‘ഇന്ത്യൻ ടീമിനെ സോഷ്യൽ മീഡിയയും വിദഗ്ധരും തെരഞ്ഞെടുക്കേണ്ട, അത് ഞങ്ങൾ ചെയ്യും’; കെ.എൽ രാഹുലിന് പിന്തുണയുമായി ഗംഭീർ

പുണെ: ന്യൂസിലാൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ബാറ്റിങ്ങിൽ സമ്പൂർണ പരാജയമായ കെ.എൽ രാഹുലിന് രണ്ടാം ടെസ്റ്റിൽ ഇടം ലഭിക്കുമോയെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ താരത്തെ പിന്തുണച്ച് പരിശീലകൻ ഗൗതം ഗംഭീർ. പരിക്ക് മാറി ശുഭ്മൻ ഗിൽ തിരിച്ചെത്തുന്നതും ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ സർഫറാസ് ഖാൻ 150 റൺസടിക്കുകയും ചെയ്തതിന് പിന്നാലെയാണ് രാഹുലിന്റെ സ്ഥാനത്തെ കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ച തുടങ്ങിയത്.

‘ഒന്നാമതായി, സോഷ്യൽ മീഡിയ ഒരു പ്രശ്നമല്ല. സമൂഹ മാധ്യമങ്ങളുടെയോ വിദഗ്ധരുടെയോ അഭിപ്രായം പരിഗണിച്ച് കളിക്കാരെ തെരഞ്ഞെടുക്കുന്നില്ല. ടീം മാനേജ്മെന്റ് എന്താണ് ചിന്തിക്കുന്നത് എന്നത് വളരെ പ്രധാനമാണ്. ആത്യന്തികമായി, എല്ലാവരും വിലയിരുത്തപ്പെടുന്നു. എല്ലാവരുടെയും പ്രകടനം വിലയിരുത്തും’ -രണ്ടാം ടെസ്റ്റിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ ഗംഭീർ പറഞ്ഞു.

‘അവൻ ശരിക്കും നന്നായി ബാറ്റ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. കാൺപൂരിൽ മാന്യമായ പ്രകടം നടത്താൻ അവന് സാധിച്ചു. ബുദ്ധിമുട്ടുള്ള ഒരു വിക്കറ്റിൽ, പ്ലാൻ അനുസരിച്ച് കളിച്ചു. വലിയ റൺസ് നേടണമെന്ന് രാഹുലിന് ബോധ്യമുണ്ടാകും. അത് നേടാനുള്ള കഴിവ് അവനുണ്ട്. അതിനാലാണ് ടീം മാനേജ്‌മെന്റ് അവനെ പിന്തുണക്കുന്നത്’ -ഗംഭീർ കൂട്ടിച്ചേർത്തു. 53 ടെസ്റ്റുകളിൽ ഇന്ത്യക്കായി ഇറങ്ങിയ രാഹുൽ 33.87 ശരാശരിയിൽ 2981 റൺസാണ് ഇതുവരെ നേടിയത്.

വ്യാഴാഴ്ച പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിലാണ് ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന്റെ ജയം നേടിയതോടെ സന്ദർശകർ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ത്തിന് മുന്നിലാണ്.

Tags:    
News Summary - 'Social media and experts don't select India's XI, we do': Gautam Gambhir on KL Rahul's place

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.