പ്രായം കുറഞ്ഞ ഗോൾ വേട്ടക്കാരനായി എൻഡ്രിക്; ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയത്തോടെ തുടങ്ങി റയൽ മാഡ്രിഡ്

ചാമ്പ്യൻസ് ലീഗിൽ ആദ്യ പോരാട്ടത്തിനിറങ്ങിയ റയൽ മാഡ്രിഡിന് തകർപ്പൻ ജയം. ജർമൻ ക്ലബ് വി.എഫ്.ബി സ്റ്റട്ടഗർട്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് സ്പാനിഷ് ചാമ്പ്യന്മാർ തകർത്തുവിട്ടത്. റയലിന് വേണ്ടി കിലിയൻ എംബാപ്പെ, അന്റോണിയോ റൂഡിഗർ, എൻഡ്രിക്ക് എന്നിവർ ഗോൾ നേടിയപ്പോൾ ഡെനിസ് യുണ്ടാവിന്റെ വകയായിരുന്നു സ്റ്റട്ട്ഗർട്ടിന്റെ ആശ്വാസഗോൾ.

ഗോൾ നേട്ടത്തോടെ, ചാമ്പ്യൻസ് ലീഗിൽ റയലിന്റെ പ്രായം കുറഞ്ഞ സ്കോററായി എൻഡ്രിക്ക്. 18 വർഷവും 58 ദിവസവുമാണ് ബ്രസീലുകാര​ന്റെ പ്രായം. 1995ൽ 18 വർഷവും 113 ദിവസവും പ്രായമുള്ളപ്പോൾ വലകുലുക്കിയ റൗൾ ഗോൾസാലസി​ന്റെ റെക്കോഡാണ് മറികടന്നത്. നേരത്തെ റയൽ വായ്യഡോളിഡിനെതിരെ ഗോൾ നേടി 21ാം നൂറ്റാണ്ടിൽ റയലിനായി ലാലിഗയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും എൻഡ്രിക്കിനെ തേടിയെത്തിയിരുന്നു.

സ്കോർ സൂചിപ്പിക്കും പോലെ ഏകപക്ഷീയമായിരുന്നില്ല മത്സരം. പന്തടക്കത്തിൽ അൽപം മുന്നിൽനിന്ന ജർമൻകാർ അവസരമൊരുക്കുന്നതിൽ റയലിനൊപ്പം നിൽക്കുകയും ചെയ്തു. എന്നാൽ, ഫിനിഷിങ്ങിലെ പാളിച്ചകൾ തിരിച്ചടിയാവുകയായിരുന്നു. ആദ്യ പകുതിയിൽ ഗോളെന്നുറച്ച മികച്ച അവസരങ്ങൾ സ്റ്റട്ട്ഗർട്ട് പാഴാക്കിയതിന് അവർക്ക് കനത്ത വില നൽകേണ്ടിവന്നു.

എന്നാൽ, രണ്ടാം പകുതി തുടങ്ങിയയുടൻ സൂപ്പർ താരം കിലിയൻ എംബാപ്പെ റയലിനെ മുന്നിലെത്തിച്ചു.ലോസ് ബ്ലാങ്കോസിന് വേണ്ടി ചാമ്പ്യൻസ് ലീഗിൽ താരത്തിന്റെ ആദ്യ ഗോൾ കൂടിയായി അത്. ഒറിലിയൻ ഷുവാമെനി നൽകിയ പന്ത് റോഡ്രിഗോ എംബാപ്പെക്ക് കൈമാറുകയായിരുന്നു. താരം പിഴവില്ലാതെ വലയിലേക്ക് തിരിച്ചുവിടുകയും ചെയ്തു. 

68ാം മിനിറ്റിൽ സ്റ്റട്ട്ഗർട്ട് തിരിച്ചടിച്ചു. ഹെഡറിലൂടെ ഡെനിസ് യുണ്ടാവാണ് അവരെ ഒപ്പമെത്തിച്ചത്. 83ാം മിനിറ്റിൽ ഡിഫൻഡർ അന്റോണിയോ റൂഡിഗറുടെ ഹെഡറിലൂടെ റയൽ ലീഡ് തിരിച്ചുപിടിച്ചു. 80ാം മിനിറ്റിൽ ജൂഡ് ബെല്ലിങ്ഹാമിന് പക​രമെത്തിയ എൻഡ്രിക്ക് ഇഞ്ചുറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ സ്റ്റട്ട്ഗർട്ടിന്റെ വലയിൽ പന്തെത്തിച്ചതോടെ പട്ടിക പൂർത്തിയായി.

Tags:    
News Summary - Endrick becomes Real's youngest goalscorer in Champions League; The Spanish giants started with a smashing win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.