ഇന്ത്യ കണ്ട മികച്ച പേസ് ബൗളർമാരിൽ ഒരാളാണ് മുഹമ്മദ് ഷമി. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും വേഗത്തിൽ 100 വിക്കറ്റ് തികച്ച ഷമി കഴിഞ്ഞ മൂന്ന് ഏകദിന ലോകകപ്പിലും ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരം കൂടിയായിരുന്നു. എന്നാൽ, ഒരു ഘട്ടത്തിൽ കരിയറിലും ജീവിതത്തിലും ഏറ്റവും വലിയ തിരിച്ചടികളും ആരോപണങ്ങളും നേരിടേണ്ടിയും വന്നു. നിരന്തര പരിക്കുകൾക്ക് പുറമെ ഭാര്യയായിരുന്ന ഹസിൻ ജഹാന്റെ ഗാർഹിക പീഡന പരാതിയും ഒത്തുകളി ആരോപണവും ഉൾപ്പെടെ നിരവധി പ്രതിസന്ധികളെയാണ് താരത്തിന് അഭിമുഖീകരിക്കേണ്ടിവന്നത്. ഒരുഘട്ടത്തിൽ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, ഷമി ആ സമയത്ത് എത്രത്തോളം മാനസിക സംഘർഷം അനുഭവിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയാണ് അടുത്ത സുഹൃത്തായ ഉമേഷ് കുമാർ.
ഷമിയെ ഏറ്റവും കൂടുതൽ തളർത്തിയത് ഒത്തുകളി ആരോപണമായിരുന്നെന്ന് സുഹൃത്ത് പറയുന്നു. ‘ആ ഘട്ടത്തിൽ ഷമി എല്ലാത്തിനോടും പോരാടുകയായിരുന്നു. അവൻ എന്നോടൊപ്പം എന്റെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാൽ, പാകിസ്താനുമായുള്ള ഒത്തുകളി ആരോപണങ്ങൾ ഉയരുകയും അന്വേഷണത്തിലേക്ക് നയിക്കുകയും ചെയ്തപ്പോൾ അവൻ തകർന്നു. എനിക്ക് എല്ലാം സഹിക്കാമെന്നും എന്നാൽ എന്റെ രാജ്യത്തെ ഒറ്റിക്കൊടുത്തുവെന്ന ആരോപണങ്ങൾ സഹിക്കാവുന്നതിലുമപ്പുറമാണെന്നും അവൻ പറഞ്ഞു’ -ഉമേഷ് വെളിപ്പെടുത്തി.
‘ആ ദിവസം പുലർച്ചെ നാല് മണിയോടടുത്താണ് ഞാൻ വെള്ളം കുടിക്കാൻ എഴുന്നേറ്റത്. ഞാൻ അടുക്കളയിലേക്ക് പോകുമ്പോൾ അവൻ ബാൽക്കണിയിൽ നിൽക്കുന്നതാണ് കണ്ടത്. ഞങ്ങൾ 19ാം നിലയിലായിരുന്നു താമസിച്ചിരുന്നത്. എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായി. ഷമിയുടെ കരിയറിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രിയായിരുന്നു അതെന്നാണ് എനിക്ക് തോന്നുന്നത്. പിന്നീട് ഒരു ദിവസം ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ, ഒത്തുകളി അന്വേഷിക്കുന്ന കമ്മിറ്റിയിൽനിന്ന് ക്ലീൻ ചിറ്റ് ലഭിച്ചുവെന്ന് അവന്റെ ഫോണിൽ സന്ദേശം ലഭിച്ചു. ഒരു ലോകകപ്പ് നേടിയാൽ ഉണ്ടാകുമായിരുന്നതിനേക്കാൾ സന്തോഷമായിരുന്നു അന്നവന്’ -ഉമേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ഏകദിന ലോകകപ്പിനിടെ കണങ്കാലിനേറ്റ പരിക്ക് കാരണം വിശ്രമത്തിലാണ് മുഹമ്മദ് ഷമി. ബംഗ്ലാദേശിനോ ന്യൂസിലാൻഡിനോ എതിരായ ടെസ്റ്റ് പരമ്പരയിൽ താരം തിരിച്ചെത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.