ഉടവാളെടുത്ത് ഇബ്തിഹാജിന്‍െറ പടപ്പുറപ്പാട്

റിയോ: ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ റിയോയില്‍ ആഴ്ചകള്‍ക്കു മുമ്പേ എത്തിയ ‘ടൈം’ മാഗസിന്‍െറ റിപ്പോര്‍ട്ടര്‍ ഷോണ്‍ ഗ്രിഗറി മുന്നോട്ടുവെച്ച ആവശ്യം വിചിത്രമായി തോന്നാം. പക്ഷേ, അര്‍ഥശങ്കയില്ലാതെയാണ് ഗ്രിഗറി ആ ആവശ്യമുന്നയിക്കുന്നത്. ഏറ്റവുംവലിയ ടീമുമായത്തെുന്ന അമേരിക്കയുടെ പതാക ഒളിമ്പിക്സില്‍ ആരു വഹിക്കണം? ഇബ്തിഹാജ് മുഹമ്മദ് എന്ന വാള്‍പ്പയറ്റുകാരിയാവണം പതാക വഹിക്കേണ്ടതെന്നാണ് ഗ്രിഗറിയുടെ അഭിപ്രായം. കാരണം, പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍െറ വക്കില്‍ വംശീയ വിദ്വേഷം തിളച്ചുമറിയുന്ന അമേരിക്കക്ക് ലോകത്തിനുനല്‍കാന്‍ കഴിയുന്ന മികച്ച സന്ദേശമായിരിക്കും ഹിജാബ് ധരിച്ച് ഒളിമ്പിക്സിനിറങ്ങുന്ന ഇബ്തിഹാജ് എന്നാണ് ഗ്രിഗറിയുടെ പക്ഷം.

അമേരിക്കയിലെ വാള്‍പ്പയറ്റുകാരില്‍ രണ്ടാം റാങ്കുകാരിയും ലോകത്ത് എട്ടാം റാങ്കുകാരിയുമാണ് 30കാരിയായ ഇബ്തിഹാജ് മുഹമ്മദ്. റിയോയില്‍ അമേരിക്കയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒന്നുമാണവര്‍. തികഞ്ഞ മതചിട്ടകള്‍ പാലിച്ച് ജീവിക്കുന്ന ആഫ്രോ അമേരിക്കന്‍ കുടുംബത്തിലായിരുന്നു ഇബ്തിഹാജിന്‍െറ ജനനം. ന്യൂജഴ്സിയിലെ മേപ്പ്ള്‍വുഡിലെ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനും സ്കൂള്‍ ടീച്ചറായ മാതാവിനുമൊപ്പം ഒരിക്കല്‍ കാറില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അവള്‍ വാള്‍പ്പയറ്റ് പരിശീലനം കാണാനിടയായത്. ശരീരമാസകലം മൂടിക്കെട്ടി തലയില്‍ ഹെല്‍മറ്റും ചൂടി വാള്‍പ്പയറ്റുകാര്‍ പരിശീലിക്കുന്നതു കണ്ടപ്പോള്‍ ഇബ്തിഹാജ് തീരുമാനിച്ചു ഇതുതന്നെ തന്‍െറ കായികലോകം.

പിന്നെ വാള്‍പ്പയറ്റുംകൂടി പഠിപ്പിക്കുന്ന സ്കൂള്‍ തേടിയുള്ള അന്വേഷണം കൊളമ്പിയ ഹൈസ്കൂളിലത്തെിച്ചു. കോളജ് പഠനകാലത്തും വാള്‍പ്പയറ്റില്‍ മൂര്‍ച്ചകൂട്ടി. 2007ല്‍ സ്കോളര്‍ഷിപ്പോടെ ഡ്യൂക്ക് സര്‍വകലാശാലയില്‍നിന്ന് ഇന്‍റര്‍നാഷനല്‍ റിലേഷന്‍സ് ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസില്‍ ബിരുദവും നേടി. 2010 മുതല്‍ അമേരിക്കന്‍ ദേശീയ ടീമില്‍ അംഗമാണ്. 2012ല്‍ ലണ്ടന്‍ ഒളിമ്പിക്സ് ടീമില്‍ അംഗമായിരുന്നെങ്കിലും പരിക്കുകാരണം മത്സരിക്കാനായില്ല. ഇക്കുറി റിയോയില്‍ ഇബ്തിഹാജ് വാളെടുത്ത് ഇറങ്ങുമ്പോള്‍ ഹിജാബ് ് ധരിച്ച് ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന ആദ്യത്തെ അമേരിക്കക്കാരി എന്ന വിശേഷണത്തിനുകൂടി ഉടമയാവുകയാണ്. ‘അമേരിക്കയിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കലങ്ങിമറിയുകയാണ്. പ്രത്യേകിച്ച് മുസ്ലിംകളെ സൂക്ഷ്മദര്‍ശിനിയിലൂടെ നോക്കിക്കൊണ്ടിരിക്കുന്ന സമയമാണിത്...’ സ്വന്തം നാട്ടിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് മറയില്ലാതെ അവര്‍ അഭിപ്രായം പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.