റിയോ: ആറു മാസം മുമ്പ് 325 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച വിന്‍സ്റ്റണ്‍ ചുഴലിക്കാറ്റ് ഫിജി എന്ന കൊച്ചു രാജ്യത്തിന്മേല്‍ ഉണ്ടാക്കിയ മുറിവ് അത്ര ചെറുതായിരുന്നില്ല. പ്രകൃതിയുടെ താണ്ഡവത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ടവരും കിടപ്പാടം പോയവരും റിയോയിലെ റഗ്ബി മൈതാനത്ത് ഒരുമിച്ച് കൂടിയപ്പോള്‍ പിറവിയെടുത്തത് പുതിയ ചരിത്രം. 92 വര്‍ഷത്തെ ഇടവേളക്ക് ശേഷം ഒളിമ്പിക്സില്‍ തിരിച്ചത്തെിയ റഗ്ബിയില്‍ തങ്ങളുടെ പേരെഴുതിച്ചേര്‍ത്ത് ഫിജി ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി. കലാശപ്പോരില്‍ 43-7 എന്ന സ്കോറിന് ശക്തരായ ഗ്രേറ്റ് ബ്രിട്ടനെ തകര്‍ത്ത് സ്വര്‍ണമണിഞ്ഞപ്പോള്‍ പരിസരം മറന്ന് ഫിജി താരങ്ങള്‍ പൊട്ടിക്കരഞ്ഞു.
ജനസംഖ്യയുടെ കണക്കെടുത്താല്‍ കേരളത്തിലെ ഒരു ജില്ലയുടെ അത്രയും വരില്ല ഫിജി. അതായത് ഒമ്പത് ലക്ഷം മാത്രം. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍ കേന്ദ്രങ്ങളുമെല്ലാം അടച്ചിട്ട് രാപ്പകലില്ലാതെ ആഘോഷത്തിലാണ് ഫിജി. ബ്രിട്ടീഷുകാരനായ റയാന്‍ ബെന്നാണ് പരിശീലകന്‍.
കഴിഞ്ഞ ദിവസം ഫുട്ബാളില്‍ ജര്‍മനിയോട് എതിരില്ലാത്ത പത്ത് ഗോളിന് തോറ്റപ്പോള്‍ പരിഹസിച്ചവര്‍ക്കുള്ള മറുപടി കൂടിയാണ് ഫിജിയുടെ റഗ്ബി സ്വര്‍ണം.
1924ന് ശേഷം ആദ്യമായാണ് റഗ്ബി ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുന്നത്. 15 അംഗ ടീം എന്ന പരമ്പരാഗത നിലയില്‍ നിന്ന് മാറി ഏഴ് പേരടങ്ങുന്ന സംഘങ്ങളാണ് റിയോയില്‍ ഏറ്റുമുട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.