റിയോ: നൂറുകണക്കിന് കുട്ടികള്‍ നിരന്നുനിന്ന് ലോകപ്രശസ്തമായ ആ വിജയാഹ്ളാദ ചിഹ്നം പങ്കുവെക്കുമ്പോള്‍ അവര്‍ക്കൊപ്പം ഭൂമുഖത്തെ ഏറ്റവും വേഗമേറിയ മനുഷ്യനുമുണ്ടായിരുന്നു -ഒളിമ്പിക്സില്‍ അപൂര്‍വമായ ട്രിപ്ള്‍ ട്രിപ്ള്‍ തേടി ബ്രസീലിലത്തെിയ സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ട്. തന്നെ കാത്തുനില്‍ക്കുന്ന മാധ്യമങ്ങള്‍ക്കുപോലും പിടികൊടുക്കാതെ ബോള്‍ട്ട് നേരെ പോയത് തന്‍െറ ഫവേലകളിലെ (തെരുവ്) യഥാര്‍ഥ ആരാധകരുടെ അടുത്തേക്കായിരുന്നു. ഉസൈന്‍ ബോള്‍ട്ട് എന്നാര്‍ത്തുവിളിക്കുന്ന ബ്രസീലിലെ തെരുവു പിള്ളേര്‍ക്കരികിലേക്ക്.തങ്ങളെത്തേടി വരാന്‍ ഒട്ടും സാധ്യതയില്ലാത്തൊരു മനുഷ്യനെ അടുത്തുകിട്ടിയ ആവേശമായിരുന്നു കുട്ടികള്‍ക്ക്. അവരില്‍ ഏറെപേരും കറുത്ത വര്‍ഗക്കാരായ കുട്ടികളായിരുന്നു. ബോള്‍ട്ടാകട്ടെ കറുകറുത്തൊരു കുറുമ്പനും.
‘ഈ കുട്ടികളെ കാണുമ്പോള്‍ ജമൈക്കയിലെ എന്‍െറ നാട്ടിന്‍പുറമായ ഷെര്‍വുഡിലെ ബാല്യം ഓര്‍മവരുന്നു. എന്‍െറ ബാല്യം എനിക്ക് തിരിച്ചുകിട്ടുന്നു. അവിടത്തെ തെരുവുകളിലൂടെ ഓടിയ ഓട്ടമാണ് എന്നെ ഇവിടെവരെ എത്തിച്ചത്’ -കുട്ടികളുമായി ചേര്‍ന്നുനിന്ന് ഫോട്ടോക്ക് പോസ് ചെയ്യവെ ബോള്‍ട്ട് പറഞ്ഞു.
ബ്രസീലുകാര്‍ക്ക് ഫുട്ബാളുപോലെയാണ് ജമൈക്കക്കാര്‍ക്ക് ഓട്ടമെന്നു പറയാനും ബോള്‍ട്ട് മറന്നില്ല. അതുകൊണ്ടാണ് തങ്ങളുടെ നാട്ടില്‍നിന്ന് അതിവേഗ ഓട്ടക്കാര്‍ ഉണ്ടാകുന്നതെന്നും ബോള്‍ട്ട് വാദിക്കുന്നു. ആവേശം മൂത്തപ്പോള്‍ കുട്ടികള്‍ ബോള്‍ട്ടിനോട് ഒരു ആവശ്യമുന്നയിച്ചു. വേഗപ്പോരില്‍ വിജയം വരിച്ച ശേഷം ഗാലറികളിലേക്ക് നോക്കി അസ്ത്രമയക്കുന്ന വിഖ്യാതമായ ആ ബോള്‍ട്ട് സ്റ്റൈല്‍ കാണിക്കണം. കുട്ടികളോട് ബോള്‍ട്ടും ആവശ്യപ്പെട്ടത് തന്നോടൊപ്പം ആ സ്റ്റൈല്‍ പങ്കുവെക്കാനായിരുന്നു. ഒടുവില്‍ അവര്‍ ചേര്‍ന്ന് പോസ് ചെയ്തു. ബോള്‍ട്ട് തന്‍െറ ഫേസ്ബുക് പേജില്‍ ആ ഫോട്ടോ ഷെയര്‍ ചെയ്തു. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിനു ലൈക്കുകള്‍.
കുട്ടികളുമായി പങ്കിട്ട നിമിഷങ്ങള്‍ തനിക്ക് പകര്‍ന്ന ഊര്‍ജം വളരെ വലുതാണെന്നായിരുന്നു ബോള്‍ട്ടിന്‍െറ പ്രതികരണം. പിന്നീട് ബോള്‍ട്ടും കൂട്ടുകാരും ചേര്‍ന്ന് പരിശീലനത്തിനായി പോയി. മറ്റുള്ളവര്‍ പരിശീലനത്തിന് സ്റ്റേഡിയങ്ങള്‍ തെരഞ്ഞെടുത്തപ്പോള്‍ വേഗരാജാക്കന്മാരായ ബോള്‍ട്ടും അസഫ പവലും യൊഹാന്‍ ബ്ളേക്കും അടങ്ങുന്ന ജമൈക്കന്‍ സംഘം നേരെ പോയത് ബ്രസീലിലെ നാവികസേനാ ക്യാമ്പിലെ ട്രാക്കിലേക്കാണ്.
ബോള്‍ട്ടിന്‍െറ വരവ് നാവിക സേനാംഗങ്ങളും ആഘോഷമാക്കി. ആരാണ് റിയോയിലെ സൂപ്പര്‍ താരമെന്ന ചോദ്യത്തിന് നാവികര്‍ക്ക് സംശയമില്ല. ബോള്‍ട്ട് തന്നെ.
ഫുട്ബാള്‍ ഇതിഹാസമായ പെലെക്കുള്ളതിനെക്കാള്‍ ആരാധകര്‍ ബ്രസീലില്‍ ബോള്‍ട്ടിനുണ്ടെന്ന് നാവിക ആസ്ഥാനത്തെ സീനിയര്‍ ഓഫിസര്‍ ലൂയി സെറാനോ തറപ്പിച്ചു പറയുന്നു. ആയുധധാരികളായ അവര്‍ക്കൊപ്പം ചിത്രങ്ങളെടുക്കാനും ബോള്‍ട്ട് നിന്നുകൊടുത്തു. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമില്‍ ബോള്‍ട്ടുതന്നെ ആ ഫോട്ടോ പങ്കുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.