ബഗ്ദാദ്: പുതുമകളോടെ പുതുപേരിൽ തുടക്കമായ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലീറ്റിലെ ആദ്യ മത്സരത്തിൽ സൗദി ക്ലബായ അൽനസ്റിനെ സമനിലയിൽ കുരുക്കി ഇറാഖ് ക്ലബായ അൽശുർത. വൈറസ് ബാധയെ തുടർന്ന് ക്രിസ്റ്റ്യാനോയെ പുറത്തിരുത്തി ഇറങ്ങിയ ടീമിനെ 1-1നാണ് എതിരാളികൾ പിടിച്ചുകെട്ടിയത്.
റെക്കോഡ് തുകക്ക് സൗദി പ്രോലീഗിലെത്തിയ ക്രിസ്റ്റ്യാനോ ഇതുവരെയും ടീമിനൊപ്പം ഒരു കിരീടം നേടിയിട്ടില്ല. 14ാം മിനിറ്റിൽ സുൽത്താൻ അൽഗാനം അൽനസ്റിനെ മുന്നിലെത്തിച്ചപ്പോൾ 10 മിനിറ്റ് കഴിഞ്ഞ് മുഹമ്മദ് ദാവൂദ് സമനില പിടിച്ച ഗോൾ കണ്ടെത്തി. രണ്ടാം പകുതിയിൽ അൽനസ്റിന് ഇരട്ട ആഘാതമായി മാഴ്സലോ ബ്രോസോവിച്ച് പരിക്കേറ്റ് മടങ്ങി.
മറ്റൊരു മത്സരത്തിൽ അൽനസ്റിന്റെ ബദ്ധവൈരികളായ അൽഅഹ്ലി തങ്ങളുടെ ആദ്യ കളി ജയിച്ചു. ജിദ്ദയിൽ നടന്ന മത്സരത്തിൽ പേഴ്സിപോളിസിനെയാണ് ടീം ഏകപക്ഷീയമായ ഒരു ഗോളിന് കടന്നത്. മുൻ ബാഴ്സ താരം ഫ്രാങ്ക് കെസ്സിയായിരുന്നു സ്കോറർ. യു.എ.ഇ ക്ലബായ അൽഐനും ഖത്തറിലെ അൽസദ്ദും തമ്മിലെ മത്സരം 1-1ന് സമനിലയിലായി. ഇറാൻ ക്ലബായ ഇസ്തിഗ്ലാൽ ഖത്തറിലെ അൽഗറാഫയെ എതിരില്ലാത്ത കാൽ ഡസൻ ഗോളുകൾക്ക് തകർത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.