????? ???????? ???????????? ??????????????????? ?????? ????? ???? ???

ദേശീയ ജൂനിയര്‍ മീറ്റില്‍ കേരളം തന്നെ ചാമ്പ്യന്‍മാര്‍

റാഞ്ചി: വഴികളടഞ്ഞപ്പോള്‍ ആകാശച്ചിറകിലേറ്റി പോരാട്ടഭൂമിയിലത്തെിച്ച നാടിന് ചുണക്കുട്ടികളുടെ വക പൊന്‍കിരീടം. ദേശീയ ജൂനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് 21ാം കിരീടമുത്തം. 403 പോയന്‍റുമായാണ് കേരളം ഓവറോള്‍ കിരീടം തുടര്‍ച്ചയായി നാലാം തവണയും സ്വന്തമാക്കിയത്. 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവും കേരളത്തിന്‍െറ കൗമാര താരങ്ങള്‍ വെട്ടിപ്പിടിച്ചു. ഹരിയാന രണ്ടും (355.5), തമിഴ്നാട് (319) മൂന്നും സ്ഥാനക്കാരായി. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഹരിയാനയും ഉത്തര്‍പ്രദേശും ഒന്നാമതത്തെിയപ്പോള്‍ പെണ്‍കുട്ടികളില്‍ കേരളം ജേതാക്കളായി. പെണ്‍പട നേടിയ 304 പോയന്‍റിന്‍െറ കരുത്തിലായിരുന്നു കേരളത്തിന്‍െറ ഓവറോള്‍. പെണ്‍കുട്ടികളുടെ അണ്ടര്‍ 16, അണ്ടര്‍ 18, അണ്ടര്‍ 20 വിഭാഗങ്ങളിലും കേരളം ഒന്നാമതായി. ആണ്‍കുട്ടികളുടെ ഒരു വിഭാഗത്തിലും ചാമ്പ്യന്‍ടീമിന് ഒന്നാം സ്ഥാനത്തത്തൊനായില്ല.

ഏറ്റവും മികച്ച അത് ലറ്റുകളുടെ പട്ടികയിലും മൂന്ന് മലയാളി താരങ്ങള്‍ ഇടം നേടി. അബ്ദുല്ല അബൂബക്കര്‍ (ട്രിപ്ള്‍ ജംപ്-അണ്ടര്‍ 20 ആണ്‍.), ജിസ്ന മാത്യൂ (400മീ., അണ്ടര്‍ 18 പെണ്‍.), അപര്‍ണ റോയ് (100 മീ. ഹര്‍ഡ്ല്‍സ്, അണ്ടര്‍ 16 പെണ്‍.) എന്നിവരാണ് മികച്ച അത്ലറ്റുകളായി തെരഞ്ഞെടുക്കപ്പെട്ടവര്‍. അതിവേഗക്കാരി എം. അഖിലയുടെ സ്പ്രിന്‍റ് ഡബ്ള്‍ അടക്കം മൂന്ന് മലയാളി താരങ്ങള്‍ ഇരട്ട സ്വര്‍ണം നേടി. ജിസ്നയും പി.എസ് പ്രഭാവതിയുമാണ് മറ്റ് രണ്ടു ഇരട്ട സ്വര്‍ണനേട്ടക്കാര്‍. അഖിലയും ജിസ്നയും സ്വര്‍ണമണിഞ്ഞ റിലേ ടീമുകളിലും അംഗമായിരുന്നു.

185 അംഗ ടീമായിരുന്നു റാഞ്ചിയിലേക്ക് ഒരുങ്ങിയതെങ്കിലും ജില്ലാ സ്കൂള്‍ മീറ്റും ട്രെയിന്‍ റദ്ദാക്കലും കാരണം അംഗബലം പകുതിയായിരുന്നു. പല ഇനങ്ങളിലും മെഡലുറപ്പിച്ച താരങ്ങളും റാഞ്ചിയിലത്തെിയില്ല. എന്നാല്‍, പകരക്കാര്‍ അവരുടെ ജോലി ഭംഗിയായി പൂര്‍ത്തിയാക്കിയതോടെ കേരളം ചാമ്പ്യന്‍പട്ടത്തില്‍ വീണ്ടും അജയ്യരായി. 2014 വിജയവാഡയില്‍ 168 പേരുമായത്തെി 38 സ്വര്‍ണവും 22 വെള്ളിയും 13 വെങ്കലവുമായാണ് കേരളം ചാമ്പ്യന്മാരായത്.

 

ശ്രുതിമോള്‍ വി. രാജന്‍, ജെറിന്‍ ജോസഫ് , തെരേസ് ജോസഫ്, ഷഹര്‍ബാന്‍ സിദ്ദീഖ് അണ്ടര്‍ 20, 4x400 റിലേ
 

സ്വര്‍ണ മഴ

ചൊവ്വാഴ്ച തമിഴ്നാടുമായി ഒപ്പത്തിനൊപ്പമായി പിരിഞ്ഞ കേരളം കിരീടമുറപ്പിക്കാന്‍ തീരുമാനിച്ചാണ് ബുധനാഴ്ച മൈതാനത്തിറങ്ങിയത്. ട്രാക്കിലും ജംപ് ഇനങ്ങളിലും ഏറ്റവും മികച്ച പ്രകടനം പുറത്തുവന്നപ്പോള്‍ കണക്കുകൂട്ടലുകളും പിഴച്ചില്ല. അവസാന ദിനത്തില്‍ ചാമ്പ്യന്മാരുടെ അക്കൗണ്ടില്‍ വരവു ചേര്‍ക്കപ്പെട്ടത് 11 സ്വര്‍ണവും ഒമ്പത് വെള്ളിയും മൂന്ന് വെങ്കലവും.  പി.ആര്‍. അലീഷയുടെ 3000 മീറ്റര്‍ സ്വര്‍ണത്തിലൂടെ മെഡല്‍വേട്ടക്ക് തുടക്കംകുറിച്ച കേരളത്തിന് ഉച്ചക്കുമുമ്പേ ജംപ് ഇനങ്ങളില്‍നിന്ന് മൂന്ന് സ്വര്‍ണം പിറന്നു. 15.83 മീറ്റര്‍ ചാടി ട്രിപ്ള്‍ ജംപിലൂടെ അബ്ദുല്ല അബൂബക്കറും, അവസാന ചാട്ടത്തില്‍ കേരള താരത്തെതന്നെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി സിറാജുദ്ദീനും മഞ്ഞപ്പതക്കമണിഞ്ഞു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ലോങ്ജംപില്‍ ചൊവ്വാഴ്ച നിര്‍ഭാഗ്യംകൊണ്ട് വെള്ളിയിലൊതുങ്ങിയ അല്‍ഫി ലൂകോസ് ട്രിപ്ള്‍ ജംപിലെ സ്വര്‍ണവുമായി (12.24 മീറ്റര്‍) നിരാശ തീര്‍ത്തു. തിരുവനന്തപുരം സായ് കേന്ദ്രത്തിലെ എം.എ. ജോര്‍ജിനു കീഴിലാണ് മൂവരും പരിശീലിക്കുന്നത്.

തൊട്ടുപിന്നാലെ കേരളത്തിന്‍െറ ചാമ്പ്യന്‍ഷിപ് മോഹങ്ങള്‍ ട്രാക്കിലൂടെ പൂവിട്ടു. 400 മീ. ഹര്‍ഡ്ല്‍സില്‍ രണ്ടും, 800 മീറ്ററില്‍ ഒന്നും, 200 മീറ്ററിലും റിലേയിലും രണ്ടുവീതവും സ്വര്‍ണം പിറന്നതോടെ ചാമ്പ്യന്‍പട്ടത്തില്‍ കേരളം ഇരിപ്പുറപ്പിച്ചു.

ഒരു വര്‍ഷം മുമ്പ് മാത്രം അത്ലറ്റിക്സ് ഗൗരവത്തിലെടുത്ത കോഴിക്കോട് കടലുണ്ടി സ്വദേശി എം. അഖിലയുടേതായിരുന്നു സ്വപ്നനേട്ടം. 100 മീറ്ററില്‍ സ്വര്‍ണമണിഞ്ഞ അഖില, 25.01 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്പ്രിന്‍റ് ഡബ്ള്‍ പൂര്‍ത്തിയാക്കിയത്.


ഈ കിരീടം സര്‍ക്കാറിന്

കിരീടവിജയം സംസ്ഥാന സര്‍ക്കാറിനും സ്പോര്‍ട്സ് കൗണ്‍സിലിനുമായി സമര്‍പ്പിക്കുന്നെന്ന് കേരള സംഘത്തലവന്‍ വി.സി. അലക്സ് ‘മാധ്യമ’ത്തോട് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്‍വാങ്ങാന്‍ ആലോചിച്ച ഘട്ടത്തില്‍ നിര്‍ണായക ഇടപെടലിലൂടെ അത്ലറ്റുകള്‍ക്ക് വിമാനയാത്രയൊരുക്കിയ സര്‍ക്കാറിനുള്ള നന്ദിപ്രകടനമാണ് ഈ വിജയം. പ്രതികൂല സാഹചര്യത്തോട് പൊരുതി കൂട്ടായ പരിശ്രമത്തിലൂടെ നേടിയതുകൂടിയാണിത് -വി.സി. അലക്സ് പറഞ്ഞു. വിജയകിരീടവുമായി വ്യാഴാഴ്ച ധന്‍ബാദ്-ആലപ്പുഴ എക്സ്പ്രസില്‍ യാത്ര പുറപ്പെടുന്ന ചാമ്പ്യന്‍ടീം ശനിയാഴ്ച കൊച്ചിയിലത്തെും.

സ്വര്‍ണം: അബ്ദുല്ല അബൂബക്കര്‍ (അണ്ടര്‍ 20 ആണ്‍ ട്രിപ്ള്‍ജംപ് -തിരു. സായ്), ആല്‍ഫി ലൂക്കോസ് (അ. 18 പെണ്‍ ട്രിപ്ള്‍-തിരു. സായ്), പി.ആര്‍. അലീഷ (അ.18 പെണ്‍ മൂന്ന് കി.മീ-മേഴ്സിക്കുട്ടന്‍ അക്കാദമി എറണാകുളം), പി.ഒ. സയന (അ.18 പെണ്‍ 400 ഹര്‍ഡ്ല്‍സ്, സി.എസ്.എച്ച് കൊല്ലം), ജെറിന്‍ ജോസഫ് (അ. 20 പെണ്‍ 400 ഹര്‍ഡ്ല്‍സ്), അബിത മേരി മാനുവല്‍ (അ. 18 പെണ്‍ 800 മീ), ജിസ്ന മാത്യു (അ. 18 പെണ്‍ 800 മീ, ഉഷ സ്കൂള്‍), എം. അഖില (അ. 20 പെണ്‍ 200 മീ, മേഴ്സി കോളജ് പാലക്കാട്), സിറാജുദ്ദീന്‍ (അ. 20 ആണ്‍ ട്രിപ്ള്‍ജംപ്, തിരു. സായ്), അണ്ടര്‍ 20  4x400 റിലേ ആണ്‍ (തോംസണ്‍ പൗലോസ്, വിഷ്ണു നായര്‍, ജിജുലാല്‍, സനു സാജന്‍), പെണ്‍ (സ്മൃതിമോള്‍ രാജേന്ദ്രന്‍, തെരേസ ജോസഫ്, ഷഹര്‍ബാന്‍ സിദ്ദീഖ്, ജെറിന്‍ ജോസഫ്).

വെള്ളി: അര്‍ഷിദ (അ.18 പെണ്‍ 400 ഹര്‍ഡ്ല്‍സ്-തിരു. സായ്), സ്മൃതി മോള്‍ രാജേന്ദ്രന്‍ (അ. 20 പെണ്‍ 400 ഹര്‍ഡ്ല്‍സ്-അസംപ്ഷന്‍ ചങ്ങനാശ്ശേരി), അതുല്യ ഉദയന്‍ (അ. 16 പെണ്‍ 800 മീ-ഉഷ സ്കൂള്‍), എന്‍.പി. സംഗീത (അ. 20 പെണ്‍ ഹൈജംപ്-സ്പോര്‍ട്സ് ഹോസ്റ്റല്‍ ഭരണങ്ങാനം), തെരേസ ജോസഫ് (അ. 20 പെണ്‍ 800 മീ, മലബാര്‍ സ്പോര്‍ട്സ് അക്കാദമി), അലീന വിന്‍സന്‍റ് (അ. 20 പെണ്‍ ഹെപ്റ്റാത്ലണ്‍-സി.എസ്.എച്ച് കൊല്ലം), ജോഫിന്‍ കെ.ജെ (അ. 20 ആണ്‍  ലോങ്ജംപ് -ക്രൈസ്റ്റ് കോളജ്), എയ്ഞ്ചല്‍ ജെയിംസ് (അ. 18 പെണ്‍ 2000 മീ. സ്റ്റീപ്ള്‍ ചേസ്-പാലാ അല്‍ഫോന്‍സ), അശ്വിന്‍ ആന്‍റണി (അ.18 ആണ്‍ 2000 മീ. സ്റ്റീപ്ള്‍ ചേസ്-തിരു. സായ്).

വെങ്കലം: നിബ കെ.എം (അ.16 പെണ്‍ 200 മീ- തിരുവനന്തപുരം സായ്), ലിബിയ ഷാജി (അ. 20 പെണ്‍ ഹൈജംപ് -സ്പോര്‍ട്സ് ഹോസ്റ്റല്‍ ഭരണങ്ങാനം), ജ്യോതി പ്രസാദ് (അ. 20, ആണ്‍ 200 മീ. -സി.എസ്.എച്ച് കാസര്‍കോട്).

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.