റഷ്യക്ക് ഒളിമ്പിക്സ് വിലക്ക്: നിയമോപദേശം തേടുമെന്ന് ഐ.ഒ.സി

മോസ്കോ: റിയോ ഒളിമ്പിക്സിന് കൊടിയേറാന്‍ 16 ദിവസം മാത്രം ബാക്കിനില്‍ക്കെ റഷ്യയുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇനിയും കാത്തിരിക്കണം. മരുന്നടി വിവാദത്തില്‍ കുരുങ്ങിയ റഷ്യയെ ഒളിമ്പിക്സില്‍നിന്ന് പൂര്‍ണമായും വിലക്കണമെന്ന ലോക ഉത്തേജകവിരുദ്ധ ഏജന്‍സിയുടെയും (വാഡ), അമേരിക്ക, കാനഡ, ബ്രിട്ടന്‍ സമിതികളുടെയും സമ്മര്‍ദങ്ങള്‍ക്കിടെ ചേര്‍ന്ന രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി അന്തിമതീരുമാനമെടുക്കാതെ പിരിഞ്ഞു. റഷ്യക്ക് കൂട്ടവിലക്കേര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുംമുമ്പ് നിയമോപദേശം തേടാനാണ് ചൊവ്വാഴ്ച ടെലികോണ്‍ഫറന്‍സ് വഴി ചേര്‍ന്ന ഒളിമ്പിക്സ് കമ്മിറ്റി യോഗത്തിലെ തീരുമാനം. അതേസമയം, 2014 സോചി ശീതകാല ഒളിമ്പിക്സുമായി ബന്ധപ്പെട്ടുയര്‍ന്ന ഉത്തേജക മരുന്ന് വിവാദത്തെക്കുറിച്ച് അന്വേഷിച്ച കനേഡിയന്‍ അഭിഭാഷന്‍ റിച്ചാര്‍ഡ് മക്ലറന്‍െറ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി റഷ്യക്കെതിരെ ഐ.ഒ.സി അച്ചടക്ക നടപടി ആരംഭിച്ചു. ഒരു കായികമേളക്കും റഷ്യയെ വേദിയാക്കേണ്ടെന്നാണ് പ്രധാന നിര്‍ദേശം. നേരത്തേ നിശ്ചയിച്ച 2019 യൂറോപ്യന്‍ ഗെയിംസ് ഉള്‍പ്പെടെയുള്ളവ റദ്ദാക്കാനും തീരുമാനിച്ചു.

റിച്ചാര്‍ഡ് മക്ലറന്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഒഫീഷ്യലുകള്‍ക്കെതിരെ അച്ചടക്ക നടപടി ആരംഭിക്കും. റഷ്യന്‍ കായിക മന്ത്രി വിറ്റാലി മറ്റ്കോയെ റിയോ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിലക്കും. സോചി ഒളിമ്പിക്സില്‍ പങ്കെടുത്ത അത്ലറ്റുകളുടെ മുത്ര സാമ്പ്ള്‍ വീണ്ടും പരിശോധിക്കാനും ഐ.ഒ.സി തീരുമാനിച്ചു. അതേസമയം, കായികലോകത്തിന്‍െറയും ഒളിമ്പിക്സിന്‍െറയും സത്യസന്ധതക്കെതിരായ ആക്രമണമാണ് റഷ്യന്‍ സര്‍ക്കാര്‍ പിന്തുണയോടെയുള്ള മരുന്നടിയെന്ന് ഒളിമ്പിക്സ് കമ്മിറ്റി അധ്യക്ഷന്‍ തോമസ് ബാക് തുറന്നടിച്ചു. കടുത്ത തീരുമാനമെടുക്കുന്നതിന് മടിച്ചുനില്‍ക്കില്ളെന്നും അദ്ദേഹം പറഞ്ഞു.

മോസ്കോ ഉത്തേജകവിരുദ്ധ ലബോറട്ടറിയുടെ തലവനായിരുന്ന ഗ്രിഗറി റെഡ്ചെങ്കോവ് നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് റഷ്യന്‍ താരങ്ങള്‍ സോചി ഒളിമ്പിക്സില്‍ ഉത്തേജക മരുന്ന് ഉപയോഗിച്ച വിവരം ലോകം അറിഞ്ഞത്. റഷ്യയുടെ ഒൗദ്യോഗിക അറിവോടെയാണ് ഈ ഉത്തേജകമരുന്ന് പ്രയോഗം നടന്നതെന്നുമായിരുന്നു ‘ന്യൂയോര്‍ക് ടൈംസി’നോട് റെഡ്ചെങ്കോവ് കഴിഞ്ഞ മേയില്‍ വെളിപ്പെടുത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തിലാണ് കനേഡിയന്‍ അഭിഭാഷകന്‍ റിച്ചാര്‍ഡ് മക്ലാറന്‍െറ സ്വതന്ത്ര കമീഷന്‍ അന്വേഷണം ആരംഭിച്ചത്. റഷ്യന്‍ കായികമന്ത്രാലയം, രഹസ്യാന്വേഷണ ഏജന്‍സി എന്നിവയുടെ ഇടപെടലിലൂടെ വ്യാപക മരുന്നടി നടന്നുവെന്നായിരുന്നു കണ്ടത്തെല്‍. മെഡല്‍ ജേതാക്കളായ 15ഓളം അത്ലറ്റുകള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായും ലബോറട്ടറിയില്‍ താരങ്ങളുടെ മൂത്ര സാമ്പിളുകള്‍ മാറ്റിയതായും കമീഷന്‍ കണ്ടത്തെി.

അതേസമയം, റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ മുതിര്‍ന്ന കായിക ഉദ്യോഗസ്ഥര്‍ക്കെതിരെ റഷ്യ നടപടി സ്വീകരിച്ചതായി കായിക മന്ത്രി വിറ്റാലി മറ്റ്കോ അറിയിച്ചു. റിപ്പോര്‍ട്ടിലെ കണ്ടത്തെലുകളുടെ വിശ്വാസയോഗ്യതയെ വിമര്‍ശിച്ച് പ്രസിഡന്‍റ് വ്ളാദിമിര്‍ പുടിന്‍ രംഗത്തത്തെി. സര്‍ക്കാറിനെയും രഹസ്യാന്വേഷണ വിഭാഗത്തെയും കായികമേഖലയെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന ആരോപണം രാഷ്ട്രീയപ്രേരിതമെന്നായിരുന്നു പ്രസിഡന്‍റിന്‍െറ ആരോപണം.
റഷ്യന്‍ ട്രാക് ആന്‍ഡ് ഫീല്‍ഡ് അത്ലറ്റുകള്‍ക്ക് ലോക അത്ലറ്റിക് ഫെഡറേഷന്‍ ഏര്‍പ്പെടുത്തിയ വിലക്കില്‍ സ്പോര്‍ട്സ് ആര്‍ബിട്രേഷന്‍ കോടതിയുടെ വിധി വരാനിരിക്കെയാണ് പുതിയ വിവാദങ്ങള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.