മൂന്നാഴ്ച കൂടി പിന്നിട്ടാല്‍ ലോകം 206 പതാകകള്‍ക്കു പിന്നില്‍ ബ്രസീല്‍ നഗരമായ റിയോയില്‍ അണിനിരക്കും. ലോകപ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തില്‍ അണിനിരക്കുന്ന രാജ്യങ്ങളുടെ ഏറ്റവും പിന്നില്‍ 10 പേര്‍ മാത്രമടങ്ങുന്ന ഒരു ടീമുണ്ടാവും. അവരുടെ ജഴ്സികളില്‍ രാജ്യത്തിന്‍െറ പേരുണ്ടാവില്ല. അവര്‍ പിറന്ന ദേശത്തിന്‍െറ കൊടിയടയാളങ്ങളുമുണ്ടാവില്ല. പകരം അഞ്ചു വളയങ്ങള്‍ ചന്തം ചാര്‍ത്തിയ ഒളിമ്പിക് പതാകയായിരിക്കും അവരെ നയിക്കുക. അപ്പോള്‍ ആ പത്തുപേരുടെ മനസ്സില്‍ തുര്‍ക്കിക്കടുത്ത് മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് മരണത്തില്‍ മുഖമമര്‍ത്തി കമിഴ്ന്നുകിടന്ന മൂന്നുവയസ്സുകാരന്‍ ഐലന്‍ കുര്‍ദിയുടെ ചിത്രമായിരിക്കും.
റിയോയിലെ നീന്തല്‍ക്കുളത്തില്‍ സര്‍വശക്തിയുമെടുത്തു തുഴയുമ്പോള്‍ യുസ്ര മര്‍ദീനി എന്ന 18കാരിയുടെ മനസ്സില്‍ അലയടിക്കുക ഈജിയന്‍ കടലിലെ കൂറ്റന്‍ തിരമാലകളായിരിക്കും. ആഭ്യന്തരയുദ്ധം മൂര്‍ച്ഛിച്ച സിറിയയില്‍നിന്ന് സഹോദരി സാറയെയും കൂട്ടി ചെറിയൊരു ബോട്ടില്‍ പുറപ്പെട്ടതായിരുന്നു യുസ്ര. കടലിന്‍െറ നടുവില്‍ ബോട്ടിന്‍െറ യന്ത്രം നിശ്ചലമായപ്പോള്‍ സഹോദരിയെയും കൂട്ടി അവള്‍ നീന്താനിറങ്ങി. രാജ്യത്തിനുവേണ്ടി നീന്തല്‍ക്കുളങ്ങളില്‍ കാഴ്ചവെച്ച മത്സരവീര്യത്തിനൊപ്പം ജീവനോടുള്ള കൊതികൂടി ചേര്‍ന്നപ്പോള്‍ അവള്‍ ഈജിയന്‍ കടല്‍ നീന്തിക്കടന്നു തീരമണഞ്ഞു. ജര്‍മനിയില്‍ അഭയാര്‍ഥിയായ യുസ്ര മര്‍ദീനി അഭയാര്‍ഥികളുടെ ടീമിലെ ശ്രദ്ധേയതാരമാണ്.
ഇനിയുമുണ്ട് ഒമ്പതുപേര്‍. കടല്‍ നീന്തി കടന്നവര്‍. കലാപങ്ങളുടെ വെടിയൊച്ചകളില്‍നിന്ന് ഓടിപ്പാഞ്ഞവര്‍. പൊട്ടിത്തെറികളില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടവര്‍. ആധുനികകാലത്തിന്‍െറ ഉണങ്ങാത്ത മുറിവുമായി ചരിത്രത്തില്‍ ആദ്യമായി ഒളിമ്പിക്സ് വേദിയില്‍ അവര്‍ മത്സരത്തിനിറങ്ങുകയാണ്. ‘അഭയാര്‍ഥികളുടെ ടീം’. ആറ് പുരുഷന്മാരും നാല് വനിതാതാരങ്ങളും ഒളിമ്പിക് പതാകയുടെ കീഴില്‍ റിയോയിലിറങ്ങും. ലോകത്തിലെ ഏറ്റവുംവലിയ അഭയാര്‍ഥി ക്യാമ്പായ വടക്കന്‍ കെനിയയിലെ ദദാബ്, കകുമ ക്യാമ്പുകളില്‍നിന്നാണ് ദക്ഷിണ സുഡാന്‍കാരായ അഞ്ച് അഭയാര്‍ഥികള്‍ മത്സരത്തിനത്തെുന്നത്.
സിറിയക്കാരനാണ് റാമി അനിസ്. ബെല്‍ജിയത്തില്‍ അഭയംതേടിയ റാമി 100 മീറ്റര്‍ ബട്ടര്‍ഫൈ്ളയില്‍ നീന്താനിറങ്ങും. ദക്ഷിണ സുഡാന്‍കാരായ യീച് പുര്‍ ബിയെല്‍ (800 മീറ്റര്‍), ജെയിംസ് ന്യാങ് ചിയെന്‍ജിയെക് (400 മീറ്റര്‍), ആഞ്ചലീന നദാ ലൊഹാലിത് (1500 മീറ്റര്‍), റോസ് നാതികെ ലോകോന്യെന്‍ (800 മീറ്റര്‍), പൗലോ അമോതുന്‍ ലൊകോറോ (1500 മീറ്റര്‍), ഇത്യോപ്യയില്‍നിന്ന് ലെക്സംബര്‍ഗില്‍ അഭയംതേടിയ യൂനിസ് കിന്‍ഡെ (42 കി.മീറ്റര്‍ മാരത്തണ്‍), കോംഗോയില്‍നിന്ന് ബ്രസീലില്‍ അഭയംതേടിയ യൊലാണ്ടേ ബുകാസാ മബിക (ജൂഡോ 70 കിലോ), പൊപോല്‍ മിസെംഗ (90 കിലോ ജൂഡോ) എന്നിവരാണ് മറ്റ് താരങ്ങള്‍.
സമീപകാലത്ത് ലോകത്തെ പിടിച്ചുലച്ച അഭയാര്‍ഥി പ്രവാഹത്തിന്‍െറ കൊടും ദുരിതങ്ങളോട് ഐക്യപ്പെടാനുള്ള അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി) തീരുമാനമായിരുന്നു രാജ്യവും ദേശവുമില്ലാതെ ചിതറിപ്പോയ അഭയാര്‍ഥികളായ കായികപ്രതിഭകളുടെ ടീം എന്ന ആശയം. കഴിഞ്ഞ മാര്‍ച്ചില്‍ ഐ.ഒ.സി പ്രസിഡന്‍റ് തോമസ് ബാക് തീരുമാനം പ്രഖ്യാപിച്ചു.തുടര്‍ന്ന് പിറന്ന മണ്ണുവിട്ട് വിവിധ രാജ്യങ്ങളില്‍ അഭയംതേടിയ 43 കായിക താരങ്ങളെ ഐ.ഒ.സി കണ്ടത്തെി. ഐക്യരാഷ്ട്ര സഭ അഭയാര്‍ഥിയായി അംഗീകരിച്ച, യോഗ്യതാ മാനദണ്ഡങ്ങള്‍ തെളിയിച്ച 10 പേരെ ഒടുവില്‍ ഒരു ടീമാക്കി മാറ്റുകയായിരുന്നു.
ഇവര്‍ക്ക് പ്രഫഷനല്‍ താരങ്ങളെപ്പോലെ പരിശീലനത്തിനും മറ്റുമുള്ള സൗകര്യങ്ങള്‍ ഐ.ഒ.സി തന്നെയാണ് ഏര്‍പ്പാടാക്കിയത്. മികച്ച പരിശീലകരെയും നല്‍കിയിട്ടുണ്ട്. കാലില്‍ ചെരിപ്പുപോലുമില്ലാതെ ജീവന്‍ മാത്രം മുറുകെപ്പിടിച്ചുകൊണ്ട് അവരോടിയ ഓട്ടത്തിന്‍െറ സ്മരണകള്‍ മതി റിയോ ഡെ ജനീറോയിലെ മൈതാനങ്ങളില്‍ ചരിത്രമെഴുതാന്‍.ഓരോ താരങ്ങളുടെയും നേട്ടങ്ങള്‍ അവരുടെ രാജ്യത്തിനുനേരെ എഴുതുമ്പോള്‍ ഈ പത്തു താരങ്ങളുടെ നേട്ടങ്ങളും അവരുടെ പങ്കാളിത്തംപോലും മുറിവേറ്റ ലോകത്തിന്‍െറ അക്കൗണ്ടിലാകും വിലയിരുത്തുക. അഭയാര്‍ഥികളില്‍നിന്ന് ചില മികച്ചതാരങ്ങള്‍ അവര്‍ അഭയംതേടിയ രാജ്യങ്ങളുടെ ടീമിലും കയറിപ്പറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.