ഈ വർഷത്തെ ഐ.പി.എൽ മത്സരത്തിൽ എം.എസ്. ധോണിയെ പുറത്താക്കിയത് തനിക്ക് വിഷമമുണ്ടാക്കിയെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ ലെഫ്റ്റ് ഹാൻഡ് പേസ് ബൗളർ യാഷ് ദയാൽ. നോക്കൗട്ടിന് മുമ്പുള്ള നോക്കൗട്ട് മത്സരമായിരുന്നു ഇരു ടീമുകളുടെയും ലീഗിലെ അവസാന മത്സരം. അവസാന ഓവറിൽ സി.എസ്.കെക്ക് പ്ലേ ഓഫിലേക്ക് ക്വാളിഫൈ ചെയ്യാൻ 17 റൺസ് വേണ്ടിയിരിക്കെ യാഷ് ദയാലായിരുന്നു പന്ത് എറിയാനെത്തിയത്. ലോക ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാളായ എം.എസ്. ധോണിയായിരുന്നു സ്ട്രൈക്കിൽ ഉണ്ടായിരുന്നത്.
ആദ്യ പന്ത് ധോണി കൂറ്റൻ സിക്സറടിച്ചപ്പോൾ രണ്ടാം പന്തിൽ യാഷ് ദയാൽ സ്ലോ ബോളിലൂടെ ധോണിയെ പുറത്താക്കുകയായിരുന്നു. മത്സരത്തിൽ ആർ.സി.ബി വിജയിക്കുകയും പ്ലേ ഓഫിലേക്ക് കടക്കുകയും ചെയ്തു. എന്നാൽ ധോണിയെ പുറത്താക്കിയതിന് ശേഷം തനിക്ക് വിഷമമായെന്ന് പറയുകയാണ് താരമിപ്പോൾ. 'റോറിങ് വിത്ത് ലയൺസ്' എന്ന പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ധോണിയെ പുറത്താക്കിയതിന് ശേഷം എനിക്ക് വിഷമമായി, ഞാൻ ആളുകൾ പറയുന്നതൊന്നും കേൾക്കാൻ ആഗ്രഹിക്കുന്നില്ല, എന്നാലും അദ്ദേഹം അത്രയും നിരാശയോടെയാണ് അന്ന് ഗ്രൗണ്ട് വിട്ടത്. നമുക്കറിയില്ലെല്ലോ ഇനി കളിക്കുമോ ഇല്ലയോ എന്നുള്ളത്. ഇനി നമ്മൾ അദ്ദേഹത്തെ ഗ്രൗണ്ടിൽ കാണുമോ? ആ സമയം ഒരുപാട് കാര്യങ്ങൾ തലയിൽ കൂടി ഓടുന്നുണ്ടായിരുന്നു, ഞാൻ ഒരു ദീർഘ ശ്വാസമെടുത്ത് ചെറിയ ആശ്വാസം കണ്ടെത്തുകയായിരുന്നു,' ദയാൽ പറഞ്ഞു.
13 പന്തിൽ 25 റൺസ് നേടിയായിരുന്നു ധോണി പുറത്തായത്. അദ്ദേഹത്തിന്‍റെ അവസാന സീസൺ ആയിരിക്കുമെന്നും അല്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം ഇന്ത്യൻ ടെസ്റ്റ് സ്ക്വാഡിൽ അവസരം ലഭിച്ചതിന്‍റെ ആവേശത്തിലാണ് യാഷ് ദയാൽ. ബംഗ്ലാദേശിനെതിരെ 19ന് ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരക്കുള്ള ആദ്യ മത്സരത്തിലാണ് ദയാൽ സെലക്ട് ചെയ്യപ്പെട്ടത്. ഇന്ത്യൻ ടീമിൽ സ്ഥിര സാന്നിധ്യമാകാൻ ആയിരിക്കും ഈ ഇടം കയ്യൻ ബൗളറുടെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.