പട്യാല (പഞ്ചാബ്): ഒളിമ്പ്യന്‍ കെ.ടി. ഇര്‍ഫാനുംമുമ്പേ നടന്നുതുടങ്ങിയതാണ് കുനിയില്‍ സ്വദേശിയായ കെ.കെ. റിബാസ് മൊസാഹി. 2006ലെ സംസ്ഥാന സ്കൂള്‍ മീറ്റില്‍ സ്വര്‍ണം നേടി റിബാസ് വരവറിയിച്ചു. പിന്നീട് ദേശീയ സ്കൂള്‍ മീറ്റില്‍ നാലാം സ്ഥാനവും സൗത് സോണ്‍ മത്സരത്തില്‍ മൂന്നാം സ്ഥാനവും നേടി. അതിനിടെ അപ്രതീക്ഷിതമായി സംഭവിച്ച പരിക്കില്‍ റിബാസിന്‍െറ പരിശീലനവും മത്സരങ്ങളും മുടങ്ങി. ഒടുവില്‍ 2014ലാണ് പരിക്കില്‍നിന്ന് പൂര്‍ണ മോചിതനാകുന്നത്. ആ വര്‍ഷം മൂഢബിദ്രിയില്‍ നടന്ന അന്തര്‍ സര്‍വകലാശാല മീറ്റില്‍ സ്വര്‍ണം നേടി വരവറിയിച്ചു.
റഷ്യന്‍ കോച്ച് അലക്സാണ്ടറിനു കീഴില്‍ ഒളിമ്പ്യന്‍ ഇര്‍ഫാനുമൊത്താണ് പരിശീലനം. കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ഉറച്ച മെഡല്‍പ്രതീക്ഷയായിരുന്നു ഇത്തവണ റിബാസ്. ബുധനാഴ്ച പട്യാലയിലെ കടുത്ത തണുപ്പിലും മഞ്ഞിലും രാവിലെ ഏഴു മുതല്‍ തുടങ്ങിയ മത്സരത്തില്‍ അവസാന 400 മീറ്റര്‍ വരെ മൂന്ന് സ്ഥാനക്കാരില്‍ ഒരാള്‍ റിസാബായിരുന്നു. എന്നാല്‍, കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിഞ്ഞു. നേരത്തേയൊന്നും ഫൗള്‍ വിളിക്കാതിരുന്ന റഫറിമാര്‍ അകാരണമായി റിബാസിനെ ട്രാക്കില്‍നിന്ന് തള്ളിമാറ്റി.
മഞ്ഞ് കാരണം കാഴ്ച മങ്ങിയതിനാല്‍ കാലിക്കറ്റിന്‍െറ പരിശീലകര്‍ക്ക് ഒന്നും മനസ്സിലാക്കാന്‍ സാധിച്ചില്ല. ഇതോടെ മികച്ച സമയം കുറിച്ച് ഇന്ത്യന്‍ ക്യാമ്പില്‍ പങ്കെടുക്കുകയും സാഫ് ഗെയിംസില്‍ മത്സരിക്കുകയുമെന്ന റിസാബിന്‍െറ സ്വപ്നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീണു. മൂഢബിദ്രിയിലെ 1:33.07 ആണ് റിബാസിന്‍െറ മികച്ച സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.