സിക ഭീതി: റോണിചും ഹാലെപ്പും ഒളിമ്പിക്സില്‍നിന്ന് പിന്മാറി

പാരിസ്: സിക വൈറസ് റിയോ ഒളിമ്പിക്സിന് വെല്ലുവിളിയുയര്‍ത്തുന്നതിന്‍െറ പുതിയ ഉദാഹരണമായി പ്രമുഖ ടെന്നിസ് താരങ്ങളായ മിലോസ് റോണിചും സിമോണ ഹാലെപ്പും പിന്മാറി. ആരോഗ്യത്തിനുയരുന്ന ഭീഷണി കണക്കിലെടുത്ത് പിന്മാറുന്നതായി ഇരു താരങ്ങളും ഫേസ്ബുക്കിലൂടെ പ്രഖ്യാപിക്കുകയായിരുന്നു. ഭാരിച്ച ഹൃദയത്തോടെയാണ് താന്‍ ഈ തീരുമാനമെടുത്തതെന്ന് ലോക ഏഴാം നമ്പറുകാരനായ കനേഡിയന്‍ താരം റോണിച് പറഞ്ഞു. ‘കുടുംബാംഗങ്ങളുമായും പരിശീലകരുമായും ഏറെ കൂടിയാലോചിച്ച ശേഷമാണ് ഈ തീരുമാനം. സിക വൈറസുമായി ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം ഉള്‍പ്പെടെ ആരോഗ്യ സംബന്ധിയായ നിരവധി ആശങ്കകള്‍ മുന്‍നിര്‍ത്തിയാണിത്. വളരെ പ്രയാസമുണ്ടാക്കിയ വ്യക്തിപരമായ തീരുമാനമാണിത്. ഗെയിംസിനായി പോകുന്ന വേറൊരു അത്ലറ്റിനെയും എന്‍െറ തീരുമാനം സ്വാധീനിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ -റോണിച് കുറിച്ചു. റോണിചിന്‍െറ തീരുമാനത്തെ മാനിക്കുന്നതായി പ്രഖ്യാപിച്ച ടെന്നിസ് കാനഡ, 43കാരന്‍ ഡാനിയല്‍ നെസ്റ്ററിനെ വസെക് പോസ്പിസിലിനൊപ്പം പുരുഷ ഡബ്ള്‍സില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമംനടത്തുമെന്ന് അറിയിച്ചു.

അന്താരാഷ്ട്ര ടെന്നിസ് ഫെഡറേഷന്‍ (ഐ.ടി.എഫ്) റിയോയിലേക്കുള്ള അന്തിമ താരങ്ങളുടെ പട്ടിക പുറത്തിറക്കിയതിനു പിന്നാലെയായിരുന്നു റുമേനിയന്‍ താരം ഹാലെപ് ഫേസ്ബുക്കില്‍ പിന്മാറ്റം പ്രഖ്യാപിച്ചത്. ‘ഒളിമ്പിക്സ് ഗെയിമില്‍ പങ്കെടുക്കുന്നില്ളെന്ന് പ്രഖ്യാപിക്കുന്നതില്‍ നിരാശയുണ്ട്. സിക വൈറസ് ഉയര്‍ത്തുന്ന അപകടഭീഷണിയാണ് തീരുമാനത്തിന് കാരണം. ഡോക്ടര്‍മാരും കുടുംബവുമായി ഏറെ ചര്‍ച്ച ചെയ്തതില്‍നിന്ന് മനസ്സിലാക്കാനായത് എന്‍െറ കരിയറിനും ആരോഗ്യത്തിനും, പ്രത്യേകിച്ച് സ്ത്രീയെന്ന നിലയില്‍, അപകടസാധ്യത ഏറെയാണ്. കുടുംബം എന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. ടെന്നിസ് കരിയര്‍ അവസാനിച്ചതിനുശേഷം സ്വന്തമായി കുടുംബമുണ്ടാക്കാനുള്ള സാധ്യത അപകടത്തിലാക്കാന്‍ എനിക്കാകില്ല’ -ഹാലെപ് വ്യക്തമാക്കി.

നിരവധി പ്രമുഖ താരങ്ങളുടെ അഭാവത്തിലാണ് റിയോയില്‍ ടെന്നിസ് കോര്‍ട്ട് തുറക്കുന്നത്. യു.എസിന്‍െറ ജോണ്‍ ഇസ്നര്‍, ഓസ്ട്രിയയുടെ ഡൊമിനിക് തിയെം, ആസ്ട്രേലിയന്‍ താരങ്ങളായ ബെര്‍ണാഡ് ടോമിക്, നിക് കിര്‍ഗിയോസ്, സ്പെയിനിന്‍െറ ഫെലിസിയാനോ ലോപസ് തുടങ്ങിയവരും വിവിധ കാരണങ്ങളാല്‍ ഒളിമ്പിക്സില്‍നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരുന്നു. ഇറ്റലിയുടെ മുന്‍ ഫ്രഞ്ച് ഓപണ്‍ ചാമ്പ്യന്‍ ഫ്രാന്‍സെസ്ക ഷിവാവോനും അവസരം വേണ്ടെന്നുവച്ചു. മുന്‍ ലോക ഒന്നാം നമ്പര്‍ താരങ്ങളായ മരിയ ഷറപോവക്കും വിക്ടോറിയ അസരങ്കക്കും ഗെയിംസ് നഷ്ടമാകും. ഡോപിങ് കാരണം ലഭിച്ച വിലക്ക് ഷറപോവക്ക് തടസ്സമാകുമ്പോള്‍ ഗര്‍ഭിണിയായതിനാല്‍ ഈ വര്‍ഷം കളിക്കാനാകില്ളെന്ന് അസരങ്ക കഴിഞ്ഞ ദിവസം വ്യക്തമാക്കി. അതേസമയം, ഒളിമ്പിക്സ് യോഗ്യത നിര്‍ദേശം പാലിക്കാതിരുന്ന സ്പാനിഷ് സൂപ്പര്‍ താരം റാഫേല്‍ നദാല്‍ അപ്പീലിലൂടെ പട്ടികയില്‍ ഇടംപിടിച്ചു. ഒരു ഒളിമ്പിക്സ് കാലയളവില്‍ നിശ്ചിത എണ്ണം ഡേവിസ് കപ്പ് മത്സരങ്ങളില്‍ പങ്കെടുക്കണമെന്നാണ് ചട്ടം.  2008 ബെയ്ജിങ് ഒളിമ്പിക്സിലെ സ്വര്‍ണ ജേതാവായ നദാലിന് കാല്‍മുട്ടിലെ പരിക്ക് കാരണം 2012 ലണ്ടന്‍ ഒളിമ്പിക്സ് നഷ്ടമായിരുന്നു. ഇത്തവണ റിയോയില്‍ സ്പെയിനിന്‍െറ പതാകവാഹകനാകാനൊരുങ്ങുകയാണ് റാഫ. റോജര്‍ ഫെഡററും നിലവിലെ സ്വര്‍ണ ജേതാക്കളായ സെറീന വില്യംസും ആന്‍ഡി മറെയും ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. ഗോള്‍ഫ് കളത്തിലും സിക വൈറസ് കാരണം റിയോക്ക് വന്‍ നഷ്ടമാണ് ഉണ്ടായത്. ടോപ് നാല് താരങ്ങളായ ജേസന്‍ ഡേ, ജോര്‍ഡന്‍ സ്പീത്ത്, റോറി മക്റോയ്, ഡസ്റ്റിന്‍ ജോണ്‍സന്‍ എന്നിവര്‍ പിന്മാറിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.