100 മീറ്ററിൽ​ സ്വർണം; ഉസൈൻ ബോൾട്ട്​ വേഗരാജാവ്​

‘ജമൈക്ക എഴുന്നേറ്റു നില്‍ക്കൂ. ഇത് എന്‍െറ ജനതക്കുള്ളതാണ്’  -റിയോയിലും അതിവേഗക്കാരനായി ഒളിമ്പിക്സ് ചരിത്രത്തിലെ അപൂര്‍വ നേട്ടത്തിനുടമയായ ഉസൈന്‍ ബോള്‍ട്ട് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. അത്ലറ്റിക് ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ ജീനിയസിനു മുന്നില്‍ ജമൈക്ക മാത്രമല്ല ലോകം മുഴുവന്‍ എഴുന്നേറ്റു നിന്നു.

തുടര്‍ച്ചയായി മൂന്നാം ഒളിമ്പിക്സിലും അതിവേഗ താരമായി ഈ ജമൈക്കക്കാരന്‍ റിയോയില്‍ മറ്റൊരു ട്രിപ്ളിലേക്കുള്ള പ്രയാണത്തിന് വിജയകരമായി തുടക്കമിട്ടു. ഇനി 200 മീ, 4x100 മീ റിലേ കൂടി കാണാന്‍ ലോകം കാത്തിരിക്കുന്നു. ജോ ഹാവലാഞ്ച് ഒളിമ്പിക് സ്റ്റേഡിയത്തിലേക്ക് ഞായറാഴ്ച രാത്രി ലോകം മുഴുവന്‍ കണ്‍പാര്‍ത്ത പത്തുനിമിഷങ്ങള്‍. അതിനൊടുവില്‍ 2008 ബെയ്ജിങ്ങിലും 2014 ലണ്ടനിലും കണ്ട അതേ കാഴ്ചകള്‍. എതിരാളികള്‍ മാത്രമേ മാറിയുള്ളൂ, അവരുടെ സ്ഥാനങ്ങളും. ഒന്നാം സ്ഥാനക്കാരന് ഒരു മാറ്റവുമില്ല. ആറരയടിക്കാരന്‍െറ നീളന്‍ ചുവടുകളും കുതിപ്പും വിജയപ്രകടനങ്ങളും എല്ലാം അതേപടി തന്നെ. ഒതുങ്ങിയ ഇടുപ്പും വിരിഞ്ഞ ചുമലും, കൊടുങ്കാറ്റുപോലുള്ള വരവും, അവസാനം അനായാസ താളത്തില്‍ രണ്ടു കൈയും വിടര്‍ത്തി ലോകത്തെ പുണരുന്ന ഭാവവും. ആ വിരിഞ്ഞ ചിരിയും അവിടത്തെന്നെയുണ്ട്. എട്ടു വര്‍ഷങ്ങള്‍ ഈ കരുത്തന്‍െറ കാലുകള്‍ക്കും മനസ്സിനും ബലം വര്‍ധിച്ചേയുള്ളൂ. ഒളിമ്പിക്സ് തുടങ്ങും മുമ്പ് തന്നെ ലോകശ്രദ്ധ മുഴുവന്‍ തന്നിലേക്ക് ആവാഹിച്ച ഉസൈന്‍ ബോള്‍ട്ട് അവസാനം റിയോയില്‍ ട്രാക്കില്‍ തീകൊളുത്തിയത് മറ്റൊരു പ്രകമ്പനത്തോടെയായിരുന്നു. പക്ഷേ, ഇത്തവണ വിജയം അനായാസം എന്നു പറയാനാവില്ല. ശക്തനായ എതിരാളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ മത്സരത്തിന്‍െറ മുക്കാല്‍ പങ്കും മുന്നിലായിരുന്നു. അവസാന 25 മീറ്ററില്‍ കൊടുങ്കാറ്റിനെ വെല്ലുന്ന കുതിപ്പില്‍ ഗാറ്റ്ലിനെ പിന്നിലാക്കി ഒന്നയഞ്ഞ് ഫിനിഷിങ് ലൈനില്‍ തൊടുമ്പോള്‍ സമയം 9.81 സെക്കന്‍ഡ്.

 ഗാറ്റ്ലിന്‍ (9.89) രണ്ടാമതും.  9.91 സെക്കന്‍ഡില്‍ ഓടിയത്തെിയ കാനഡയുടെ ആന്ദ്രെ ഡിഗ്രാസിന് മൂന്നാം സ്ഥാനം. കഴിഞ്ഞ ഒളിമ്പിക്സില്‍ ബോള്‍ട്ടിന് തൊട്ടുപിന്നിലുണ്ടായിരുന്ന നാട്ടുകാരന്‍ യൊഹാന്‍ ബ്ളേക് നാലാമനായാണ് ഫിനിഷ് ചെയ്തത്. ബെയ്ജിങ്ങില്‍ 9.69 സെക്കന്‍ഡായിരുന്നു ബോള്‍ട്ടിന്‍െറ സമയം. ലണ്ടനില്‍ 9.63ഉം. അന്ന് ഗാറ്റ്ലിന്‍ 9.79 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്നു. ഈ സീസണില്‍ ബോള്‍ട്ടിനെക്കാള്‍ മികച്ച സമയത്തില്‍ ഓടിയ അമേരിക്കക്കാരായ ജസ്റ്റിന്‍ ഗാറ്റ്ലിന്‍, ട്രിവോണ്‍ ബ്രൊമ്മല്‍, ഫ്രാന്‍സിന്‍െറ  ജിമ്മി വികോട്ട് എന്നിവര്‍ ഫൈനലില്‍ ബോള്‍ട്ടിനൊപ്പമുണ്ടായിരുന്നു. എന്നാല്‍, ഫൈനലിന് ഒന്നേകാല്‍ മണിക്കൂര്‍ മുമ്പ് പൂര്‍ത്തിയായ സെമിഫൈനലില്‍ ഏറ്റവും മികച്ച സമയം (9.86സെ) ബോള്‍ട്ടിന്‍െറതായിരുന്നു. ശനിയാഴ്ച ഹീറ്റ്സ് ഓടിയത് 10.07 സെക്കന്‍ഡില്‍. പരിക്ക് കാരണം ജമൈക്കന്‍ ട്രയല്‍സില്‍ നിന്ന് വിട്ടുനിന്ന ബോള്‍ട്ട് പിന്നീട് ലണ്ടനിലാണ് യോഗ്യത തെളിയിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.