റിയോ ഡെ ജനീറോ: റെക്കോഡുകളും മെഡല്‍ക്കൂമ്പാരവുമായി അഞ്ച് ഒളിമ്പിക്സുകളിലെ ഓളപ്പരപ്പുകളെ പുളകം കൊള്ളിച്ച സുവര്‍ണമത്സ്യം കരകയറി. ഭൂലോകത്തെ ഏറ്റവും മികച്ച കായികതാരമെന്ന നേട്ടവുമായി 28 ഒളിമ്പിക്സ് മെഡലുകളും സ്വന്തമാക്കി അമേരിക്കയുടെ നീന്തല്‍ ഇതിഹാസം മൈക്കല്‍ ഫെല്‍പ്സ് നീന്തല്‍ക്കുളത്തോട് വിടപറഞ്ഞു. 4x100 മീറ്റര്‍ മെഡ്ലെ റിലേയില്‍ അമേരിക്കയെ വിജയപീഠത്തിലത്തെിച്ചാണ് ഈ 31കാരന്‍ കരകയറിയത്. വെള്ളത്തില്‍ ഏറെക്കാലം നീന്തിത്തുടിച്ച ഫെല്‍പ്സിന്‍െറ മുഖം കണ്ണുനീരില്‍ നനഞ്ഞതിനൊടുവിലാണ് വികാരഭരിതമായി വിടവാങ്ങിയത്്. പ്രതിശ്രുത വധു നികോള്‍ ജോണ്‍സനെയും മൂന്നുമാസം പ്രായമായ മകന്‍ ബൂമറെയും സാക്ഷിയാക്കിയായിരുന്നു കണ്ണീരില്‍ കുതിര്‍ന്ന മടക്കം. ബസിറങ്ങി നീന്തല്‍ക്കുളത്തിനരികിലേക്ക് വരുമ്പോള്‍ കരച്ചിലിന്‍െറ വക്കിലായിരുന്നെന്ന് ഫെല്‍പ്സ് പിന്നീട് പറഞ്ഞു. അവസാന വാംഅപ്, അവസാനമായി നീന്തല്‍ക്കുപ്പായം ഇട്ടത്, ആയിരക്കണക്കിന് ആരാധകര്‍ക്കിടയിലൂടെ എത്തുന്നത് എന്നിവയെല്ലാം ഭ്രാന്തുപിടിപ്പിക്കുന്ന അവസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു. മെഡല്‍ദാന ചടങ്ങിലും ഫെല്‍പ്സ് കരഞ്ഞു. കഴിഞ്ഞ രണ്ടുവര്‍ഷമായുണ്ടായ വ്യക്തിപരമായ പല ബുദ്ധിമുട്ടുകളില്‍നിന്ന് കരകയറി ആഗ്രഹിച്ച നേട്ടങ്ങള്‍ കൈവരിച്ചത് ഫെല്‍പ്സ് എടുത്തുപറഞ്ഞു.
കുടുംബത്തോടൊപ്പം ചെലവഴിക്കാനാണ് ഫെല്‍പ്സ് ആഗ്രഹിക്കുന്നത്. നികോള്‍ ജോണ്‍സനുമായുള്ള വിവാഹം ഉടനുണ്ടാകും. മകന്‍ ബൂമര്‍ക്കൊപ്പം കളിച്ചിരിക്കാനും ഏറെയിഷ്ടമാണ് താരത്തിന്. ഈ ഒളിമ്പിക്സില്‍ അഞ്ച് സ്വര്‍ണവും ഒരു വെള്ളിയുമാണ് ഫെല്‍പ്സിന്‍െറ പേരിലുള്ളത്. അഞ്ച് ഒളിമ്പിക്സുകളിലായി 23 സ്വര്‍ണമടക്കം 28 മെഡലുകളാണ് ഫെല്‍പ്സിന്‍െറ വീട്ടിലെ ഷോകെയ്സില്‍ അലങ്കാരമാവുന്നത്. ലണ്ടന്‍ ഒളിമ്പിക്സില്‍ അല്‍പം പിന്നോട്ടുപോയ താരം അന്ന് വിടവാങ്ങല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് തിരിച്ചുവരുകയായിരുന്നു. എന്നാല്‍, ഈ വിടവാങ്ങലിന് ശേഷം തിരിച്ചുവരില്ളെന്ന് നീന്തല്‍ ഇതിഹാസം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.