റിയാദ്: എഴുതിത്തള്ളിയവർക്ക് ചുട്ടമറുപടിയുമായി ചതുരംഗക്കളത്തിൽ വിശ്വനാഥൻ ആനന്ദിെൻറ തിരിച്ചുവരവ്. മിന്നൽ നീക്കങ്ങളുടെ രാജാവ് എന്ന് വിശേഷിപ്പിക്കപ്പെട്ട ആനന്ദിന് ലോക റാപിഡ് ചെസിൽ വിശ്വകിരീടം. സൗദി വേദിയായ ലോക പോരാട്ടത്തിൽ ലോക ചാമ്പ്യനും ഒന്നാം നമ്പർ താരവുമായ മാഗ്നസ് കാൾസൺ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങളെ വീഴ്ത്തിയാണ് വെറ്ററൻ താരത്തിെൻറ തിരിച്ചുവരവ്. 15 റൗണ്ടുള്ള മത്സരത്തിൽ ആനന്ദും റഷ്യയുടെ ഫെഡോസീവ് വ്ലാദിമിറും ഒപ്പത്തിനൊപ്പമായതോടെ വിധി നിർണയം ടൈബ്രേക്കറിലായി. രണ്ട് റൗണ്ട് ടൈബ്രേക്കറിൽ ആനന്ദ് ലോക റാപിഡ് കിരീടത്തിന് അവകാശിയായി.
റാപിഡ്
ചെസിലെ മിന്നൽ പോരാട്ടം. ഒരു താരത്തിന് അനുവദിക്കപ്പെട്ട സമയം 15 മിനിറ്റും 10 സെക്കൻഡും. 15 റൗണ്ട് വരെയാണ് ലോക റാപിഡ് ചാമ്പ്യൻഷിപ്പിൽ.
ബ്ലിറ്റ്സ്
ചെസിൽ ഏറ്റവും വേഗമേറിയ പോരാട്ടം. ഒാരുതാരത്തിന് മൂന്നു മിനിറ്റും രണ്ടു സെക്കൻഡും വീതം മാത്രം സമയം. 20 റൗണ്ട് വരെ ഉൾപ്പെടുന്നതാണ് ചാമ്പ്യൻഷിപ്പ്.
14 വർഷത്തിന് ശേഷമാണ് റാപിഡ് ചാമ്പ്യൻ പട്ടം തിരിച്ചുപിടിക്കുന്നത്. ഒടുവിലത്തെ 15ാം റൗണ്ടിൽ 10.5 പോയൻറിൽ ആനന്ദും വ്ലാദിമിർ ഫെഡോസീവും ഇയാൻ നെപോംനിയാച്ചിയും ടൈയിലായിരുന്നു. ടൂർണമെൻറ് നിയമാവലി പ്രകാരം കൂടുതൽ മുൻനിരയിലായിരുന്ന ആനന്ദും ഫെഡോസീവുമാണ് ഒന്നാം സ്ഥാനത്തിന് വേണ്ടി കളിച്ചത്. തന്നേക്കാൾ 26 വയസ്സിന് ചെറുപ്പമായ ഫെഡോസീവിനെ നേരിട്ടുള്ള രണ്ടു ഗെയിമുകൾക്ക് (2-0) ടൈബ്രേക്കറിൽ പരാജയപ്പെടുത്തി ആനന്ദ് കിരീടം ചൂടി. മൂന്നു ദശകത്തിലേറെ നീണ്ട ആനന്ദിെൻറ വർണശബളമായ കരിയറിലെ ഏറ്റവും മധുരമാർന്ന വിജയങ്ങളിലൊന്നായിരുന്നു ഇത്.
2013ൽ ലോക ചാമ്പ്യൻഷിപ്പിൽ തന്നെ തോൽപിച്ച മാഗ്നസ് കാൾസണിനോട് റിയാദിൽവെച്ച് മധുരപ്രതികാരം വീട്ടാനും അദ്ദേഹത്തിനായി. ഒമ്പതാം റൗണ്ടിലാണ് കാൾസണും ആനന്ദും മാറ്റുരച്ചത്. അഞ്ചാം സ്ഥാനത്താണ് കാൾസൺ ഒടുവിൽ ഫിനിഷ് ചെയ്തത്. കാൾസണിനെ തോൽപിച്ചതാണ് വഴിത്തിരിവായതെന്ന് പിന്നീട് ആനന്ദ് പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രസിഡൻറ് രാംനാഥ് കോവിന്ദ്, ലോകതാരം ഗാരി കാസ്പറോവ് എന്നിവർ ആനന്ദിനെ അഭിനന്ദിച്ചു. ചൈനയുടെ ജു വെൻജും ആണ് വനിത വിഭാഗം ജേതാവ്. ബ്ലിറ്റ്സ് മത്സരങ്ങൾക്ക് െവള്ളിയാഴ്ച തുടക്കംകുറിച്ചു. ആദ്യ ദിനം 11 റൗണ്ട് കഴിഞ്ഞപ്പോൾ നാല് ജയവും ആറ് സമനിലയും ഒരു തോൽവിയുമുള്ള ആനന്ദ് പിന്നിലാണ്. എന്നാൽ, കാൾസനെ സമനിലയിൽ തളച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.