മുംബൈ: മുംബൈയുടെ ഇറാനി ട്രോഫി വിജയം അപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന സഹോദരനും സഹതാരവുമായ മുഷീർ ഖാനും പിതാവ് നൗഷാദ് ഖാനുമൊപ്പം ആഘോഷമാക്കി ഇന്ത്യൻ ടെസ്റ്റ് ടീം അംഗം സർഫറാസ് ഖാൻ. മൂവരും കിരീടവുമായി നിൽക്കുന്ന ചിത്രം സർഫറാസ് തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്.
ടൂർണമെന്റിൽ കളിക്കാൻ അസംഗഢിൽനിന്ന് ലഖ്നോയിലേക്ക് പോകുന്നതിനിടെയാണ് മുഷീർ ഖാനും പിതാവും സഞ്ചരിച്ച കാർ ഡിവൈഡറിലിടിച്ച് പലതവണ മറിയുകയും മുഷീറിന്റെ കഴുത്തിന് പരിക്കേൽക്കുകയും ചെയ്തത്. പിതാവ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു.
ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറിയുമായി മുംബൈയുടെ കിരീട വിജയത്തിൽ നിർണായക പങ്കുവഹിച്ച സർഫറാസ് കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ‘ഈ ട്രോഫി ടീമിന്റേതാണ്, എന്നാൽ മുഷീറിനായി സെഞ്ച്വറി അടിക്കുമെന്ന് ഞാൻ വീട്ടിൽവെച്ച് വാഗ്ദാനം ചെയ്തിരുന്നു. ഇത് അവനുള്ളതാണ്’ -എന്നിങ്ങനെയായിരുന്നു മത്സരശേഷം സർഫറാസ് പ്രതികരിച്ചത്.
1997-98 സീസണിന് ശേഷം ആദ്യമായാണ് മുംബൈ ഇറാനി ട്രോഫിയിൽ കിരീടം ചൂടുന്നത്. ഇതിന് ശേഷം എട്ടുതവണ ഫൈനലിൽ പ്രവേശിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.