പൊ‘ലിമ’യോടെ ദീപം തെളിഞ്ഞു

റിയോ ഡെ ജനീറോ: പ്രശസ്തിയുടെ കാര്യത്തിലായാലും തലയെടുപ്പിന്‍െറ കാര്യത്തിലായാലും പെലെയോളം വരില്ല വാന്‍ഡെര്‍ലെ കോര്‍ഡിറോ ഡി ലിമ എന്ന ഒളിമ്പ്യന്‍. എന്നിട്ടും പെലെയുടെ പകരക്കാരനായി ഒളിമ്പിക്സ് ദീപം തെളിക്കാനുള്ള നിയോഗം ഡി ലിമയില്‍ എത്തിയതില്‍ അദ്ഭുതം കൂറുന്നവര്‍ 12 വര്‍ഷം പിന്നോട്ട് നോക്കണം. അപ്പോഴറിയാം, ഡി ലിമ എങ്ങനെയാണ് ബ്രസീലിന്‍െറ സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിന്‍െറ പ്രതീകമായതെന്ന്. പേരുകേട്ട കാല്‍പന്തുകളിക്കാര്‍ ഒട്ടനവധിയുള്ള ബ്രസീലില്‍ വെറുമൊരു വെങ്കലമെഡല്‍ ജേതാവായ ഡി ലിമയെ ഒളിമ്പിക്സ് ദീപം ഏല്‍പിച്ചത് ശരിയായ തീരമാനമായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാകും.

അത് വെറുമൊരു വെങ്കലമെഡല്‍ ആയിരുന്നില്ല. പ്രക്ഷോഭകാരിയാല്‍ ചവിട്ടിവീഴ്ത്തപ്പെട്ടിട്ടും പൊരുതി നേടിയ സുവര്‍ണ കിരീടമായിരുന്നു. 2004 ആതന്‍സ് ഒളിമ്പിക്സിലാണ് സംഭവം. സ്വര്‍ണമുറപ്പിച്ചിറങ്ങിയ കെനിയയുടെ പോള്‍ ടെര്‍ഗറ്റിനും ഇറ്റലിയുടെ സ്റ്റെഫാനോ ബാല്‍ഡീനിക്കുമൊപ്പം മെഡല്‍ പ്രതീക്ഷയേതുമില്ലാതെയാണ് ഡി ലിമ ഓടാനിറങ്ങിയത്. പക്ഷേ, മത്സരം തുടങ്ങി നാല് മൈല്‍ പിന്നിടുമ്പോള്‍ ഏവരെയും ഞെട്ടിച്ച് ഡി ലിമ മുന്നിലത്തെി. 26.2 മൈല്‍ താണ്ടുമ്പോഴും ഡി ലിമ മാത്രമായിരുന്നു ചിത്രത്തില്‍. നാലുമൈല്‍ മാത്രം ബാക്കിനില്‍ക്കെ ചിത്രം മാറി. ട്രാക്കിലേക്ക് അപ്രതീക്ഷിതമായി ചാടിവീണ നീല്‍ ഹൊറാന്‍ എന്ന ഐറിഷ് പ്രക്ഷോഭകാരി ഡി ലിമയെ തള്ളിവീഴ്ത്തി. ഹൊറാന്‍െറ പിടിയില്‍നിന്ന് രക്ഷപ്പെട്ട ഡി ലിമ ആത്മവിശ്വാസത്തിന്‍െറ കരുത്തില്‍ ഫിനിഷിങ് ലൈനിലേക്ക് കുതിച്ചു. ട്രാക്കിലെ അപ്രതീക്ഷിത ഇടപെടലില്‍ 15-20 സെക്കന്‍ഡ് നഷ്ടപ്പെട്ടെങ്കിലും വെങ്കലവുമായാണ് അദ്ദേഹം മടങ്ങിയത്. ഫിനിഷിങ് ലൈനില്‍ ക്ഷുഭിതനായ ഡി ലിമയെയാണ് ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍, പുഞ്ചിരിച്ച് നൃത്തംചെയ്ത ഡി ലിമ ഏവരുടെയും ഹൃദയം കവര്‍ന്നാണ് ട്രാക്ക് വിട്ടത്.

ഏറെ വിവാദമുണ്ടാകേണ്ട സംഭവം ഡി ലിമയുടെ നിശ്ശബ്ദതയില്‍ എരിഞ്ഞടങ്ങി. സ്പോര്‍ട്സ് മാന്‍ സ്പിരിറ്റിന് ഒളിമ്പിക്സ് കമ്മിറ്റി നല്‍കുന്ന പിയറി ഡി കുബെര്‍ട്ടിന്‍ മെഡല്‍ നല്‍കി ലോകം ഡി ലിമയെ ആദരിച്ചു. ഈ ഒളിമ്പിക്സോടെ അദ്ദേഹം കരിയര്‍ അവസാനിപ്പിച്ചെങ്കിലും എന്തിനും ഏതിനും കായികലോകത്ത് ബ്രസീലിനൊപ്പമുണ്ട് ഡി ലിമ. ഒളിമ്പിക്സ് ദീപം തെളിയിക്കാന്‍ പെലെയെയാണ് തീരുമാനിച്ചിരുന്നതെങ്കിലും ആരോഗ്യപ്രശ്നങ്ങളാല്‍ അവസാനനിമിഷം അദ്ദേഹം പിന്മാറിയതോടെയാണ് ഡി ലിമക്ക് നറുക്കുവീണത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.