ്ലെയെ എതിരില്ലാത്ത ഏഴ് ഗോളിനാണ് എറിക് ടെൻഹാഗിന്റെ സംഘം മുക്കിയത്. യുനൈറ്റഡിനായി മാർകസ് റാഷ്ഫോഡ്, അലജാ​ന്ദ്രോ ഗർണാച്ചോ, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവർ ഇരട്ടഗോളുമായി മിന്നിയപ്പോൾ ആന്റണിയാണ് ശേഷിച്ച ഗോൾ നേടിയത്.

ഓൾഡ് ട്രാഫോഡിൽ അരങ്ങേറിയ മത്സരത്തിൽ കളം അടക്കിവാണാണ് യുനൈറ്റഡ് ഗോളുകളടിച്ചുകൂട്ടിയത്. 16ാം മിനിറ്റിൽ റാഷ്ഫോഡിലൂടെ തുടക്കമിട്ട ഗോൾവേട്ട 85ാം മിനിറ്റിൽ എറിക്സണിലൂടെയാണ് അവസാനിപ്പിച്ചത്. ഗർണാച്ചോയുടെ ലോങ് പാസ് പിടിച്ചെടുത്ത് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞാണ് റാഷ്ഫോഡ് ആദ്യ ഗോളിലേക്ക് വെടിയുതിർത്തത്. 35ാം മിനിറ്റിൽ പന്തുമായി മുന്നേറിയ ആന്റണിയെ എതിർ ഗോൾകീപ്പർ വീഴ്ത്തിയതോടെ റഫറി മഞ്ഞക്കാർഡെടുക്കുകയും ​പെനാൽറ്റിയിലേക്ക് വിസിലൂതുകയും ചെയ്തു. കിക്കെടുത്ത ആന്റണിക്ക് പിഴച്ചില്ല. സ്കോർ 2-0. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബാൻസ്ലെ ഗോൾമുഖത്തെ കൂട്ടപ്പൊരിച്ചി​ലിനൊടുവിൽ ഗർണാച്ചോ കൂടി നിറയൊഴിച്ചതോടെ മൂന്ന് ഗോൾ ലീഡായി.

ഇട​വേള കഴിഞ്ഞെത്തിയയുടൻ ഗർണാച്ചോ തന്നെ ലീഡുയർത്തി. എറിക്സൺ കൈമാറിയ പന്തുമായി ഒറ്റക്ക് കുതിച്ച അർജന്റീനക്കാരൻ ഗോൾകീപ്പറെ കബളിപ്പിച്ച് പന്ത് വലക്കുള്ളിലാക്കുകയായിരുന്നു. 58ാം മിനിറ്റിൽ ഗർണാച്ചോയുടെ അസിസ്റ്റിൽ റാഷ്ഫോഡ് രണ്ടാമതും ലക്ഷ്യം കണ്ടതോടെ ലീഡ് അഞ്ചായി. ഇതിനിടെ ആന്റണിയുടെ തകർപ്പൻ ഷോട്ട് ഗോൾകീപ്പർ കുത്തിയകറ്റിയപ്പോൾ ഗർണാച്ചോ ഹാട്രിക്കിനുള്ള അവസരവും പാഴാക്കി. 81, 85 മിനിറ്റുകളിൽ ബ്രൂണോ ഫെർണാണ്ടസിന്റെ അസിസ്റ്റിൽ എറിക്സൻ ഇരട്ട ഗോളുകൾ നേടിയതോടെ പട്ടിക പൂർത്തിയായി. 2021 ഫെബ്രുവരിയിൽ സതാംപ്ടണെ 9-0ത്തിന് തോൽപിച്ച ശേഷം യുനൈറ്റഡിന്റെ ഏറ്റവും വലിയ വിജയമാണിത്. 

Tags:    
News Summary - Rashford, Garnacho and Eriksen with doubles; Seven Goal Win for United

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.