റിയാദ്: പ്രഥമ സൗദി ദേശീയ ഗെയിംസിൽ ഇന്ത്യക്ക് ഇരട്ട സ്വർണ മെഡൽ നേട്ടം. ബാഡ്മിന്റൺ വനിത വിഭാഗം വ്യക്തിഗത ചാമ്പ്യൻഷിപ്പിൽ മലയാളി പെൺകുട്ടിയാണ് സുവർണ നേട്ടം സ്വന്തമാക്കിയത്.സ്വർണമെഡലും 10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാനത്തുകയും നേടിയത് കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ 11ാം ക്ലാസ് വിദ്യാർഥിനിയുമായ ഖദീജ നിസയാണ്.
മലയാളികൾക്കും ഇന്ത്യക്കാകെതന്നെയും അഭിമാനകരമായ നേട്ടമാണ് ഈ മിടുക്കി സ്വന്തമാക്കിയത്. സൗദി അറേബ്യ ആദ്യമായി സംഘടിപ്പിച്ച ദേശീയ ഗെയിംസിൽ മാറ്റുരച്ച ഏക മലയാളി താരമാണ് ഖദീജ നിസ.സൗദിയിൽ ജനിച്ച വിദേശികൾക്കും ദേശീയ ഗെയിംസിൽ ഭാഗമാകാം എന്ന ഇളവാണ് ഈ പെൺകുട്ടിക്ക് തുണയായത്.ഖദീജ നിസ സൗദി ദേശീയ ഗെയിംസിൽ മത്സരിക്കുന്ന വാർത്ത ആദ്യം പുറത്തുവിട്ടത് 'ഗൾഫ് മാധ്യമ'മാണ്.
ഒക്ടോബർ 28ന് റിയാദിൽ ആരംഭിച്ച സൗദി ദേശീയ ഗെയിംസിൽ നവംബർ ഒന്നു മുതലാണ് ബാഡ്മിന്റൺ മത്സരങ്ങൾ ആരംഭിച്ചത്.ആദ്യം വിവിധ ക്ലബുകളുടെ പ്രതിനിധികൾ ഉൾപ്പെടുന്ന പൂളുകൾ തമ്മിലായിരുന്നു മത്സരം.ഇതിൽ അനായാസം വിജയം വരിച്ച ഖദീജ നിസ ബുധനാഴ്ച വൈകീട്ട് നടന്ന ക്വാർട്ടർ ഫൈനലിലും വ്യാഴാഴ്ച രാവിലെ നടന്ന സെമിഫൈനലിലും വിജയം നേടി.
ആകാംക്ഷ മുറ്റിയ നിമിഷങ്ങൾക്കൊടുവിൽ അൽ-നജ്ദ് ക്ലബിനെ പ്രതിനിധാനം ചെയ്ത് മത്സരിച്ച ഖദീജ വ്യാഴാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ഫൈനൽ മത്സരത്തിൽ അൽ-ഹിലാൽ ക്ലബിനെ പ്രതിനിധാനം ചെയ്ത് കളത്തിലിറങ്ങിയ ഹലാൽ അൽ-മുദരിയ്യയെ 21-11, 21-10 എന്ന സ്കോർ നിലയിൽ അനായാസം തകർത്തെറിഞ്ഞ് വിജയകിരീടം ചൂടുകയായിരുന്നു.
ആരവങ്ങളോടെ കാണികളെ അഭിവാദ്യം ചെയ്ത ഖദീജ നിസ കളിച്ചുകയറിയത് സൗദി അറേബ്യയുടെ ചരിത്രത്തിലേക്ക് കൂടിയാണ്.10 ലക്ഷം റിയാൽ (ഏകദേശം രണ്ട് കോടി 20 ലക്ഷം രൂപ) സമ്മാനത്തുകയാണ് മത്സരിച്ച എല്ലാ കളികളിലും എതിരാളികളെ തകർത്ത് തരിപ്പണമാക്കിയ ഖദീജ നിസ നേടിയത്.റിയാദിൽ ജോലിചെയ്യുന്ന കൊടുവള്ളി കൂടത്തിങ്കൽ ലത്തീഫ് കോട്ടൂരിന്റെയും ഷാനിദയുടെയും മൂന്നാമത്തെ മകളാണ്.രണ്ടര മാസത്തിന് മുമ്പ് നടന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിൽ സൗദിയിലെയും വിദേശത്തെയും താരങ്ങളോട് ഏറ്റുമുട്ടിയാണ് ഖദീജ നിസ ദേശീയ ഗെയിംസിലേക്കുള്ള വഴിയൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.