പി.ടി. ഉഷ ഏഷ്യന്‍ അത്ലറ്റ്സ് കമീഷന്‍ അംഗം

കോഴിക്കോട്: ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍െറ പ്രഥമ അത്ലറ്റ്സ് കമീഷന്‍ അംഗമായി പി.ടി. ഉഷയെ നിയമിച്ചു. കഴിഞ്ഞദിവസം ഫിലിപ്പീന്‍സിലെ മനിലയില്‍ അവസാനിച്ച ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍െറ 83ാമത് കൗണ്‍സില്‍ യോഗത്തിലാണ് ഉഷയെ നിയമിക്കാന്‍ തീരുമാനിച്ചത്. അസോസിയേഷന് മറ്റു വിവിധ കമ്മിറ്റികളുണ്ടെങ്കിലും ആദ്യമായാണ് പ്രത്യേകമായി കായികതാരങ്ങള്‍ക്കുവേണ്ടി അത്ലറ്റ്സ് കമീഷന്‍ രൂപവത്കരിക്കുന്നത്. അതില്‍തന്നെ പ്രഥമ അംഗമായി പി.ടി. ഉഷയെ നിയമിച്ചതിലൂടെ ഇന്ത്യന്‍ അത്ലറ്റിക്സിന് നല്‍കുന്ന അംഗീകാരമായി.
അസോസിയേഷന്‍െറ മറ്റു വിവിധ കമ്മിറ്റികളിലും ഇന്ത്യയില്‍ നിന്നുള്ളവര്‍ അംഗങ്ങളായി നിയമിക്കപ്പെട്ടിട്ടുണ്ട്. അത്ലറ്റിക്സില്‍ ഉഷയുടെ പരിചയസമ്പത്തും താല്‍പര്യവും ഏഷ്യയിലെ കായികതാരങ്ങളുടെ വളര്‍ച്ചക്ക് ഉപയോഗിക്കാനാകുമെന്ന വിശ്വാസമുണ്ടെന്നും ഉഷയെ നിയമിച്ചതായി ഏഷ്യന്‍ അത്ലറ്റിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് ദാഹ്ലന്‍ അല്‍ഹമദ് അയച്ച കത്തില്‍ വ്യക്തമാക്കി.

സന്തോഷം... നാടിനുള്ള അംഗീകാരം -പി.ടി. ഉഷ
കോഴിക്കോട്: ഏഷ്യന്‍ അത്ലറ്റിക് അസോസിയേഷന്‍െറ അത്ലറ്റ്സ് കമീഷന്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ഇത്, അത്ലറ്റിക്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്കുള്ള അംഗീകാരമാണെന്നും പി.ടി. ഉഷ ‘മാധ്യമ’ത്തോട് പറഞ്ഞു.
ആദ്യമായാണ് ഇത്തരത്തിലുള്ളൊരു അത്ലറ്റ്സ് കമീഷന് ഏഷ്യന്‍ അത്ലറ്റികസ്് അസോസിയേഷന്‍ രൂപംനല്‍കുന്നത്. അതില്‍തന്നെ കായികതാരത്തെ അംഗമായി തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ട്.
ഏഷ്യയിലെ പ്രത്യേകിച്ച് ഇന്ത്യയിലെ കായികതാരങ്ങളുടെ പ്രശ്നങ്ങളും അവരുടെ ആവശ്യങ്ങളും അസോസിയേഷന്‍െറ ശ്രദ്ധയില്‍പ്പെടുത്താനാവുമെന്നും കായികതാരങ്ങളുടെ വളര്‍ച്ചയെ സഹായിക്കാനും പുതിയ പദവിയിലൂടെ കഴിയുമെന്നാണ് കരുതുന്നതെന്നും ഉഷ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT