കോഴിക്കോട്: കായിക പെരുങ്കളിയാട്ടമായ ഒളിമ്പിക്സിന് റിയോയില്‍ ചൂടുപിടിക്കുമ്പോള്‍ ഓര്‍മയുടെ ട്രാക്കില്‍ മായാതെ ഒരു കണ്ണീരോട്ടവും മെഡല്‍ നഷ്ടവും. ഇന്ത്യയുടെ ഒരേയൊരു ഉഷക്ക് 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ സെക്കന്‍ഡിന്‍െറ നൂറിലൊരംശത്തിന് വെങ്കലം നഷ്ടമായിട്ട് നാളേക്ക് 32 വയസ്സ്. 1984 ആഗസ്റ്റ് എട്ടിന് ലോസ് ആഞ്ജലസ് ഒളിമ്പിക്സിലാണ് പി.ടി. ഉഷക്ക് വെങ്കലമെഡല്‍ നഷ്ടമായത്. ചരിത്രത്തിലാദ്യമായി ഒരു ഇന്ത്യക്കാരിക്ക് ഒളിമ്പിക്സിലെ അത്ലറ്റിക്സ് മെഡല്‍ സ്വന്തമാക്കാനുള്ള അവസരമാണ് നിര്‍ഭാഗ്യത്തിന്‍െറ അകമ്പടിയോടെ ഇല്ലാതായത്. അന്ന് കുറിച്ച 55.42 സെക്കന്‍ഡിന് ഇന്നും ഇളക്കം തട്ടിയിട്ടില്ല. എന്നാല്‍, ഈ നഷ്ടവസന്തത്തിലും അഭിമാനത്തിന്‍െറ ട്രാക്കിലാണ് ഉഷ. റിയോയില്‍ ഉഷയുടെ രണ്ട് ശിഷ്യകളാണ് ട്രാക്കിലിറങ്ങുന്നത്. 800 മീറ്ററില്‍ ടിന്‍റു ലൂക്കയും 4x400 മീറ്റര്‍ റിലേ ടീമില്‍ ജിസ്ന മാത്യുവും. ഇന്ത്യയുടെ ഒളിമ്പിക്സ് ടീം കോച്ച് കൂടിയായ ഉഷ മറ്റന്നാള്‍ ശിഷ്യകള്‍ക്കൊപ്പം റിയോയിലേക്ക് പറക്കും.
വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡ്ല്‍സ് ആദ്യമായി അവതരിപ്പിച്ചത് ലോസ് ആഞ്ജലസിലായിരുന്നു. 1982ലെ ഡല്‍ഹി ഏഷ്യന്‍ ഗെയിംസ് മുതല്‍ സ്പ്രിന്‍റ് ഇനങ്ങളില്‍ റാണിയായിരുന്ന ഉഷക്കും 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ കാര്യമായ പരിചയമുണ്ടായിരുന്നില്ല. ജന്മസിദ്ധമായ കഴിവും ആത്മവിശ്വാസവും മാത്രമായിരുന്നു കൈമുതല്‍. മുംബൈയില്‍ നടന്ന ദേശീയ ഓപണ്‍ അത്ലറ്റിക് മീറ്റിലാണ് ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. ഒളിമ്പിക്സ് പോലുള്ള മിന്നും വേദിയില്‍ ഉഷയെന്ന 20കാരി പെണ്‍കുട്ടിക്ക് എല്ലാം പുതുമയായിരുന്നു. പ്രീ ഒളിമ്പിക്സ് മീറ്റില്‍ പ്രശസ്തയായ ജൂഡി ബ്രൗണ്‍ കിങ്ങിനെ മറികടന്ന് ഒന്നാമതായതോടെ ഉഷയുടെയും കോച്ച് ഒ.എം. നമ്പ്യാരുടെയും ആത്മവിശ്വാസം വര്‍ധിച്ചിരുന്നു.
ആഗസ്റ്റ് ആറിന് നടന്ന സെമിഫൈനലില്‍ ഒന്നാം സ്ഥാനക്കാരിയായാണ് ഉഷ ഫൈനലിലേക്ക് യോഗ്യത നേടിയത്. 55.54 സെക്കന്‍ഡിലാണ് സെമിയില്‍ അവസാനവര കടന്നത്. നേരത്തെ, 56.81 സെക്കന്‍ഡിലാണ് ഹീറ്റ്സില്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. വിശ്രമദിനത്തിനുശേഷം ആഗസ്റ്റ് എട്ടിന് ഫൈനല്‍ ദിനം. ജൂഡി ബ്രൗണും മൊറോകോയുടെ നവാല്‍ എല്‍ മുത്തവക്കീലുമടക്കമുള്ള മിടുക്കികളായിരുന്നു കൂടെ ഓടിയത്. ആദ്യ ഹര്‍ഡ്ല്‍ മുതല്‍ കുതിക്കണമെന്ന കോച്ചിന്‍െറ ഉപദേശം കണക്കിലെടുത്ത് കുതിച്ചെങ്കിലും ഒരു താരം ഫൗള്‍ സ്റ്റാര്‍ട്ട് വരുത്തിയതിനാല്‍ വീണ്ടും സ്റ്റാര്‍ട്ടിങ് പോയന്‍റിലേക്ക്. ഇതോടെ പതറിയ ഉഷ വീണ്ടും വെടിയൊച്ച മുഴങ്ങിയപ്പോള്‍ പതിയെയാണ് തുടങ്ങിയത്. പിന്നീട് എട്ടാം ഹര്‍ഡ്ല്‍ മുതല്‍ ഒപ്പത്തിനൊപ്പം ഓടി.
ഉഷക്ക് വെങ്കലമെന്നായിരുന്നു ഫിനിഷിങ്ങിനുശേഷം ഉച്ചഭാഷിണിയിലൂടെ മുഴങ്ങിക്കേട്ടത്. സ്റ്റേഡിയത്തിലെ സ്ക്രീനിലും ‘പയ്യോളി എക്സ്പ്രസി’ന്‍െറ പടമായിരുന്നു. എന്നാല്‍, ആ നല്ലവാര്‍ത്തക്ക് ഒരുമിനിറ്റിന്‍െറ ആയുസ്സേയുണ്ടായിരുന്നുള്ളൂ. 55.42 സെക്കന്‍ഡിലായിരുന്നു ഉഷയുടെ ഫിനിഷിങ്. സെക്കന്‍ഡിന്‍െറ നൂറിലൊരംശം വ്യത്യാസത്തിന് റുമേനിയയുടെ ക്രിസ്റ്റീന വെങ്കലമണിഞ്ഞു. വമ്പന്‍ വേദികളില്‍ പരിചയമില്ലാത്തത് വിനയായി. ശരീരം മുന്നോട്ടാഞ്ഞിരുന്നെങ്കില്‍ പയ്യോളിയിലെ ‘ഉഷസ്സി’ലെ ഷോക്കേസില്‍ ഒളിമ്പിക് മെഡല്‍ തിളങ്ങിനില്‍ക്കുമായിരുന്നു. മൊറോകോക്കാരി മുത്തവക്കീലിനായിരുന്നു സ്വര്‍ണം.
മെഡല്‍നഷ്ടം വേദനയായി മാറി. കോച്ച് ഒ.എം. നമ്പ്യാര്‍ ഏറെ കരഞ്ഞെന്ന് ഉഷ പറയുന്നു. കോച്ച് മാത്രമല്ല, സ്വര്‍ണജേത്രിയായിരുന്ന മുത്തവക്കീല്‍പോലും വിങ്ങിപ്പൊട്ടി. ലോസ് ആഞ്ജലസില്‍ മത്സരവും ഉത്തേജകപരിശോധനയും കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ടെലക്സ് സന്ദേശമാണ് തേടിയത്തെിയത്. ‘താങ്കള്‍ നന്നായി പരിശ്രമിച്ചു. എന്നിട്ടും നമ്മുടെ രാജ്യം തോറ്റു, ഇനിയും ശക്തമായി മുന്നേറുക നേട്ടങ്ങള്‍ കൊണ്ടുവരുക’ എന്നായിരുന്നു ഇന്ദിരയുടെ സന്ദേശം. അന്നത്തെ സ്വര്‍ണമെഡലുകാരി മുത്തവക്കീല്‍ കഴിഞ്ഞദിവസമാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (ഐ.ഒ.സി) വൈസ് പ്രസിഡന്‍റ് സ്ഥാനമൊഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.