ദുബൈ: ഇന്ത്യയുടെ ടെന്നിസ് ഇതിഹാസങ്ങളുടെ പട്ടികയിൽ പേരുചേർത്ത് സാനിയ മിർസ കോർട്ട് വിട്ടു. കരിയറിലെ അവസാന ടൂർണമെന്റായ ദുബൈ മാസ്റ്റേഴ്സിലെ വനിത ഡബ്ൾസിലെ തോൽവിയോടെയാണ് 36കാരിയുടെ വിടവാങ്ങൽ. സാനിയ മിർസയും അമേരിക്കയുടെ മാഡിസൻ കീസും ചേർന്ന സഖ്യം റഷ്യയുടെ വെറോനിക്ക കുഡർമെറ്റോവ-ല്യൂഡ്മില സംസൊനോവ ജോടിയോട് 4-6, 0-6 എന്ന സ്കോറിന് തോറ്റ് ആദ്യ റൗണ്ടിൽ പുറത്തായി.
18 വർഷം പിന്നിട്ട സാനിയയുടെ അന്താരാഷ്ട്ര കരിയറിന് ആറു ഗ്രാൻഡ്സ്ലാം അടക്കം 43 കിരീടങ്ങൾ അലങ്കാരമായി.കഴിഞ്ഞമാസം കളിച്ച ആസ്ട്രേലിയൻ ഓപണായിരുന്നു സാനിയയുടെ കരിയറിലെ അവസാന ഗ്രാൻഡ്സ്ലാം. മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണക്കൊപ്പം ഫൈനൽ വരെയെത്തി.
രണ്ടുതവണ തന്നെ ജേത്രിയാക്കിയ ആസ്ട്രേലിയൻ മണ്ണ് ഇത്തവണയും തുണക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബ്രസീലിൽനിന്നുള്ള ലൂയിസ സ്റ്റെഫാനി-റാഫേൽ മാറ്റോസ് സഖ്യത്തോട് 7-6 (7-2), 6-2 എന്ന സ്കോറിന് പരാജയപ്പെട്ടു. മൂന്നുതവണ വീതം ഡബ്ൾസ്, മിക്സഡ് ഡബ്ൾസ് ജേതാവായ താരം ആസ്ട്രേലിയൻ ഓപൺ തന്റെ അവസാന ഗ്രാൻഡ്സ്ലാം മത്സരമാകുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
സീഡ് ചെയ്യപ്പെടാതെ എത്തിയ ഇന്ത്യൻ സഖ്യം ടൂർണമെന്റിൽ സ്വപ്നതുല്യമായ കുതിപ്പ് നടത്തി. ഹൈദരാബാദുകാരിയുടെ കരിയറിലെ 11ാം ഗ്രാൻഡ്സ്ലാം ഫൈനലായിരുന്നു ഇത്.നേരത്തേ 2009ൽ മിക്സഡ് ഡബ്ൾസിൽ മഹേഷ് ഭൂപതിക്കൊപ്പവും 2016ൽ ഡബ്ൾസിൽ മാർട്ടിന ഹിംഗിസിനൊപ്പവും സാനിയ മെൽബണിൽ കിരീടമണിഞ്ഞിരുന്നു. 2005ൽ മെൽബണിൽ സെറീന വില്യംസിനെതിരെ ആസ്‌ട്രേലിയൻ ഓപണിൽ കളിച്ചാണ് കരിയർ തുടങ്ങിയത്. പരാജയപ്പെട്ടെങ്കിലും അതേവർഷം ഹൈദരാബാദിൽ സിംഗ്ൾസിൽ ഡബ്ല്യു.ടി.എ കിരീടം സ്വന്തമാക്കി തുടങ്ങിയ ജൈത്രയാത്ര.
2005ലെ യു.എസ് ഓപണിൽ നാലാം റൗണ്ടിലെത്തി സാനിയ വിസ്മയിപ്പിച്ചു. ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയായി അന്നവർ മാറി. 10 വർഷം മുമ്പ് ഡബ്ൾസിലേക്ക് മാത്രം മാറുന്നതിന് മുമ്പ് വരെ ഇന്ത്യയുടെ ഒന്നാം നമ്പർ വനിത താരമായി നിലകൊണ്ടു. 2007ൽ ലോക റാങ്കിങ്ങിൽ 27ാം സ്ഥാനത്തെത്തി സ്വപ്നതുല്യമായ നേട്ടവും സ്വന്തമാക്കി. ഡബ്ൾസിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതോടെ 91 ആഴ്ച ലോക ഒന്നാം നമ്പർ വനിത താരമായും സാനിയ വാഴുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.