ബധിര കായികതാരങ്ങൾക്ക് സംവരണം: കേന്ദ്ര ഉത്തരവ് നടപ്പായില്ല

മലപ്പുറം: ബധിര കായികതാരങ്ങൾക്ക് കേന്ദ്രസർക്കാർ സർവിസിൽ സംവരണം നൽകാൻ ഉത്തരവിറങ്ങി രണ്ടു വർഷത്തോളമായെങ്കിലും നടപടിയായില്ല. 2020 സെപ്റ്റംബർ ഒന്നിന് കേന്ദ്ര പേഴ്സനൽ, പെൻഷൻ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിലാണ് ബധിര കായികതാരങ്ങളെ കായികതാരങ്ങൾക്കുള്ള സംവരണപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇതുപ്രകാരം വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലും സി വിഭാഗത്തിൽ വരുന്ന നിയമനങ്ങൾക്ക് ഇവർക്കും അർഹതയുണ്ട്. സംവരണത്തിന് അർഹതയുള്ള 63 കായിക ഇനങ്ങൾ ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച പുതുക്കിയ പട്ടികയിൽ 17ാമതായാണ് ബധിര കായികതാരങ്ങളെ ഉൾപ്പെടുത്തിയത്.

നിലവിൽ ഈ വിഭാഗത്തിൽ ആർക്കും നിയമനം നൽകിയതായി അറിവില്ല. കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങൾ പൊതുവെ കേന്ദ്രസർക്കാറിന്‍റെ നിയമന മാനദണ്ഡങ്ങളാണ് പിന്തുടരാറ്. എന്നാൽ, അവിടെയും ഇത്തരത്തിൽ നിയമന നടപടി സ്വീകരിച്ചതായി വിവരമില്ല. സംസ്ഥാന സർക്കാറും നിലവിൽ ഇക്കാര്യത്തിൽ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കേരള സംസ്ഥാന ബധിര അസോസിയേഷന്‍റെ നേതൃത്വത്തിൽ 2019ൽ പി. അബ്ദുൽ ഹമീദ് ചെയർമാനായ നിയമസഭ ഭിന്നശേഷി കമീഷനെ കണ്ട് വിഷയം ഉണർത്തിയിരുന്നു. കമീഷൻ അനുഭാവപൂർണം ഇത് പരിഗണിക്കുകയും സർക്കാറിന്‍റെ ശ്രദ്ധയിൽ കൊണ്ടുവരുകയും ചെയ്തിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ഉത്തരവിറക്കിയെങ്കിലും സംസ്ഥാന സർക്കാർ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.

പി.എസ്.സിക്കുപുറമെ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ച് അടക്കമുള്ളയിടങ്ങളിലെ നിയമനങ്ങളിലും ഇവരെ പരിഗണിക്കാൻ സർക്കാർ ഉത്തരവുണ്ടാകണം. നേരത്തേ ഈ വിഷയത്തിൽ അനുഭാവപൂർണമായ നിലപാട് സ്വീകരിച്ച സംസ്ഥാന സർക്കാർ വൈകാതെ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ബധിര അസോസിയേഷനടക്കമുള്ളവർ.

Tags:    
News Summary - Reservation for deaf athletes: Central order not implemented

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.