തീനാളങ്ങളില്‍നിന്നുയിര്‍കൊണ്ട് ജയന്തി എക്സ്പ്രസ്

കോഴിക്കോട്: കായിക ഇന്ത്യക്ക് ദ്യുതിചന്ദ് എന്ന സ്പ്രിന്‍റ് പോരാളിയെ സമ്മാനിച്ചത് ഇതുപോലൊരു ദേശീയ സ്കൂള്‍ കായികമേളക്ക് കേരളം വേദിയായപ്പോഴാണ്. വീണ്ടുമൊരു ദേശീയ മീറ്റിന് മലയാളമണ്ണ് വേദിയായപ്പോള്‍ ചിപ്പിതുറന്ന് മറ്റൊരു ഒഡിഷ മുത്ത് പുറത്തുവരുകയാണ്- പാരാലിമ്പിക്സില്‍ ഇന്ത്യയുടെ ഭാവിവാഗ്ദാനമെന്ന് വിശേഷിപ്പിക്കാവുന്ന ജയന്തി ബെഹ്റയെന്ന ഒഡിഷക്കാരി. 61ാമത് സ്കൂള്‍ കായികമേളയുടെ ആദ്യ ദിനത്തില്‍ 400 മീറ്റര്‍ സീനിയര്‍ പെണ്‍കുട്ടികളുടെ ഹീറ്റ്സില്‍ മലയാളിതാരം ഷഹര്‍ബാന സിദ്ദീഖിനു പിന്നില്‍ നാലാമതായി ഫിനിഷ് ചെയ്തപ്പോഴാണ് തീവിഴുങ്ങിയ ഒരുകൈ ഇറുക്കിപ്പിടിച്ച് ഓടിയ ജയന്തിയെ കണ്ടത്തെിയത്. സെമിയിലത്തെിയില്ളെങ്കിലും 65 ശതമാനം വികലാംഗയായ ജയന്തി ബെഹ്റ ഇന്ത്യയുടെ ഭാവി പാരാലിമ്പിക്സ് താരമെന്ന് ടീം പരിശീലകരും സാക്ഷ്യപ്പെടുത്തുന്നു.
ഒഡിഷയിലെ പുരിയില്‍നിന്നാണ് ജയന്തിയുടെ വരവ്. ഒരു വയസ്സായിരുന്നപ്പോള്‍ കുഞ്ഞുശരീരം വിഴുങ്ങാനത്തെിയ തീനാളത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടതിനെക്കുറിച്ച് പറഞ്ഞുകേട്ട അറിവേ ജയന്തിക്കുള്ളൂ. വീട്ടുമുറ്റത്ത് തണുപ്പകറ്റാനിട്ട ചൂളയിലേക്ക് കളിക്കിടെ വീഴുകയായിരുന്നു. ജീവിതത്തിലേക്ക് തിരിച്ചത്തെിയപ്പോള്‍ ശരീരത്തില്‍ തീനാളങ്ങളുടെ ശേഷിപ്പുകളുണ്ട്. അരക്കു മുകളില്‍ വലിയൊരു ഭാഗം തീവിഴുങ്ങിയതിനൊപ്പം ഇടതുകൈയുടെ സ്വാധീനവും പകുതി കുറഞ്ഞു. ഇതൊന്നും ട്രാക്കിലെ കുതിപ്പിന് ജയന്തിക്ക് തടസ്സമായില്ല. സംസ്ഥാന സ്കൂള്‍ മേളയില്‍ 400, 800, 1500 മീറ്ററില്‍ സ്വര്‍ണമണിഞ്ഞാണ് കോഴിക്കോട്ടത്തെിയത്. 400ല്‍ പുറത്തായെങ്കിലും മറ്റിനങ്ങളില്‍ പ്രതീക്ഷയുണ്ടെന്ന് പറയുമ്പോള്‍ തീനാളങ്ങളെ കെടുത്തിയ ആത്മവിശ്വാസംതന്നെ കൂട്ട്.
പാരാലിമ്പിക്സില്‍ മത്സരിക്കാന്‍ യോഗ്യതയുള്ള ജയന്തിക്ക് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ദേശീയ മീറ്റാണ് അടുത്ത ലക്ഷ്യം. ഇന്ത്യന്‍കുപ്പായത്തില്‍ ഒളിമ്പിക്സിലേക്കും പറക്കുന്നത് സ്വപ്നംകാണുകയാണ് ഒഡിഷക്കാരി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.