ജമൈക്കയിലെ ചില ഭാഗ്യവാന്മാരായ ചെറുപ്പക്കാരെപ്പോലെയായിരുന്നു ഉസൈന്‍ ബോള്‍ട്ടുമെങ്കില്‍ ഇപ്പോള്‍ ഇന്ത്യക്കെതിരെ നട്ടം തിരിയുന്ന വെസ്റ്റിന്‍ഡീസ് സംഘത്തിലെ ഒരു ഫാസ്റ്റ് ബൗളറായി മാറിയേനെ. അതുമല്ളെങ്കില്‍, ക്രെയ്ഗ് ബ്രാത്വെയിറ്റിനെപ്പോലെ അപ്രതീക്ഷിത അടികളിലൂടെ ചില മത്സരങ്ങള്‍ ജയിപ്പിക്കുന്ന ഒരു ആള്‍റൗണ്ടര്‍. ചിലപ്പോള്‍ ക്രിസ് ഗെയിലിനെപ്പോലെ ഐ.പി.എല്ലില്‍ തിളങ്ങുന്ന ഒരു താരം. 20ല്‍ താഴെയുള്ള ക്രിക്കറ്റ് രാജ്യങ്ങളുടെ കഥപറച്ചിലിലെ ചെറുതാരമായി ഒതുങ്ങുമായിരുന്ന ഒരാളില്‍നിന്ന് മൂന്നാംവട്ടവും ട്രിപ്പിള്‍ സ്വര്‍ണത്തിലേക്ക് പാഞ്ഞുവരുന്ന ഉസൈന്‍ ബോള്‍ട്ടിനെ കാണാനാണ് ലോകം റിയോയിലേക്ക് ഉറ്റുനോക്കുന്നത്. ഫാസ്റ്റ് ബൗളിങ്ങിന്‍െറ മാരക സൗന്ദര്യത്തില്‍ ചെറുപ്പക്കാരെ കുരുക്കിയിട്ട ജമൈക്കയുടെ മണ്ണില്‍ നിന്ന് ഭൂമുഖത്തെ ഏറ്റവും വേഗമുള്ള മനുഷ്യനായി ഉസൈന്‍ ബോള്‍ട്ട് മാറിയതിനുപിന്നില്‍ എല്ലാമുണ്ട്. ഭാഗ്യം, തെരഞ്ഞെടുപ്പ്, കഠിനാധ്വാനം, ജീനിയസ്സിന്‍െറ അലസഭാവം... എല്ലാമെല്ലാം.
സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍ കാലൂന്നി നില്‍ക്കുന്നതിന് തൊട്ടുമുമ്പ് ബോള്‍ട്ടിനെ ഒന്നു നോക്കുക. ഇയാളാണോ എല്ലാവരെയും തോല്‍പ്പിക്കാന്‍ പോകുന്നതെന്നു സംശയം തോന്നുന്ന മുഖഭാവം. കളിക്കിടയില്‍നിന്ന് പാഠപുസ്തകത്തിലേക്ക് വലിച്ചിഴച്ചതിന്‍െറ ഈര്‍ഷ്യയില്‍ പഠിക്കാനിരിക്കുന്ന വിദ്യാര്‍ഥിയിലെന്നപോലെ അയാളുടെ മനസ്സ് അവിടെയെങ്ങുമില്ളെന്ന് തോന്നും. താന്‍ മാത്രം കേള്‍ക്കുന്നൊരു പാട്ടിന്‍െറ താളത്തില്‍ അയാളുടെ ഉടലുകള്‍ നേര്‍ത്തൊരു നൃത്തച്ചുവടില്‍ കോര്‍ത്തുകെട്ടിയിട്ടുണ്ടാവും. സ്റ്റാര്‍ട്ടിങ് ബ്ളോക്കില്‍ കാല് കൊരുക്കുന്നതിനു മുമ്പൊരു പ്രാര്‍ഥനയില്‍ ആ മനുഷ്യന്‍ കുരിശു വരയ്ക്കുന്നു. ഓണ്‍ യുവര്‍ മാര്‍ക് പറയുമ്പോള്‍ എല്ലാം ശാന്തം. വെടിയൊച്ചക്കൊപ്പം മുന്നോട്ടാഞ്ഞ് കുതിക്കുന്ന ബോള്‍ട്ട് അപ്പോള്‍ ഒരു വെടിയുണ്ടയാകും. കാല്‍ ദൂരം പിന്നിടുമ്പോള്‍ പിന്നെ നെഞ്ചുനിവര്‍ത്തിയാകും ഓട്ടം. അപ്പോഴേ ഉസൈന്‍ ബോള്‍ട്ട് ജയിച്ചുകഴിഞ്ഞിരിക്കും.
ഫിനിഷിങ് പോയന്‍റടുക്കുമ്പോള്‍ പെട്ടെന്നൊരു അലസത ബാധിച്ചപോലെ. 9.58ന്‍െറ ലോക റെക്കോര്‍ഡ് കുറിക്കുമ്പോഴും അതേ ആലസ്യമുണ്ടായിരുന്നു ബോള്‍ട്ടില്‍ എന്ന് തോന്നിയിട്ടുണ്ട്. പിന്നെ കരീബിയന്‍ താളം ശരീരത്തിലേക്ക് ആവേശിക്കുന്നു. ഗാലറിയിലേക്ക് നോക്കി അസ്ത്രമയക്കുന്ന പോലെ ബോള്‍ട്ട് നിന്ന് നിവരുമ്പോള്‍ ലോകം ഒരിക്കല്‍ കൂടി അയാളുടെ പിന്നിലായിക്കഴിഞ്ഞിരിക്കും. ഇതൊക്കെയെന്ത് എന്നൊരു നിസ്സാരഭാവം. റിയോയിലെ ട്രാക്കില്‍ ഇത്തവണയും ബോള്‍ട്ടത്തെുമ്പോള്‍ ലോകം പ്രതീക്ഷിക്കുന്നത് അയാളല്ലാത്ത മറ്റൊരാള്‍ വേഗമാപിനികളെ തകര്‍ത്തെറിഞ്ഞ് മുന്നോട്ടു പായില്ല എന്നാണ്. ഒളിമ്പിക് ചരിത്രത്തിലെ അപൂര്‍വതയായ ‘ട്രിപ്പിള്‍ ട്രിപ്പിള്‍’ തികയ്ക്കാനാവുമെന്നു തന്നെ ബോള്‍ട്ടിനൊപ്പം ലോകവും വിശ്വസിക്കുന്നു. 100 മീറ്ററിന് പുറമെ 200 മീറ്ററിലെ ലോക റെക്കോര്‍ഡും തന്‍െറ വരുതിയിലാക്കിയ ബോള്‍ട്ട് ഇക്കുറി അതില്‍ ഏതെങ്കിലും റെക്കോര്‍ഡ് തിരുത്തിക്കുറിക്കുമെന്ന് പ്രതീക്ഷിക്കുന്നവര്‍ തുലോം കുറവായിരിക്കും. പക്ഷേ, ബോള്‍ട്ടിനെ മറ്റൊരാള്‍ മറികടക്കുമെന്ന് വിശ്വസിക്കുന്നവരും കുറവാണ്. അതിനു പുറമേ 4X100 മീറ്റര്‍ റിലേ സ്വര്‍ണവും. ‘ഞാന്‍ ഫിറ്റ് ആണെങ്കില്‍ എന്നെ തോല്‍പ്പിക്കാന്‍ ഒരാള്‍ക്കും ആവില്ല’ എന്ന് ബോള്‍ട്ട് പറയുന്നത് അഹങ്കാരമല്ല, ആത്മവിശ്വാസമാണ്.
പാബ്ളോ മക്നെയില്‍ എന്ന പഴയ ജമൈക്കന്‍ ഒളിമ്പ്യന് നന്ദി പറയണം. പിന്നെ വില്ല്യം ക്നിബ്ബ് മെമ്മോറിയല്‍ ഹൈസ്കൂളിലെ ക്രിക്കറ്റ് ടീം കോച്ചിനും. ഷെര്‍വുഡിലെ പലചരക്കുകടക്കാരന്‍െറ മകന്‍െറ നീളമുള്ള കാലുകളും അതിവേഗത്തിലുള്ള ഓട്ടവും ക്രിക്കറ്റ് മൈതാനത്തെക്കാള്‍ സിന്തറ്റിക് ട്രാക്കുകള്‍ക്ക് ചേര്‍ന്നതാണെന്ന് കണ്ടത്തെിയത് അവരാണ്. സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ സ്വര്‍ണം നേടി തുടങ്ങിയ ആ ഓട്ടം രണ്ട് ഒളിമ്പിക്സിലെ ആറ് സ്വര്‍ണത്തില്‍ എത്തി നില്‍ക്കുന്നു. 20 സെക്കന്‍റിനുള്ളില്‍ 200 മീറ്റര്‍ താണ്ടിയ ആദ്യത്തെ ജൂനിയര്‍ താരമായി തന്‍െറ വരവറിയിച്ചയാളാണ് ബോള്‍ട്ട്. 2004ലെ ഏതന്‍സ് ഒളിമ്പിക്സില്‍ ബോള്‍ട്ട് 200 മീറ്ററില്‍ മത്സരിക്കാനിറങ്ങുമ്പോള്‍ ആര്‍ക്കും അത്ര പരിചയമുണ്ടായിരുന്നില്ല. നിര്‍ഭാഗ്യം, കാലിനേറ്റ പരിക്ക് ആദ്യ റൗണ്ടില്‍തന്നെ ബോള്‍ട്ടിനെ പുറത്താക്കി. പക്ഷേ, ആ പിന്മാറ്റത്തിലും ഒരു പ്രതിഭയുണ്ടെന്നറിഞ്ഞ അമേരിക്ക ബോള്‍ട്ടിന് സ്കോളര്‍ഷിപ്പും പരിശീലനവും വാഗ്ദാനം ചെയ്തെങ്കിലും പിതാവ് വെല്ലസ്ലിയും അമ്മ ജെന്നിഫറും സഹോദരന്‍ സാദിക്കും സഹോദരി ഷെറിനുമൊപ്പം കളിച്ചുവളര്‍ന്ന സ്വന്തം ദേശംവിട്ട് എങ്ങോട്ടും പോകാന്‍ ഒരുക്കമല്ലായിരുന്നു. ജമൈക്കയിലെ യൂണിവേഴ്സിറ്റി മൈതാനത്തെ പ്രാകൃത സാഹചര്യങ്ങളില്‍ ബോള്‍ട്ട് പോരാടി. ഗ്ളെന്‍ മില്‍സിനെ കോച്ചായി കിട്ടിയതോടെ ബോള്‍ട്ടിന്‍െറ രാശിയും തെളിഞ്ഞു.
അതിനിടയില്‍ ഒരു കാര്‍ ആക്സിഡന്‍റും തുടഞരമ്പിലെ പരിക്കും. 200, 400 മീറ്ററുകളില്‍നിന്ന് 100 മീറ്ററിലേക്ക് മാറാനുള്ള ബോള്‍ട്ടിന്‍െറ തീരുമാനത്തിന് കോച്ച് വഴങ്ങുകയായിരുന്നു. സ്വന്തം നാട്ടുകാരനായ അസഫ പവല്‍ കൈയടക്കിയ 100 മീറ്ററിലേക്കുള്ള മാറ്റം മണ്ടത്തരമാണെന്നു വിശ്വസിച്ച ലോകത്തെ 2008 ബീജിങ് ഒളിമ്പിക്സില്‍ ബോള്‍ട്ട് ഞെട്ടിച്ചു. ഒരു തവണ അമേരിക്കയുടെ ജസ്റ്റിന്‍ ഗലാറ്റിനും മൂന്നു തവണ അസഫ പവലും തിരുത്തിയ 100 മീറ്ററിലെ റെക്കോര്‍ഡ് പിന്നെ ബോള്‍ട്ട് സ്വന്തം പേരിലാക്കിയത് ചരിത്രം. പവല്‍ കുറിച്ച 9.74 ന്‍െറ വേഗം 2008ലെ ബീജിങ് ഒളിമ്പിക്സിനു മുമ്പ് മെയ് 31ന് ന്യൂയോര്‍ക്കില്‍ നടന്ന റീബോ ഗ്രാന്‍റ്പ്രീയില്‍ 9.72 എന്ന പുതുവേഗത്തില്‍ ബോള്‍ട്ട് മറികടന്നു.
രണ്ട മാസത്തിനു ശേഷം ബീജിങില്‍ ആഗസ്റ്റ് 16ന് 100 മീറ്റര്‍ ഫൈനലില്‍ ഉസൈന്‍ ബോള്‍ട്ട് 9.69 എന്ന വേഗത്തില്‍ തന്‍െറ തന്നെ ലോക റെക്കോര്‍ഡ് തിരുത്തിയപ്പോള്‍ അസഫ പവല്‍ അഞ്ചാമതായി. 200 മീറ്ററില്‍ അമേരിക്കയുടെ മൈക്കള്‍ ജോണ്‍സന്‍െറ 19.32 എന്ന ¤െക്കാര്‍ഡ് 19.30ന് തട്ടിത്തെറിപ്പിച്ച് ബോള്‍ട്ട് സ്വര്‍ണമണിഞ്ഞു. 4X100 മീറ്ററില്‍ ബോള്‍ട്ടും പവലും അടങ്ങിയ ജമൈക്കന്‍ ടീം സ്വര്‍ണം നേടി. 2012 ലണ്ടന്‍ ഒളിമ്പിക്സ് ബീജിങ്ങിന്‍െ തനിപ്പകര്‍പ്പായി. മൂന്നിനത്തിലും സ്വര്‍ണം. അതിനിടയില്‍ 2009ല്‍ ബെര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ 9.58 എന്ന അവിശ്വസനീയ വേഗം തന്‍െറ പേരില്‍ കുറിച്ച് ബോള്‍ട്ട് ഭൂമുഖത്തെ ഏറ്റവും വേഗക്കാരനായി. പരിക്കിനെ തുടര്‍ന്ന് ഇക്കുറി ജമൈക്കന്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍നിന്ന് പിന്മാറിയപ്പോള്‍ ബോള്‍ട്ടില്ലാത്ത ഒളിമ്പിക്സാകുമോ റിയോ എന്ന് ആശങ്കയുണ്ടായി. എന്നാല്‍, ലണ്ടന്‍ ആനിവേഴ്സറി മീറ്റില്‍ 200 മീറ്റര്‍ 19.89 സെക്കന്‍റില്‍ താണ്ടി ബോള്‍ട്ട് റിയോയിലത്തെുകയാണ്. തന്‍െറ ഒടുവിലത്തെ ഒളിമ്പിക്സില്‍ മൂന്നു സ്വര്‍ണവും സ്വന്തമാക്കുമെന്ന ഉറപ്പോടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.